പെൺ കവിത.A Woman's Poem
11 June 2026 | Poetry
.jpeg)
പെൺകവിത
ഗൂഢലിപികളാൽ
എഴുതിയ
കവിതകളാണ്
പെണ്ണുങ്ങൾ..
പഞ്ചേന്ദ്രിയങ്ങളാൽ
കണ്ട്
കേട്ട്
തൊട്ട്
മണത്ത്
രുചിച്ച്
അറിയേണ്ടുന്ന
കവിതകൾ..!
വായിക്കുമ്പോൾ ശ്രദ്ധിക്കുക,
വരികളിലല്ല
വരികൾക്കിടയിലാണ്
അവളുടെ
മനോരഥങ്ങളുടെ
ഒളിയിടങ്ങൾ..
നിഗൂഢമായ
പ്രണയ ഖനികളുടെ
വഴിയടയാളങ്ങൾ..
ഉള്ളുണങ്ങാത്ത മുറിവിന്റെ
മായാഭൂപടങ്ങൾ..
ആശയടക്കം
ചെയ്തുപേക്ഷിച്ച
താക്കോലുകൾ..
വിരഹിച്ചവളുടെ
വിതുമ്പലുകൾ..
വിഷാദിയുടെ
ഒറ്റയാൾ കലഹങ്ങൾ..
ഉള്ളിലേക്കൊഴുകിയ
ഉറവപ്പാടുകൾ...
കൊടുക്കൽ വാങ്ങലുകളുടെ
പറ്റെഴുത്തുകൾ..
ഉള്ളറിഞ്ഞു വായിക്കാതെ,
അർത്ഥമറിഞ്ഞ്
ചൊല്ലാതെ,
പകുതിയ്ക്ക്
നിർത്തി,
വെറുതെ..
വെറും വെറുതെ
അലസമായ്
നിങ്ങളുപേക്ഷിക്കുന്നു
പ്രാസമൊപ്പിച്ച്,
രൂപകങ്ങളാൽ ചമയിച്ച
പെൺകാവ്യങ്ങൾ..

ഷീബ പ്രസാദ്
കവി
Share this post
Reviews
No reviews yet