ഭിക്ഷുണി i
03 April 2026 | Literature
.jpeg)
ആകാശം കാർമേഘാവൃതമായിരുന്നു. കത്തുന്ന പകലിന്റെ കനലുകളെരിഞ്ഞു ചാരമായ അസ്ഥിപഞ്ജരങ്ങൾ മഹാനദിയിൽ നിമഞ്ജനമാകുവാൻ ഇനി നാഴികകൾ മാത്രം ബാക്കിയാകുകയാണ്. ഇന്നലെകളുടെ പരിണാമങ്ങളിൽ, പശിമയുള്ള വളക്കൂറുള്ള കൃഷിയിടങ്ങളിൽ വിനാശം വിതച്ച മഹാനദി ഇന്ന് മൗനമായി ഒഴുകുകയാണ്. സാന്താൾ ഗ്രാമങ്ങളിൽ പുക ഉയരുന്നില്ല. കുടിലുകളിൽ ശരണമന്ത്രങ്ങൾ മാത്രം. ബോധിഗയയിൽ കർമ്മയോഗിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടു നൂറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞു. ഇന്നലെവരെ വളക്കൂറുള്ള മണ്ണടരുകളിൽ പൊട്ടിമുളച്ച വിത്തുകളിൽ ഒരു മുളപോലും പുതുതായി ഇന്ന് നാമ്പെടുക്കുന്നില്ല. ഉത്കൃഷ്ടചാതുർസത്യമോ, അഷ്ടമാർഗ്ഗങ്ങളോ ത്യജിച്ച യാത്രകളിൽ സ്വയം സത്യധർമ്മത്തിലേക്കു ബോധിദീപ്തനായത് ആത്മാവിന്റെ മോക്ഷപ്രാപ്തിക്കുവേണ്ടി മാത്രമായിരുന്നില്ല. പരിപൂർണ്ണനായും ഉത്‌ബോധിതനായവൻ.. പൂർണ്ണ ജ്ഞാനത്തിൽ നിലനിൽക്കുന്നവൻ.. അപരാജിത ലോകജ്ഞാനമുള്ളവൻ.. ദൈവങ്ങളുടെയും മനുഷ്യരുടെയും ഗുരുവായവൻ.. ബോധിദീപ്തനായവൻ.. അനുഗ്രഹീതനായവൻ.. പ്രപഞ്ചമാണ് ഭഗവാൻ എന്ന് ഉദ്ഘോഷിച്ചവൻ.. സത്യത്തെയും, ജീവിതത്തിന്റെ ആത്മീയ ഭാവങ്ങളെ തിരിച്ചറിഞ്ഞു മനുഷ്യൻതന്നെയാണ് ദൈവമെന്ന "തത്വമസി"യുടെ പ്രണവമന്ത്രമൊരുക്കിയവൻ..
മഹാഗുരുവെ! അങ്ങയുടെ പ്രണവമന്ത്രങ്ങൾ കേട്ടുണർന്ന മനുഷ്യകുലം ഇന്ന് മഹാ മൗനികളായതെന്തേ?
അങ്ങകലെ പ്രണവമന്ത്രങ്ങളാൽ ഗ്രാമം ശബ്ദമുഖരിതമായി. അരണ്ട വെളിച്ചത്തിൽ ഗംഗയുടെ ശാന്തിതീരങ്ങൾക്കപ്പുറം മഞ്ഞുപുതഞ്ഞ സരയുവിന്റെ മലയടിവാരങ്ങളിൽനിന്നും, പ്രപഞ്ച നിർവ്വാണമേകി അനുഗൃഹീതയായി സമാധിയിലായ ബോധിനിയുടെ ചിത എരിയുകയായി. ചന്ദനത്തിന്റെയും, സുഗന്ധദ്രവ്യങ്ങളുടെയും ഗന്ധമുള്ള പുക ആയിരുന്നില്ല ആകാശത്തോളമുയർന്നത്. ദ്രവിച്ചു മരവിച്ചുണങ്ങിയ വരളിയുടെ ഗന്ധമേറിയ പുകയാണ് ഗംഗാതീരങ്ങളിലേക്കു പടർന്നത്. സരയുവിൽനിന്നു പടർന്ന ബോധിനിയുടെ ചിതയിൽ നിന്നുയർന്ന വരളിയുടെ ഗന്ധമുള്ള പുക കർമ്മയോഗിയായ മഹാഗുരുവിനെ പൊതിയുകയായിരുന്നു. ധൂമപാളികൾ ആ അഭിവന്ദ്യഗുരുവിന്റെ ഹൃദയധമനികളെ വരിഞ്ഞുമുറുക്കി. കാതുകളിൽ ഹൃദയധമനികളുടെ സ്പന്ദനം മാത്രം.. വെളുത്ത പുകയുടെ പടർപ്പിനുള്ളിൽ ബോധിയുടെ കർമ്മയോഗി ധ്യാന നിമഗ്നനായി.
"സഖീ.. ഇനിയും ഇനിയും പ്രണയാർദ്രതയുടെ നിമിഷങ്ങൾ കോർത്തിണക്കുവാൻ ജീവിതം ബാക്കിയാകുന്നു.."
ഗൗതമൻറെ വാക്കുകൾക്കു പ്രണയിനിയുടെ മറുപടിക്കു അധികം കാത്തുനിൽക്കേണ്ടിവന്നില്ല.
"പ്രഭോ.. ഈ അനുരാഗം അങ്ങേക്ക് എന്നും പ്രചോദനമാകുമെങ്കിൽ ഞാനെത്ര ധന്യയായി.."
ഉത്തമഗീതത്തിലെ കാമുകിയെപ്പോലെ.. അത്രക്കും അഭിനിവേശത്തോടെ അവൾ ഗൗതമനെ വർണ്ണിക്കുകയാണ്. പൂർണ്ണചന്ദ്രനെപ്പോലെ മുഖവും, കരിനീലമിഴികൾ ഇടതൂർന്ന നീലക്കണ്ണുകളും, ചുവന്ന പാദങ്ങളും, സുവർണ്ണ നിറവും, അങ്ങിനെ പ്രേമപരവശയായി ഒരു പ്രണയിനിക്കുമാത്രമറിയാവുന്നതുപോലെ അദ്ദേഹത്തിന്റെ മൃദുവായ വചനങ്ങളെക്കുറിച്ചു പ്രഭൂതനായ അവളുടെ നാഥനെക്കുറിച്ചു അവൾ പറയുന്നതിന്റെ പൊരുൾ എന്ത്? പദ്മപാണിയെപ്പോലെ താമരവള്ളികൾ ചുറ്റി വിടർന്ന കണ്ണുകളുമായി ഗൗതമനെ നോക്കിനിൽക്കുന്ന യശോധരയുടെ മുഖം പൂർണ്ണമായും ഇന്ന് അനുരാഗിണിയുടേതായിരിക്കുന്നു. പ്രണയവഴികളിലൂടെ അവൾ നടന്നു. ഒടുവിൽ സുകൃതത്തിന്റെ പടവുകൾ കയറുകയായിരുന്നു യശോധര. അവൾ അത്രയേറെ ഗൗതമനെ പ്രണയിച്ചിരുന്നു.
മഴ പ്രളയക്കെടുതികളുടെ തോഴനായി.. പെയ്തൊഴിയാത്ത പെരുമഴക്കാലത്തു യശോധര ഗൗതമന്റെ കുഞ്ഞിന് ജന്മം നൽകി. ഗോപുരവാതിൽ തുറന്നുവന്ന കാലം അവൾക്കായി സമ്മാനിച്ചത് ഒരു ദുരന്തവാർത്തയായിരുന്നു. ഗൗതമൻ കൊട്ടാരസൗഭാഗ്യങ്ങളൊക്കെ ഉപേക്ഷിച്ചു ഒരു ഭിക്ഷുവായി, കർമ്മയോഗിയായി അശരണർക്കായി ശരണമന്ത്രങ്ങൾ ചൊല്ലുവാൻ യാത്രയാകുകയായിരുന്നു. യശോധരയുടെ വൈകാരികതയുടെ കഠിനകാണ്ഡം ആരംഭിക്കുകയായി. ആരാലും പൊറുക്കുവാനും, സഹിക്കുവാനും കഴിയാത്ത നിമിഷങ്ങളെ ഓർത്തവൾ ശപിച്ചു. അവളുടെ ആത്മവിശ്വാസത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും ഒറ്റയടിപ്പാതകളാണ് അവൾക്കുമുന്നിൽ അവൾ തുറന്നത്. ഏകാന്തബുദ്ധന്മാരുടെ സംഗമ ഭൂമികയായി അവൾക്കു ശരണം. അരങ്ങിൽ പലവിധ ചായങ്ങൾ അണിഞ്ഞണിഞ്ഞു ഇതാ അരങ്ങിന്റെ അവസാന അങ്കമൊരുങ്ങുകയായി, ഇനി അവളുടെ വഴികൾ അവൾക്കു തിരഞ്ഞെടുക്കാം. സർവ്വ സ്വതന്ത്രയായി.. തുളസിക്കതിർപോലെ പരിശുദ്ധവും തീക്ഷ്ണവുമായ ഒരു യോഗിനിയുടെ മനസ്സ് ഇന്ന് പ്രക്ഷുബ്ധമായ ജല്പനങ്ങളായി മാറുകയായിരുന്നു.
മഹാ പ്രജാപതിയായിരുന്ന ഗൗതമനായിരുന്നു അവളുടെ പ്രകാശവും വഴികാട്ടിയും. മഹാമായ മരിച്ചതിനുശേഷം ഗൗതമനു യശോധര കാമുകിയും ഭാര്യയും മാത്രമായിരുന്നില്ല.. എല്ലാമായിരുന്നു. ഒടുവിൽ നിശ്ചയദാർഢ്യത്തോടെ ഗൗതമന്റെ സ്നേഹപ്രതിരോധമെല്ലാം മറികടന്നു തല മുണ്ഡനം ചെയ്തു ഭിക്ഷുണികളാകാൻ പുറപ്പെട്ട യോഗിനിമാർക്കൊപ്പം ഗൗതമന്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ചു യശോധര യാത്രയാകുകയായിരുന്നു.
പിന്നീട് അനേകം ബുദ്ധഭിക്ഷുണികളെ പുണ്യവഴികളിൽ നയിക്കുന്ന മഹാ ഭിക്ഷുണിയായി മാറുകയായിരുന്നു അവൾ.. കൊട്ടാരസൗഭാഗ്യങ്ങളെല്ലാം അവൾ ഉപേക്ഷിച്ചു. എല്ലാ സൗന്ദര്യവസ്തുക്കളെയും അവൾ ത്യജിച്ചു പഴമ്പായയിൽ നിലത്തു കിടന്നുറങ്ങുന്ന ഭിക്ഷുണിയായി അവൾ മാറി. ഒടുവിലിതാ ബുദ്ധ സന്യാസിനിമാരിൽ ഒരുവൾ പരമോന്നത സുകൃതമായ സ്വച്ഛന്ദമൃത്യു എന്ന നിർവ്വാണവും നേടി അവൾ യാത്രയായി. ശ്രീബുദ്ധന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. കണ്ഠത്തിൽനിന്നുതിർന്ന വാക്കുകൾക്കു കാലം പിന്നീട് കാതുകളോർത്തു..
"എന്നും സ്ത്രീക്ക് പര്യായമാണവൾ..."
.jpeg)
.jpeg)
വിജയകുമാർ വി
എഴുത്തുകാരൻ