പരിണാമഗുപ്തി 5-Parinamagupthi
04 April 2026 | Story

സുകുമാരന്‍ 48, ഹോട്ടല്‍ മാനേജര്‍
സിറ്റിംഗ് മുറിയുടെ ഒത്ത നടുക്കായിരുന്നു ബോഡി കിടന്നിരുന്നത്. ഇടത്തെ കൈത്തണ്ടയില്‍,കൈപ്പത്തിക്കും എല്‍ബോയ്ക്കുമിടയില്‍, നെടുനീളത്തില്‍ മുറിവുണ്ടായിരുന്നു. അതില്‍നിന്ന് രക്തപ്രവാഹമുണ്ടായതിന്റെ ചുവന്ന കൊഴുത്ത പാടുകള്‍.മുറിയില്‍ മല്‍പ്പിടുത്തം നടന്ന ലക്ഷണമില്ല. സാധനങ്ങളെല്ലാം ചിട്ടയോടും ശ്രദ്ധയോടെയും കിടക്കുന്നു. മെത്തയില്‍ ഒരു സ്യൂട്ടകേയ്‌സ് ഉണ്ടായിരുന്നു. നിലത്തു ഒരു വലിയ ട്രാവല്‍ ബാഗും ഉണ്ടായിരുന്നു. മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച കത്തി സമീപംതന്നെ അല്പം വശത്തേക്ക് തെന്നിമാറികിടക്കുന്നു. ഫോറന്‍സിക്‌ഫോട്ടോഗ്രാഫര്‍മാരും പോലീസ് സര്‍ജനും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. അതിനാല്‍ ഞാന്‍സൂക്ഷ്മതയോടെയാണ് ക്രൈംസീനില്‍ നിലകൊണ്ടത്.
കാഹിം എന്ന പോലീസുകാരനെ അല്പം ആരാധനകലര്‍ന്ന ഭാവത്തോടെ ഞാന്‍ നോക്കി.നാല്‍പ്പത്തഞ്ചു കഴിഞ്ഞ സുന്ദരനായ ഒരു യുവാവായിരുന്നു അയാള്‍. താടിയില്‍ നരവീണിരുന്നു. മുടിയുടെ ചെരിവുകളിലുംകൃതാവിന്റെ അറ്റത്തും നരവീണ മുടിയിഴകള്‍ തെറിച്ചു നില്ക്കുന്നു. കാഷ്വല്‍ വേഷമായിരുന്നു അയാള്‍ ധരിച്ചിരുന്നത്. നാലപ്പത്തിരണ്ടാം വയസ്സില്‍ വോളണ്ടിയര്‍ റിട്ടര്‍മെന്റെടുത്ത് അയാള്‍ സിനിമാ സംവിധായകനാകാന്‍ പരിശ്രമിക്കുകയാണെന്ന് പത്രവാര്‍ത്തകളിലൂടെ ഞാന്‍ മനസ്സിലാക്കിയിരുന്നു.
കാഹിം ഇബ്രാന്‍തിരക്കഥ എഴുതിയ 'ബോണ്‍ ക്രിമിനല്‍' എന്ന സിനിമയുടെ വര്‍ക്ക് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നു.അതിന്റെ പത്രവാര്‍ത്തയും അയാളുമായി ഒരു ഹൃസ്വമായ അഭിമുഖവും മലയാളത്തിലെ പ്രമുഖമായ പത്രം ഫീച്ചര്‍ ചെയ്തിരുന്നതും ഞാന്‍ താല്പര്യത്തോടെ വായിച്ചിരുന്നു.
'എന്താണ് താങ്കളുടെ നിഗമനം? പ്രഥമദൃഷ്ട്യാ, ഇതൊരു കൊലപാതകമോ, അതോ ആത്മഹത്യയോ..?'
സൂക്ഷ്മമായി പരിശോധിച്ച് ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്ത കാഹിം ഇമ്പ്രാനോട് ഡി.വൈ എസ് പി ശരത്ചന്ദ്രന്‍ചോദിച്ചു. വളരെ ഊര്‍ജ്ജസ്വലനായ ഒരു ചെറുപ്പക്കാരനായിരുന്നു ശരത്. ഞാനും ഹോട്ടല്‍ ജീവനക്കാരനായ മസ്ഹൂദ് എന്ന ബംഗാളിപ്പയ്യനും മാത്രമാണ് പുറത്തുനിന്ന് അവര്‍ക്കൊപ്പംഉണ്ടായിരുന്നത്.
-
'രണ്ടുമാവാം. ഏതായാലും ആത്മഹത്യ അവള്‍ അവസാനമായി എടുത്ത തീരുമാനമാകാനാണ് വഴി. അതിനാവട്ടെ ഹോട്ടല്‍ കിച്ചണിലെ കത്തിതന്നെയാണ് അവള്‍ ഉപയോഗിച്ചിരിക്കുന്നത്!'
പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ കത്തി കാഹിം ഉയര്‍ത്തിക്കാണിച്ചുകൊണ്ട് പറഞ്ഞു.
'അതെ. കൊലപാതകമാണെങ്കില്‍ ഘാതകന്‍ ഇതുനേരത്തെ അടുക്കളയില്‍ കയറി മോഷ്ടിച്ചതാകാനും മതി.' പിന്നെ തിരിഞ്ഞ് അയാള്‍ എന്നോട് ചോദിച്ചു. 'നിങ്ങള്‍ എല്ലാ ക്വാര്‍ട്ടേഴ്‌സിലെയും അടുക്കളയില്‍ ഇതേ കത്തിയാണോ ഉപയോഗിക്കുന്നത്?'
'അതെ സാര്‍.' ഞാന്‍ ഭവ്യത മുഖത്തുവരുത്തിപറഞ്ഞു.ചൈനയില്‍നിന്ന് ഇറക്കുമതിചെയ്ത്, നല്ല മൂര്‍ച്ചയുള്ള, ഒരു പ്രത്യേകതരം കത്തിയായിരുന്നു അത്.
'എങ്കില്‍ മറ്റൊരു മുറിയില്‍നിന്ന് ഇതെടുത്തതാകാനും മതി.'
കാഹിം ഇബ്രാന്‍ ആവര്‍ത്തിച്ചു.
'അതു കണ്ടുപിടിക്കാന്‍ ഒരു മാര്‍ഗമുണ്ട്‌സാര്‍. ഞാന്‍' ഭവ്യതവിടാതെ പറഞ്ഞു.'അടുക്കളയില്‍ ഒരെണ്ണം ഇരിപ്പുണ്ടോയെന്ന് പരിശോധിച്ചാല്‍ മതി.'
ഉടനെ പോലീസിലെഒരാള്‍ അകത്തേക്ക് പോകുകയും പരിശോധിച്ചശേഷം ഉടനെ മടങ്ങിവരികയും ചെയ്തു.
'അങ്ങനെ ഒരെണ്ണം അടുക്കളയില്‍ ഇല്ല സാര്‍.'
'റൈറ്റ്. അപ്പോള്‍ ഇതു ഈ ക്വാര്‍ട്ടേഴ്‌സില്‍ ഉപയോഗിക്കുന്ന കത്തിതന്നെ.അക്കാര്യത്തില്‍ സ്ഥിരീകരമായി.'
കാഹിം വിലയിരുത്തി.
അയാള്‍ അകത്തെ മുറിയിലേക്ക് കടക്കുകയും അതു നിരുപമയുടെ കിടപ്പുമുറിയാണെന്ന് കണ്ടു മെത്തയിലെ ടിക്കറ്റുകള്‍ സൂക്ഷ്മമായിനോക്കുകയും ചെയ്തു. പിന്നെ അവ ക്യാന്‍സല്‍ ചെയ്തിട്ടുണ്ടോയെന്ന് കൈയിലെ ഫോണില്‍, നെറ്റില്‍ പരതി പരിശോധിച്ചു. ഇല്ലെന്നതായിരുന്നു അയാള്‍ക്ക് കിട്ടിയ മറുപടി. അതൊന്ന് നിരുപമയുടെ പേരിലുള്ളതായിരുന്നു. മറ്റൊന്ന് നരേന്ദ്രന്റെ പേരിലുള്ളതും.
'ആരാണ് ഈ നരേന്ദ്രന്‍? അയാള്‍ ഇവിടെ താമസിച്ചിരുന്ന ആളാണോ?'
'അതെ സാര്‍.' ഞാന്‍ മറുപടി നല്കി.
'എവിടെ?'
'തേര്‍ഡ് ബോക്കില്‍. ഇന്നു രാവിലെയാണ് വെക്കേറ്റുചെയ്തുപോയത്.'
'എന്തായിരുന്നു കാരണം? ഈ മരണമായിരുന്നോ?'
'അറിയില്ല സാര്‍. നാലു ദിവസം ബാക്കിനില്‌ക്കെയാണ് അയാള്‍ വെക്കേറ്റു ചെയ്തത്. ചോദിച്ചപ്പോള്‍ ഭാര്യയും കുട്ടിയും വന്നിട്ടുണ്ടെന്ന് പറഞ്ഞു. പിന്നീട് ഞാനതു സ്ഥിരീകരിക്കുകയും ചെയ്തു.'
'എന്ത്?'
'അയാളുടെ ഭാര്യയും കുട്ടിയും വന്നിരുന്നു സാര്‍. ആ കുട്ടിക്ക് ജ•-നാ എന്തോ തകരാറുള്ളതുപോലെ തോന്നിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളെപോലെ ഒരു വിളര്‍ച്ചയുണ്ടായിരുന്നു മുഖത്ത്!'
'കുട്ടിക്ക് എത്ര പ്രായമുണ്ട്?'
'ഏട്ടുവസ്സോളം പ്രായം തോന്നിക്കും സാര്‍.'
ഉടനെ അയാള്‍ നരേന്ദ്രന്റെ അഡ്രസ്സും മറ്റും എടുക്കുന്നതിനു ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി വീണ്ടും ഇത്തിരി നേരം ചിന്താധീനനായി.
'നിങ്ങള്‍ എത്രകാലമായി ഇവിടെ?'
'മൂന്നു വര്‍ഷം'
'മുമ്പ് ഇതുപോലെ എന്തെങ്കിലും ഇന്‍സിഡന്റ്ഇവിടെ നടന്നതായി ഓര്‍മ്മിക്കുന്നുണ്ടോ?'
'ഇല്ല സാര്‍.'
'എവിടെയാണ് നിങ്ങളുടെ സ്ഥലം?'
'കോഴിക്കോടുതന്നെയാണ് സാര്‍. പുതിയറയിലാണ്തറവാട് വീട്.'
'ഇന്നലെ രാത്രി നിങ്ങള്‍ ഇവിടുണ്ടായിരുന്നുവോ?'
'ഉണ്ടായിരുന്നു.'
'എവിടെ?'
'മുകളില്‍ ഞങ്ങള്‍ക്ക് കിടക്കാന്‍ ചെറിയ ഒരു മുറിയുണ്ട്.'ഞാന്‍ ശബ്ദം അല്പം താഴ്ത്തി പറഞ്ഞു.'ഇവിടുണ്ടാകുമ്പോള്‍ ആ മുറിയിലാണ് കിടത്തം. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടില്‍ പോകുന്ന അവസരത്തില്‍മാത്രമാണ് ഇവിടെ ഇല്ലാതിരിക്കുന്നത്.'
'രാത്രിയില്‍എന്തെങ്കിലും അസ്വാഭാവികമായി കണ്ടെത്തിയിരുന്നോ? ഒന്ന് ആലചിച്ചശേഷം പറയു..'
'ശരിയാണ്.'ചിലതെല്ലാം ഓര്‍മ്മിച്ചെടുത്തുകൊണ്ട്ഞാന്‍ പറഞ്ഞു.
ഇന്നലെ പതിവില്ലാത്തവിധം ഒരു കാഴ്ച ഞാന്‍ കണ്ടിരുന്നു. നരേന്ദ്രനും മരണപ്പെട്ട നിരുപമയും ചുമലില്‍ സ്വയം ചാരി കാമുകീകാമുക•ാരെപോലെ കടലും നോക്കി നില്ക്കുന്നു. സായാഹ്നവെയില്‍ അപ്പോള്‍ അവരുടെ മുഖത്ത് വീണു കിടന്നിരുന്നു. ഓഫീസില്‍നിന്ന് ഒരു കടലാസെടുക്കാന്‍ പോകുന്ന വഴിയിലായിരുന്നു ഞാന്‍. രണ്ടാമത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബി. നായരാണ് ആ കാഴ്ച എനിക്ക് കാണിച്ചുതന്നത്. അതൊരു പുതുമയുള്ള കാഴ്ചയായി തോന്നാന്‍ കാരണമുണ്ടായിരുന്നു. നാലു ദിവസം മുമ്പാണ് നരേന്ദ്രന്‍ അവിടെ മുറിയെടുത്തത്. പിന്നീട് നിരുപമയും വന്നു. അവര്‍ പരിചയക്കാരായിരുന്നുവെന്ന കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നില്ല. ഇക്കാര്യമെല്ലാം ഞാനവരോട് തുറന്നുപറഞ്ഞു. കാഹിം തലകുലുക്കി എന്തോ ചിന്തയിലാണ്ടു.

ഹക്കിം ചോലയില്‍
എഴുത്തുകാരന്‍.