logo

സാധു പക്ഷ നിലപാടുയർത്തുന്ന കമ്മ്യൂണിസ്റ്റും ബുദ്ധപഥം തേടുന്ന കവിയും.A communist who supports the oppressed, and a poet in search of Buddha's path

20 May 2026 | Literature

സാധു പക്ഷ നിലപാടുയർത്തുന്ന കമ്മ്യൂണിസ്റ്റും ബുദ്ധപഥം തേടുന്ന കവിയും.A communist who supports the oppressed, and a poet in search of Buddha's path

സാധുപക്ഷ നിലപാടുയർത്തുന്ന കമ്മ്യൂണിസ്റ്റും, ബുദ്ധപഥം തേടുന്ന കവിയും

◼️ അഭിമുഖം

സത്യൻ മാടാക്കര/ഷറഫ് വി എം


ഒഞ്ചിയം മാടാക്കരക്കാരൻ . സിസി മാടാക്കരയുടെയും ശാന്തയുടെയും മകൻ. കടലും കടലോരവും കണ്ടുവളർന്ന സത്യൻ, അകമേ കവിത കിളിർത്ത് പൂവിട്ടൊരു വസന്തകാലത്ത് തുറയിൽ നിന്നും തുറയിലേക്ക് പുറപ്പെട്ടു.

മുപ്പത്തിയഞ്ച് സംവത്സരങ്ങൾ, ഒരായുസ്സിന്റെ പകുതിയും നല്ല കാലവും അതിജീവനം കാത്ത് അറേബ്യൻ തീരത്ത് നങ്കൂരമിട്ടുപോയ മലയാളത്തിൻറെ സർഗ്ഗയാനമിപ്പോൾ തിരിച്ച് മലയാളക്കരയണഞ്ഞിരിക്കുന്നു.

വ്യത്യസ്ത ലോകർ, ദേശ-ഭാഷകൾ. സാംസ്കാരിക വൈവിധ്യതയുടെ മേളനം. പരദേശികൾക്കും സ്വന്തം കവിതയിൽ ഇടം കൊടുത്ത കവി, തൻറെ കാഴ്ചപ്പരിധിയിൽ വന്നതെല്ലാം കവിതയിലാക്കി. കടലനുഭവങ്ങളുടെ സാക്ഷ്യസൂചകമായി കപ്പലും, കടലും, മീനുമെല്ലാം സത്യന്റെ കവിതകളിൽ നിരന്തരം വന്നു പോയി. പ്രവാസി മലയാളികൾക്കിടയിലെ അളവില്ലാത്ത സ്നേഹത്തിൻറെ കൊടുക്കൽ വാങ്ങലുകൾ, അകളങ്കമായ ആ സ്നേഹ വായ്പിനെ നോക്കിക്കൊണ്ട്; നിങ്ങളിലാണ് നടന്നുതീരാ പ്രത്യാശ, സ്നേഹ ജ്വാലയുടെ മാനവിക സഖ്യമെന്നെഴുതിയ കവി, അറേബ്യൻ കവിതകളിലേക്കും കവികളിലേക്കും അനുഭാവപൂർവ്വം നമ്മുടെ ശ്രദ്ധയെ ക്ഷണിച്ചു. അറേബ്യൻ ഗോത്ര ജീവിതങ്ങളെ നിരീക്ഷിച്ചും പഠിച്ചും സൈകതിക ചരിതം ചമച്ചു. നീണ്ട വർഷങ്ങളുടെ അനുഭവ ഗാഥകൾ നെഞ്ചിലൊളിപ്പിച്ച് അറേബ്യൻ തീരം വിടുമ്പോൾ സർഗ്ഗ സമ്പാദനമായി സത്യന് സ്വന്തമെന്ന് പറയാൻ ആത്മസംഘർഷങ്ങളുടെ മഷിപ്പകർപ്പുകളായി പത്തിലധികം കൃതികൾ. എല്ലാം പ്രവാസം കൊടുത്ത ദാനപ്പെരുപ്പങ്ങൾ.

സ്വന്തം കവിതകളെക്കുറിച്ച് അപദാനങ്ങൾ പാടാനറിയാത്ത കവി, തൻറെ കവിതകളെല്ലാം പൊളിറ്റിക്കൽ ഹ്യൂമാനിറ്റി തേടുന്നവയാണെന്ന് ഒറ്റവാക്കിലൊതുക്കുമ്പോൾ അതിലെല്ലാം അടങ്ങിയിട്ടുണ്ട്. മനുഷ്യാവസ്ഥയുടെ ദൈന്യമുഖങ്ങൾ പലമട്ടിൽ കടന്നുവരുന്നതാണ് സത്യന്റെ കവിതകളെന്ന കവി വീരാൻകുട്ടി മാഷിൻറെ നിരീക്ഷണവും പ്രസക്തമാണിവിടെ. കവിയും കവിതയും രണ്ടല്ലെന്ന് പറയുന്ന സത്യന്റെ കവിതകളിൽ പക്ഷേ, വൈയക്തികതയുടെ അടയാളം തെല്ലുമേ കാണാനാവില്ല. കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിർമ്മിക്കുന്നില്ല, ആദർശ ചിഹ്നങ്ങൾ, മഴ പെയ്തില്ല മയിലും വന്നില്ല തുടങ്ങി കവിതകളെല്ലാം സമൂഹവുമായി സംവദിക്കുന്നവയാണ്, അല്ലെങ്കിൽ സാമൂഹിക പ്രസക്തി വിളിച്ചോതുന്ന രചനകളാണ്. ചില സന്ദർഭങ്ങളിലെങ്കിലും വൃത്താധിഷ്ഠിത രീതിയിലേക്ക് പോയെങ്കിലും സത്യനെന്നും ആധുനികതക്കൊപ്പം സഞ്ചരിച്ചു. ബിംബരപതകൊണ്ട് സൃഷ്ടിച്ചെടുത്ത കവിതകളിൽ കാല്പനികതയുടെ നിഴലനക്കങ്ങൾ പോലുമില്ല.പരിസ്ഥിതി, കുടിയേറ്റ മലയാളിയുടെ അതിജീവനം, അരികുവൽക്കരണം, അറബ് സംസ്കാരം ഇങ്ങനെ വ്യതിരിക്ത പ്രമേയങ്ങളെ സംബോധന ചെയ്യുന്ന, ആർജ്ജവത്വമുള്ള, മാനവിക പ്രാധാന്യം ഉയർത്തിക്കാട്ടിയുള്ള രചനകളേതും ഒരർത്ഥത്തിൽ പ്രതികരണശേഷി നശിച്ചുകൊണ്ടിരിക്കുന്ന ഞാനും നിങ്ങളുമടങ്ങുന്ന സമൂഹത്തിനായുള്ള ഉണർത്തുപാട്ടുകളാണ്. ചോദ്യങ്ങൾ വിഴുങ്ങി മരിച്ചു പോകുന്നതിലും ഭേദം, ചോദ്യത്തിന്റെ കത്തിയേറിൽ നിൽക്കലാണെന്നെഴുതിയ സത്യനെന്ന കവിയിൽ നിർഭയനായൊരു പോരാളിയുണ്ട്.ആ അർത്ഥത്തിൽ നോക്കിയാൽ സത്യന് കവിത പോരാട്ടത്തിന്റേതുകൂടിയാണ്. മാർക്സിനെ വായിച്ചവർക്ക് തൊഴിലാളി വർഗ്ഗ ഉള്ളടക്കത്തിൽ നിന്നും മാറി നിൽക്കാനാവില്ലെന്നും അതറിയണമെങ്കിൽ നെരൂദെയ, സാർത്രിനെ, എം എൻ റോയിയെ, സരോ വീവയെ വായിക്കണമെന്ന് പറയുന്ന സത്യനെന്ന ഈ കമ്മ്യൂണിസ്റ്റ് കവി പക്ഷേ, ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കുമ്പോഴും , പാർട്ടി ലൈനിനോട് ചേർന്ന് സഞ്ചരിക്കുന്നയാളാണെന്ന് ധരിച്ചാൽ അവിടെ തെറ്റി. യോജിച്ചും വിയോജിച്ചുമുള്ള ഒരു സമീപനമാണ് തനിക്ക് പാർട്ടിയോടുള്ളതെന്ന് സത്യൻ പറയുന്നു. അതിനദ്ദേഹത്തിൻറെതായ വിശദീകരണവും ഉണ്ട്; “പാർട്ടിയുടെ ചട്ടക്കൂടിനുള്ളിലെ സ്വാതന്ത്ര്യത്തെക്കാൾ നമ്മൾ നമുക്കായി സൃഷ്ടിക്കുന്ന ചട്ടക്കൂടിനുള്ളിലെ സ്വാതന്ത്ര്യത്തിന് മൂല്യം കാണുന്ന ഒരാളാണ് ഞാൻ”.എം ഗോവിന്ദൻറെ ശിഷ്യനിലേക്ക് ഗോവിന്ദൻറെ ചിന്താധാര പടർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

നേർക്കുനേർ പറഞ്ഞാൽ, ആശയവ്യതിയാനം സംഭവിച്ചൊരു കമ്മ്യൂണിസ്റ്റ്. (ഇങ്ങനെയൊരു വിശേഷണം സത്യനുമേൽ ചാർത്തിയാൽ അദ്ദേഹം വടിയെടുത്ത് വരുമെന്നൊന്നും തോന്നുന്നില്ല) ടിപി സിപിഎമ്മിലുള്ള കാലം, 51 വെട്ടിന് ടിപി കീഴടങ്ങും മുൻപ്, ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. സിപിഎമ്മുമായി വിയോജിച്ച് നിൽക്കെ പുറത്തുകടക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകവേ തനിക്കൊപ്പം കൂടാനായി ടിപി ക്ഷണിച്ചവരിൽ സത്യനും ഉണ്ട്. സത്യൻ പക്ഷേ, ടി പിക്കും വഴങ്ങിയില്ല. (കലാകാര മനസ്സുള്ളവർ ഒരു ചട്ടക്കൂടിലും ഒതുങ്ങിനിന്നതായ ചരിത്രമില്ലല്ലോ) .അതേസമയം, സത്യനിലെ കവി ടി പിക്ക് ശേഷം വെട്ടുരാഷ്ട്രീയത്തോടുള്ള തൻറെ കടുത്ത വിയോജിപ്പും പ്രതിഷേധവുമെല്ലാം “ആദർശ ചിഹ്ന”ത്തിൽ രേഖപ്പെടുത്തുകയുണ്ടായി:

കൊന്നു തിന്നുന്ന തിരക്കിൽ

ഒരുപാട് വീടിൻറെ

അടുപ്പുകെട്ടിരിക്കുന്നു

ഏതു കൊടിക്ക് തണുപ്പകറ്റാനാവും

മരണവീടിൻറെ നിലവിളി

🕳️

വിപ്ലവത്തിൻറെ നാട്,ചോരവീണുറഞ്ഞ മണ്ണാണ് ഒഞ്ചിയം. കർഷകർക്കു വേണ്ടി ജീവത്യാഗം ചെയ്തവരെ സ്മരിച്ചുകൊണ്ടുള്ള സത്യന്റെ ഒഞ്ചിയം രേഖകളിൽ മണ്ടോടി കണ്ണൻ ചെങ്കൊടിയേന്തി മുൻപിലുണ്ട്. ഒഞ്ചിയത്തെ ചെഗ്വേരക്ക് ചുവപ്പനഭിവാദ്യർപ്പിച്ച് സത്യനെഴുതിയതിങ്ങനെ:

രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്

മണ്ടോടി കണ്ണൻ

ഒഞ്ചിയത്തെ കവിത കേൾക്കുന്നു

രാഷ്ട്രീയ കടലിൽ ഇറങ്ങി

തീപിടിച്ചത് വാരിയെറിയുന്നു

കടലിനെ വിട്ടുപോകാത്ത രാഷ്ട്രീയ ദൂരം

വിട്ടു പോകാതെ

ഉൾവലിയാതെ എന്നിൽ

സിന്ദാബാദ് വിളിക്കുന്നു

അതെ, ഉയരെ ഉയരെ പാറിയിരുന്ന ചെങ്കൊടി കാറ്റിൽ താണു പാറക്കുന്നു. മണ്ടോടി കണ്ണൻ ഇങ്കിലാബ് വിളിക്കുന്നു.

തൻറെ പൂർവ്വഗാമികളെ എഴുത്തിലും ജീവിതത്തിലും പിടിവിടാതെ പിന്തുടരുന്ന കവികൂടിയാണ് സത്യൻ. നെഞ്ച് തുറന്നാൽ ചുവപ്പു മാത്രം കാണാൻ കഴിയുന്ന, രാഷ്ട്രീയത്തിൽ പ്രത്യക്ഷമായി ഇടപെടാനുള്ള ഭയമോ ത്രാണില്ലായ്മയോ എന്നെ ബാധിക്കുന്നില്ലെന്ന് പറയുന്ന ഇടതുപക്ഷ ധാരയുടെ പോരാളി, തൻറെ നിലപാട് തറയിൽ നിന്നുകൊണ്ടു പറഞ്ഞ് ആദർശ രാഷ്ട്രീയമത്രയും ഇടതു ചേർന്നു നിൽക്കുന്നവരെ നോക്കിക്കൊണ്ട്. കൂട്ടത്തിൽ, തൻറെ കവിതകളുടെ ഉള്ളറകളിലേക്കും കവിതകൾ വന്ന വഴികളിലേക്കുമൊക്കെ കൂട്ടിക്കൊണ്ടുപോയ കവി ഗൾഫ് പ്രവാസം തന്റെ ചിന്തകളേയും എഴുത്തിനെയും ഏതെല്ലാം രീതിയിൽ രൂപപ്പെടുത്തി എന്നും പറയുകയുണ്ടായി. സത്യന്റെ വാക്കുകളിലേക്ക്;

⭕വിപ്ലവ മണ്ണിൽ നിന്നും മരുഭൂ ദേശത്തേക്കാണ് ജീവിതം പറിച്ചു നടപ്പെടുന്നത്. ഉള്ളിലപ്പോഴും ചുവപ്പൻ പതാക പാറിക്കളക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റാണ് , കവിയാണ്. വിപ്ലവ ജ്വാലയുമായി ചെന്നുപെടുന്നതോ അറേബ്യയിൽ. അറേബ്യ ശാന്തമാണ്. പ്രക്ഷുബ്ദതയിൽ നിന്നും പ്രശാന്തതയിലേക്കുള്ള ഈ ചേക്കേറലിനെ കുറിച്ച് പറഞ്ഞുകൊണ്ട് നമുക്ക് തുടങ്ങാം. ചെന്നുപെട്ട ഇടവുമായുള്ള ഒരു പൊരുത്തപ്പെടൽ ഉണ്ടല്ലോ അതെങ്ങനെയാണ്?

പുറത്താക്കലിന്റെ വേവ് വലുതാണെന്നോർക്കണം. അതിനിടവരുത്തരുതല്ലോ. അപ്പോൾ എത്തിച്ചേരുന്ന നാടിനോട് ഒത്തുപോകുന്ന വിധത്തിലേക്ക് നമ്മുടെ ജീവിതം ക്രമീകരിക്കേണ്ടതുണ്ട്. അവിടെ നമ്മുടെ പ്രത്യയശാസ്ത്രം, ഐഡിയോളജി ഒന്നിനും പ്രസക്തിയില്ല. സത്യസന്ധത മുറുകെപ്പിടിച്ച് നിശബ്ദത പാലിച്ചേ പറ്റൂ. ഇതെല്ലാവർക്കും ബാധകമാണ്, എല്ലാവരും ഓർത്തിരിക്കേണ്ടൊരു കാര്യവുമാണ്.

⭕80കളിലാണ് താങ്കൾ യുഎ ഇയിലെത്തുന്നത്, ആദ്യ കൃതി “മണൽ” വരുന്നതും അവിടെവച്ചാണ്. മണലിനെ കുറിച്ച്…?

വളരെ മുൻപ്, 80കൾക്ക് മുൻപെഴുതപ്പെട്ട കവിതകൾ, അതിനു ശേഷം വന്ന കവിതകളെല്ലാം ചേർത്ത് വടകര ആരണ്യകം ബുക്സ് ആണ് മണൽ പ്രസിദ്ധീകരിക്കുന്നത്. വിതരണം കൊടുങ്ങല്ലൂർ പുസ്തക പ്രസാധക സംഘം. നാണുവിന്റെ ഇഷ്ടവൃത്തമായ അനുഷ്ടിപ്പ് വൃത്തത്തിൽ, കേകയിലാണ് ഇതിലുള്ള ചില കവിതകളൊക്കെ. പ്രതിഷേധം, മരണം, യുദ്ധം, പ്രേമം, അമ്മ ഇങ്ങനെ പലതരത്തിലുള്ള ജീവിതത്തിന്റെ ഏകോപനം കവിതകളിൽ കാണാനാവും. എന്നാൽ അസ്ഥിത്വ വാദമെന്ന ക്ലീഷേയിലേക്കൊന്നും കടക്കാതെ ജനാധിപത്യ സാക്ഷാത്കാരം തേടുന്നതായിരുന്നു മിക്ക കവിതകളും.

. ⭕ഗൾഫ് കുടിയേറ്റത്തെക്കുറിച്ചും അതിജീവനത്തെ കുറിച്ചുമൊക്കെ താങ്കളെഴുതിയിട്ടുണ്ട്. എന്നാൽ, ഭൗതികതയിലപ്പുറം മലയാളിക്ക് ഗൾഫ് പശ്ചാത്തലത്തിൽ നിന്നും നേടാനായത് എന്താണ്? അതായത് മനുഷ്യനെ മനുഷ്യനാക്കുന്നതിൽ ഗൾഫ് നാടുകൾ കുറെയൊക്കെ സഹായകമായിട്ടുണ്ട് എന്നൊരു ചിന്തയിൽ നിന്നുള്ള ചോദ്യമാണിത്.

ഇതിൽ എനിക്ക് തോന്നിയിട്ടുള്ളത്, ഗൾഫ് കുടിയേറ്റം മലയാളിയിൽ സാധിപ്പിച്ചത് അവനവനിലെ കീഴാളത കടലിൽ ഒഴുക്കി എന്നാണ്. ന്യൂനപക്ഷ സമുദായം വിദ്യാഭ്യാസം, വീട്, ഭാഷ, ഇടപെടൽ എന്നതിലൊക്കെ മികച്ചവരായത് ഗൾഫ് കൊണ്ടുതന്നെയാണ്.

⭕”വീടിപ്പോൾ ഒരു പിഞ്ഞാണം കറി വിളമ്പുന്നു” എന്നെഴുതിയിട്ടുള്ളത്” പ്രവാസ വീടിൻറെ ആത്മകഥ”യിലാണ്. പ്രവാസികൾക്കിടയിലെ സ്നേഹ

സാഹോദര്യത്തിന്റെ കൃത്യമായൊരു ചിത്രം ഈയൊരൊറ്റ വരിയിൽ അടങ്ങിയിട്ടുണ്ട്. ഈ കവിത വന്ന വഴിയെക്കുറിച്ച്…?

വീട്, അടുക്കള ഇതെല്ലാം ഇവിടെ നാടുവിട്ടെത്തുന്ന പഠാണിക്കും, ഫിലിപ്പിനോക്കും, പാക്കിസ്ഥാനിക്കും, സുഡാനിക്കും ഒന്നാണ്. മെസ്സ് റൂമിൽ ഒരു കൈയിലിൽ വിളമ്പുന്നു. എല്ലാവർക്കും ഒരേ ഖുബുസ്, ഒരേ വെള്ളം ഇത് അറേബ്യൻ ഇസ്ലാമിന്റെ സമഭാവനയുടെ സംഭാവനയാണ്. ഈ പറഞ്ഞ കവിതയുടെ തൊട്ടു താഴെ വരുന്ന വരികളും നോക്കണം;

നിങ്ങളിലാണ് നടന്നതീരാ പ്രത്യാശ, സ്നേഹ ജ്വാലയുടെ മാനവികസഖ്യം, സംശുദ്ധിയുടെ കുളിരുകോരും ഒഴുക്ക്…

വീട് വിട്ട് ഗൾഫിലെത്തുന്ന പ്രവാസികളുടെ ജീവിതം അവരിൽ ഒരാളായി നിന്നു കാണുമ്പോൾ ഉള്ളിലുണ്ടായിട്ടുള്ള ആനന്ദത്തിൽ നിന്നാണ് ഈ കവിത ഉണ്ടായിട്ടുള്ളത്.

⭕ലോകത്തുള്ള മനുഷ്യരെല്ലാം ഒന്നുചേരുന്ന ഇടമാണല്ലൊ ജിസിസി രാജ്യങ്ങൾ. നീണ്ട വർഷങ്ങൾ ഗൾഫിൽ ചെലവഴിച്ച താങ്കൾക്ക് അടുത്തും കണ്ടും പരിചയപ്പെട്ട മനുഷ്യരിൽ നിന്നും കിട്ടിയിട്ടുള്ള ഒരു ജീവിത പാഠം കാണുമല്ലോ?

നല്ല മനുഷ്യനാവുക എന്നത് ആർക്കും പറഞ്ഞുപഠിപ്പിക്കാവുന്ന ഒന്നല്ല. പഴമക്കാർ മനുഷ്യത്വം വേണമെന്ന് പറഞ്ഞത് ശ്രദ്ധിക്കുക. അറബികൾ, മറ്റ് അറബ് ദേശക്കാർ, ഇംഗ്ലീഷുകാർ ഇവരുമായിമുള്ള 35 കൊല്ലക്കാലത്തെ ഇടപഴകൽ എന്നെ പഠിപ്പിച്ചത് നല്ല മനുഷ്യനാവുക എന്നതാണ്. എൻറെ മക്കളിപ്പോൾ അവിടെ ജോലി ചെയ്യുന്നുണ്ട്. അവരോടും ഞാനിതെപ്പോഴും ഓർമ്മിപ്പിക്കാറുണ്ട്.
⭕വിസ്മയം ജനിപ്പിക്കുന്ന ഒന്നാണ് മരുഭൂമി കാഴ്ചകൾ.”കടലിൽ കാലിറക്കി വെയില് കായുന്ന വൻമരം”ഇങ്ങനെ ഒരു പ്രയോഗം “തുറന്നുകാട്ടൽ” എന്ന കവിതയിൽ ഉണ്ട്. ഏറെക്കുറെ ഇതിന് സമാനമായ കാഴ്ച “മരുഭൂമിയുടെ ആത്മകഥ”യിൽ മുസഫർ അഹമ്മദ് വിദൂരതയിൽ ജലദർശനം കാണുന്നുണ്ട്. മരുഭൂമിയുടെ ഈ കൺകെട്ടിനെക്കുറിച്ച്...?

മരുഭൂമി ജീവിതം തന്നെ മാജിക് ആണ്. ആയിരത്തൊന്ന് രാവുകൾ വായിച്ചാലറിയാം അതിൻറെ മാന്ത്രികത.

⭕മേതിൽ രാധാകൃഷ്ണൻ കൊച്ചുബാവ, ബാബു ഭരദ്വാജ് ഒരു സമയം പ്രവാസികളായിരുന്ന ഇവരുടെയൊക്കെ ഇടപെടൽ മലയാളത്തിന് അംഗീകരിക്കാൻ പിശുക്കുണ്ടെന്ന് താങ്കളെഴുതിയിട്ടുണ്ട്. അതേസമയം ഈ ആക്ഷേപം ഉയർത്തിയ സത്യൻ മാടാക്കരയുടെ എഴുത്തിന് വേണ്ടത്ര ശ്രദ്ധേയോ പരിഗണനയോ കിട്ടിയതായി തോന്നുന്നുമില്ല. കവിയായിപ്പോയി എന്നതാണൊ താങ്കൾക്കുള്ള കുറവ്?

കവി എന്ന നിലയിലുള്ള ഒരു സ്പേസ് എനിക്കുണ്ട്, അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പിന്നെ സ്വയം പ്രചരണം ആഗ്രഹിക്കുന്ന ഒരാളല്ല. പ്രശ്നം എന്താണെന്ന് വച്ചാൽ; എന്നും പുറത്തായതുകൊണ്ട് നാട്ടു കൂട്ടായ്മകളിൽ നമ്മുടെ അസാന്നിധ്യമുണ്ട്. അതായത് മലയാള അരങ്ങുകളിൽ ഞാൻ ഉണ്ടായിരുന്നില്ല. എന്നാലും അടുത്തിടെ എന്റെ കവിതകളിലെ കപ്പൽ, തുറമുഖം എന്നിവയുടെ സ്വാധീനത്തെ മുൻനിർത്തി ചിലർ പഠനം നടത്തിയിട്ടുണ്ട്. അതിലൊന്നും വലിയ കാര്യമുണ്ടെന്നും തോന്നുന്നില്ല. മനുഷ്യപക്ഷം കൈവിടാതിരിക്കുക എന്നതാണല്ലോ കാവ്യ പക്ഷം.

⭕ കൃതികളിലെ കപ്പലിന്റെയും മീനിന്റെയുമൊക്കെ സ്വാധീനത്തെക്കുറിച്ച് പറഞ്ഞല്ലോ , ഈയൊരു വിഷയം, അതായത്,കവിതകളിൽ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന കടലിന്റെയും, കപ്പലിന്റെയും, മീനിന്റെയുമൊക്കെ രഹസ്യമെന്താണ്?

എല്ലാവരോടും പറഞ്ഞിട്ടുള്ളത് ഇവിടെയും പറയാം; ഒരു സാധു ചിന്തയെന്ന നിലക്കാണ് കവിതയിൽ മീൻ കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്നത്. ഞാനൊരു കമ്മ്യൂണിസ്റ്റുകാരൻ കൂടിയാണ്. അപ്പോൾ സാധുപക്ഷ നിലപാടിനെ ശക്തിപ്പെടുത്തേണ്ട രൂപകമായിട്ടാണിവിടെ മീൻ വരുന്നത്. തീർച്ചയായും ഈയൊരു രീതിക്ക് പ്രാധാന്യമുണ്ട്.

ഇനി കപ്പലിനെ കുറിച്ച് പറഞ്ഞു വന്നാൽ; മലയാളത്തിൽ പരിചിതമല്ലാത്ത ഒന്നാണ് കപ്പൽ എന്ന രൂപകം. എന്നാൽ നാരായണഗുരു അടക്കം പലരും ആത്മീയതലത്തിൽ കപ്പൽ പ്രമേയമാക്കി എഴുതിയിട്ടുണ്ട്. ഞാൻ അതിൻറെ പൊളിറ്റിക്കൽ വശമാണ് പറയാൻ ശ്രമിച്ചിട്ടുള്ളത്, അല്ലെങ്കിൽ ജനപക്ഷ നിലപാട് എന്ന നിലയിൽ കവിതയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ളത്. മലയാളത്തിൽ മറ്റാരെങ്കിലും ഇത് കൊണ്ടുവന്നതായി അറിവില്ല. ഞാനഹങ്കരിക്കുകയല്ല. ഞാനൊരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ഇന്നല്ലെങ്കിൽ നാളെ പഠിക്കുന്നയാളുകള് ഇതൊക്കെ കണ്ടെത്തുക തന്നെ ചെയ്യും.

⭕ ചുമരെഴുത്ത് ത്രസിപ്പിച്ചത്

കൊടികൾ വീര്യം നിറച്ചത്

ആർക്ക് വലുതാകാനായിരുന്നു

നിറം എന്നോട് തർക്കിച്ചുകൊണ്ടിരുന്നു

അധികാര രാഷ്ട്രീയത്തെ ഉന്നംവെച്ചെഴുതിയിട്ടുള്ള ഈ കവിത “ആദർശ ചിഹ്ന”ത്തിലേതാണ്. ഇതൊന്നു കൂടി വിശദീകരിക്കാമോ?

രാഷ്ട്രീയം ഇല്ലാതെയുള്ള ജീവിതം സാധ്യമല്ല എന്ന് തോന്നിയിട്ടുണ്ട്.എന്നാലത് ഗാന്ധിജിയെപോലെ കൊണ്ടുനടക്കണം. അധികാരം എന്നതിനപ്പുറം ജനക്ഷേമത്തിന് പ്രാധാന്യം ഉണ്ടാവണം. ഇപ്പോളിത് അതിൽ നിന്നൊക്കെ മാറി പണാധിപത്യത്തിൽ എത്തിനിൽക്കുന്ന ഒരവസ്ഥ ഉണ്ടായിട്ടുണ്ട്.പൗരനെ ഉപഭോക്താവ് എന്ന കള്ളിയിൽ നിർത്തുന്നതിനോടാണ് എൻറെ വിമർശനം.

⭕ താങ്കളൊരു കമ്മ്യൂണിസ്റ്റാണ്, മൂത്ത കമ്മ്യൂണിസ്റ്റെന്നും പറയാം. ഇങ്ങനെയുള്ള വിമർശനങ്ങൾ താങ്കൾക്ക് സാധ്യമാകുന്നതും അതുകൊണ്ടുതന്നെയാണ്. പറഞ്ഞുവരുന്നത്; ഒരു കമ്മ്യൂണിസ്റ്റിന് ഗാന്ധി സ്വീകാര്യമാകുന്നതെങ്ങനെ എന്നാണ്?

മാർക്സും ഗാന്ധിയും മനുഷ്യന്റെ ഇസമല്ല, മറിച്ച് നിലനിൽപ്പിന്റെ രാഷ്ട്രീയമാണ് നമുക്ക് തന്നത്. അതുകൊണ്ടാണ്ട് രണ്ട് പ്രത്യശാസ്ത്രധാരകൾ എന്ന നിലക്ക് നമുക്ക് പഠിക്കാം. അതായത്, മാനവികതയിലെ മാക്സ്, ഗാന്ധി ഇവിടെ ഒരു വേറിടൽ ആവശ്യമില്ല.

⭕”തിങ്ക് ഗ്ലോബലി ഏക്റ്റ് ലോക്കലി” വെട്ടുരാഷ്ട്രീയത്തെ അപലപിച്ചുള്ളതാണ്. പരസ്പരമുള്ള ഈ കൊന്നുതീർക്കലിനെ കുറിച്ച്…?

ഇന്നിപ്പോൾ ഇതിനൊക്കെ വലിയ മാറ്റം വന്നിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞിട്ടുണ്ട് . പിന്നെ അധികാരം, കീഴടക്കൽ അത് മൃത്യുവാഞ്ഛയിലേക്ക് മനുഷ്യനെ എത്തിക്കുന്നുണ്ട്. ഗോത്രകാലം മുതലേ ഉള്ളതാണിത്. സാധുധർമ്മം വഴിതെറ്റിയപ്പോഴാണ് ബുദ്ധപഥം ചിതറിപ്പോയത്. മനുഷ്യനിലെ അപരത്വ വിദ്വേഷം തീരാത്തിടത്തോളം ഇത് തുടർന്നുകൊണ്ടേയിരിക്കും.

⭕ ഒരു ചോദ്യം കൂടി, ഇതോടെ നമുക്കിത് അവസാനിപ്പിക്കാം;ചോദ്യങ്ങൾ വിഴുങ്ങി മരിക്കുന്നതിലും ഭേദം ചോദ്യത്തിന്റെ കത്തിയേറിൽ നിൽക്കലാണെന്ന് ഒരു കവിതയിൽ എഴുതിയിട്ടുണ്ട്. ഏതൊരു പ്രസ്ഥാനത്തിനു മുൻപിലും നമ്മളേറാൻ മൂളികളാവരുത് എന്നൊരോർമ്മപ്പെടുത്തലാണ് ഈ കവിതയെന്ന് മനസ്സിലാക്കുന്നു…?

. ഒരു പ്രത്യേക സാഹചര്യത്തിൽ നിന്നൊന്നും ഉരുത്തിരിഞ്ഞതല്ല ഈ കവിത .ഇതൊക്കെ പറയിപ്പിക്കുന്ന ഒരു കാലത്തിലൂടെയാണല്ലോ നമ്മൾ ജീവിക്കുന്നത്. മേൽക്കോയ്മയുടെ നിഴൽക്കാലമല്ല, തിരിച്ചറിവിൻറെ വസന്തമാണ് പുതു യൗവനത്തിൻ്റെ സ്വതന്ത്ര ഇച്ഛ. ആശയത്തിന് അപചയം സംഭവിച്ചാൽ വിളിച്ചുപറയലാണ് രണധീരത. ഒരാശയം അല്ലെങ്കിൽ ഏകവചനം സമർത്ഥിക്കുന്നത് ബഹുസ്വരത ആട്ടിപ്പായിക്കലാണ്. ഇവിടെ ശങ്കരപ്പിള്ള പറഞ്ഞത് സാന്ദർഭികമായി ഓർക്കാം; സ്മരണകളും സ്മാരകങ്ങളും അല്ല, കാലഗതിയെ തടഞ്ഞു നിർത്തുന്നത്, മറവിയും ചണ്ടിയുമാണ്.

🕳️കമ്മ്യൂണിസ്റ്റ് കുടുംബം

കമ്മ്യൂണിസ്റ്റ് കുടുംബമാണ് സത്യൻറേത്. എഴുത്തും വായനയും അറിയാത്ത അമ്മ ശാന്ത, അരിവാൾ ചുറ്റിക നക്ഷത്രം കണ്ടാൽ വായിക്കുമെന്ന് മകൻ. അച്ഛൻ സിസി മാടാക്കര 47 ലെ ഒഞ്ചിയം രക്തസാക്ഷി വെടിവെപ്പിനൊപ്പം സഞ്ചരിച്ച സഖാവാണെന്ന് സത്യൻ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് നോവലുകെഴുതി പ്രകാശിപ്പിച്ച സിസി മാടാക്കര വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയൊരു നോവലിസ്റ്റാണ്. കെ എ കേരളീയന്റെ “കൃഷിക്കാരൻ” മാഗസിനിലെ മദിരാശി ലേഖകനായും സിസി പ്രവർത്തിച്ചിട്ടുണ്ട്. ഗൃഹപരിപാലനത്തിൽ തികച്ചും സ്വതന്ത്ര ചുമതലയുള്ള ഗ്രീഷ്മയാണ് സത്യന്റെ നിത്യകൂട്ട്. അന്യദേശത്ത് കഴിയുന്ന ഗാർഗിയും, മേഘ്നയുമാണ് മക്കൾ. മേഘ്ന അച്ചനൊപ്പം കവിതയിലുണ്ട്.

സത്യൻ മാടാക്കര/ഷറഫ് വി എം

സത്യൻ മാടാക്കര/ഷറഫ് വി എം

കവിയും എഴുത്തുകാരനും

Share this post

Reviews

No reviews yet