logo

കാഴ്ചയുടെ കടലിലെ പച്ച വിളക്ക്.

27 March 2026 | Literature

കാഴ്ചയുടെ കടലിലെ പച്ച വിളക്ക്.


കാഴ്ചയുടെ കടലിലെ പച്ച വിളക്ക് എന്നെഴുതിയപ്പോൾ അതിന് മനുഷ്യരിലുള്ള സ്വാധീനം പിന്നീടാണ് വായിച്ചു മനസ്സിലാക്കിയത്. കടലിന്റെ ഇന്ദ്രനീലത്തിനും അസ്തമയ സൂര്യൻ തൂവിയ ചുവപ്പിനുമൊപ്പം ഉർവ്വരത പല നിലക്കും ഹരിതാഭയിലേക്ക് നയിക്കുന്നു. വൃക്ഷത്തിന് ഇലകൾ കൊണ്ട് ഉടുപ്പു തുന്നുന്ന ദൈവം പച്ചനിറം നല്കിയത് നിലനില്പിന്റെ ഊർജ്ജം വഹിക്കാനാണെന്നു തോന്നുന്നു. എന്തായാലും ജൈവ പ്രകൃതിയും മനുഷ്യ പ്രകൃതിയും ചേരുന്നിടത്ത് പച്ച അഭയം നല്കുന്നു. സെക്സി പിക്ചറുകളിൽ ഗ്രീൻ സെക്സി വർണ്ണമായും കാണുന്നു. തുറമുഖത്തെ ഗതാഗത ലാംഗ്വേജ് പച്ച, ചുകപ്പ് ആണ്. കപ്പൽ എന്നല്ല ഏത് സമുദ്രയാനമായാലും സിഗ്നൽ ലൈറ്റ് പ്രധാനപ്പെട്ടത് തന്നെ. പച്ച കടക്കാനുള്ളതും ചുകപ്പ് നിർത്താനുമുള്ള സിഗ്നൽ ആവുന്നു.' പച്ചയാം വിരിപ്പിട്ട സഹ്യൻ ' എന്ന വരി മലയാളി മറക്കില്ല. ഒന്നു പച്ചപിടിക്കട്ടെ എല്ലാം ശരിയാക്കാം എന്ന് കത്തെഴുതിയ ഗൾഫ് ചങ്ങാതിയെ ഇന്നാരോർക്കുന്നു. പച്ചത്തെറി പറഞ്ഞവളെയും പച്ചക്കള്ളം പറഞ്ഞവരെയും മറക്കാനാവില്ല. ആയിശ ഉമ്മക്ക് ഇപ്പോഴും ചോമ്പാൽ ഹാർബറിലെ പിടയ്ക്കുന്ന പച്ച മീൻ തന്നെ വേണം. പച്ചക്കുതിര വീടിലേക്ക് കടന്നു വന്നാൽ ഐശ്വര്യം കൂടുമെന്ന് അമ്മ. മരുപ്പച്ച തേടിപ്പോയ പ്രവാസി വാക്കിന്റെ പിന്നിലെ ധ്വനിപ്പകർച്ച എന്ന കണ്ട് മനസ്സിലാക്കി. പച്ച പതാക, ചന്ദ്രക്കല എന്ന ചിഹ്നം ഇസ്ലാമിക ബർക്കത്ത് അല്ലാതെ മറ്റെന്ത്! സമൃദ്ധമായ പച്ചയുടെ ഉർവ്വരത നൽകുന്ന ഉന്മേഷം കെട്ടുപോവുമോ എന്ന അശാന്തിയാവാം ഉണക്ക് കാലത്തെ വെറുക്കാൻ മനുഷ്യർക്കുള്ള പ്രേരണ.

മരുഭൂമി ജീവിത കാലത്താണ് പ്രസിദ്ധ അറബിക്കവിയായ നിസാർ ഖബ്ബാനി എഴുതിയ "തലയിൽ ദൈവം കൊളുത്തി വെച്ച പച്ച വിളിക്കാകുന്നു കവിത " എന്ന വരികൾ വായിച്ചത്. ഇതൊരു രൂപകം എന്നതിലുപരി സ്ഥല-കാലം എങ്ങനെ കവിയെ എഴുത്തിൽ സ്വാധീനിക്കുന്നു എന്ന് ചിന്തിപ്പിച്ചു. ആലോചന അവലോകനമായപ്പോൾ അതൊരു വിശദീകരണമായി പിന്തുടർന്നു. അത് മനുഷ്യാ നീ ആരാകുന്നു എന്നതിനപ്പുറം നിനക്കെന്തുണ്ട് എന്ന അറിവ് നല്കി. ആ അറിവിനൊപ്പം മലയാളത്തിലെ പുതിയ തലമുറയിലെ നല്ല കവിയായ കുരീപ്പുഴ ശ്രീ കുമാറിനൊപ്പം ഞാൻ സബരിച്ചു.
"പുലിയൻ സ്രാവുകൾ തുള്ളും
കടലാണല്ലോ
കലി വന്നാൽ കടിച്ചൂറ്റും കരാളയല്ലോ
ഇനിയും കാണാത്തുരുത്തിൻ
അധിപയല്ലോ
ഇവളിലൂടെന്റെ യാത്ര
മരക്കപ്പലിൽ."
(മരക്കപ്പൽ എന്ന കവിതയിലെ വരികൾ )

പച്ച കത്തുമ്പോഴാണ് കരച്ചിലുമായി എന്റെ പ്രണയ നായിക (കപ്പൽ ) തുറമുഖത്ത് വന്നെത്തുക. അവളെ പലമട്ടിൽ ചേർത്തു വെച്ച് ഞാൻ കാവ്യഭാഷയിൽ കിന്നരിച്ചു. സ്ത്രീയേ അംഗീകരിക്കുക എന്നത് പുരുഷ അധീശത്വത്തെ വകവെക്കാതിരിക്കുക എന്നു കൂടിയാണെന്ന് ഉൾകൊള്ളുക. വന്നിറങ്ങുന്ന ടൂറിസ്റ്റ് കപ്പലിലെ പ്രണയ ജോടികൾ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു നടക്കുമ്പോൾ പച്ചയും ലൈംഗികതയും എത്ര മാത്രം ചേർച്ചയെന്ന് ഭ്രാന്തൻ സ്വപ്നം കാണാറുണ്ട്. "കവി, കാമുകൻ, ഭ്രാന്തൻ" ഷെയ്സ്പിയർ വെറും വാക്ക് പറഞ്ഞതല്ല.ചങ്ങമ്പുഴ, കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി, തുടർന്നുള്ള മറ്റു കവികൾക്ക് പച്ചയോടുള്ള ആഭിമുഖ്യം ന്യൂറോ സയൻസ് പഠനവുമായി ചേർത്തു വെച്ച് പരിശോധിക്കാൻ ഇപ്പോൾ കഴിയും. സ്നേഹത്തിലും കാമത്തിലും ഘനീഭവിച്ചത് മേഘത്തിൽ മാത്രമല്ല പൂവിലും മരത്തിലും മണത്തിലും കായ്കനികളിലും ഉണ്ട്. വിഷമിക്കുന്ന മനുഷ്യരെ സന്തോഷത്തുരുത്തിലേക്ക് എത്തിക്കാൻ ചിലപ്പോഴൊക്കെ സാഹിത്യത്തിനു കഴിയുന്നത് ഒന്നിനും വീഴ്ത്താൻ കഴിയാത്ത മനുഷ്യപ്പറ്റുകൊണ്ടാകുന്നു ആവിഷ്കാര നിർവൃതി നല്കുന്നില്ലെങ്കിൽ കലയായി ഒന്നും രൂപം പ്രാപിക്കുന്നില്ല.ഈ അനർഘ ഹർഷം രചയിതാവിനെപ്പോലെ വായനക്കാർക്കും എന്നിടത്തെത്തുമ്പോൾ മനസ്സിനകത്ത് അനിശ്ചിത ആകൃതിയുടെ രൂപം പ്രാപിക്കൽ ചോദ്യോത്തരം നടത്തുന്നു.
പുത്തരിച്ചുണ്ടയെക്കുറിച്ചു എം.ഗോവിന്ദൻ എഴുതിയ കുറിപ്പ് കാഴ്ചയെങ്ങനെ കവിതയായി ചമയുന്നുവെന്ന് വ്യക്തമാക്കുന്നു.
-


"പുത്തരിച്ചുണ്ടയുടെ കഥ തലക്കെട്ടിലും പ്രതീതിയിലും ഒരു ചെടിയുടെയുo പഴത്തിന്റെയും കഥയാണെന്നു തോന്നിക്കും

എന്നാൽ അതാണോ നേര്? പ്രത്യക്ഷമല്ല, വാസ്തവം എന്നേ ഞാൻ പറയൂ. ഈ കവിതയിൽ ഉടനീളം പ്രകടമാവുന്ന ഭാവം സ്ത്രീയേ സംബന്ധിച്ചതാണ്; ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടി വരുന്ന പല അവസ്ഥാവിശേഷങ്ങളും. കാമം കൊണ്ടു പുരുഷന്മാരുടെ വിവിധ രീതിയിലുള്ള പെരുമാറ്റങ്ങൾ - അനു നയം, രഹസ്യ സമാഗമത്തിനുള്ള സംരംഭം, ബലാൽത്സംഗ ശ്രമം ഇങ്ങനെ പലതും. ഇതൊക്കെ സംഭവിക്കുന്നത് കൺകളിൽ ചുണ്ടങ്ങ ചോപ്പണിഞ്ഞ കഥകളി സങ്കല്പത്തിലൂടെയാണ്. കണ്ണിലെ ഭാഷയിൽ കരളിലെ കാലുഷ്യവും ഉൾപ്പെടുന്നു. എന്തോ പെട്ടെന്നു കണ്ടപ്പോൾ അവളോട് ചോദിച്ച്, പിന്നീടതും മറന്ന ഒരു പാവത്താന്റെ ചിത്രം. പിറകെ നളൻ, ജളൻ, രാവണൻ, കീചകൻ,വസ്ത്രാക്ഷേപം ചെയ്യുന്നദുശ്ശാസനൻ ഈ വേഷങ്ങൾ, കളിയിലെ കല്പനകൾ ജീവിതാനുഭവങ്ങളായില്ല. കളി തീർന്നപ്പോൾ പുലർച്ച നേരത്ത് പായ്ച്ചുരുളും മടക്കി കൂട്ടുകാരന്റെകൈ പിടിച്ചു കൊണ്ട് അവൾ പോയി, പൂവിട്ട പുത്തരിച്ചുണ്ട ഉണങ്ങി മണ്ണിലവശേഷിച്ചത് വേർപാടു മാത്രം. മഴയും മഞ്ഞും കഴിഞ്ഞ് കത്തുന്ന വേനൽ."
(എം.ഗോവിന്ദന്റെ കവിതകൾ, ഡി.സി.ബുക്സ്)
പുനത്തിൽ കുഞ്ഞബ്ദുള്ളയാകട്ടെ പച്ചമരങ്ങളുടെ കാഴ്ചയെക്കുറിച്ച് മറ്റൊരു തരത്തിലാണ് എഴുതിയത്.
"അങ്ങനെ ഞാൻ വാടകയ്ക്ക്, ഈ ഫ്ലാറ്റിലെത്തി. രണ്ട് കിടപ്പുമുറികളും സൗകര്യങ്ങളുമൊക്കെയായി, എന്റെ ഏകാന്ത ജീവിതത്തിന് പറ്റിയ പാർപ്പിടം. ജനവാതിൽ തുറന്നാൽ കാണുന്ന പച്ചമരങ്ങൾ നഗരത്തിന്റെ വിരസതയറിയിക്കാതെ എന്നെ സാന്ത്വനിപ്പിച്ചു."( പുനത്തിൽ കുഞ്ഞബ്ദുള്ള )

നല്ല കൃഷിക്കാരൻ ഇലകൾ കത്തിച്ചു കളയില്ല. അവനറിയാം പഴുത്ത ഇല കൊഴിയുമ്പോൾ പച്ച ഇല നാളെ പഴുത്ത് വീഴുന്ന അവസ്ഥ. ഇലകളുടെ കൈമലർത്തലിൽ ഹരിത സംസ്ലേഷണം അന്നമായിത്തീരുന്ന ധ്യാനം. ഇതെഴുതുമ്പോൾ വി.മുസഫർ അഹമ്മദ് എഴുതിയ വരികളാണ് മനസ്സിൽ നിറഞ്ഞത്.
" മണൽക്കുന്നുകൾക്കിടയിലായി അങ്ങിങ്ങ് ഗാഫ് വൃക്ഷങ്ങളെ കാണാം. ഉണങ്ങി വിറക് പാകത്തിൽ നില്ക്കുന്നവയാണ് ഭൂരിഭാഗവും. പറ്റെ ചെറിയവ മുതൽ ഒരാൾ ഉയരത്തിൽ ഉള്ളവ വരെയുണ്ട്. പറ്റിക്കിടന്നു വളർന്ന് തുടങ്ങുന്ന ചിലവയിൽ അപൂർവ്വമായാണെങ്കിലും പച്ച ഇലകളുണ്ട്. കരിഞ്ഞുണങ്ങി പൂർണ്ണമായും തവിട്ടു നിറത്തിലായിക്കഴിഞ്ഞ ഒരു മരത്തിൻ ചുവട്ടിൽ നിന്നും വള്ളി പോലെ പടർന്നു കയറാൻ ശ്രമിക്കുന്ന ഒരു കൂട്ടം പച്ചയിലകൾ ജൈവികതയുടെ തൂമന്ദഹാസമായി നിലകൊണ്ടു. അവസാനത്തെ പച്ച എന്ന പ്രയോഗത്തെ ആ മരുഭൂമിയിൽ ആ ഇലക്കൂട്ടം സാധൂകരിക്കുകയാണോ എന്നു തോന്നി. "
(മരങ്ങൾ - വി.മുസഫർ അഹമ്മദ്)
നിലാവ് നോക്കി നില്ക്കെ കുന്നിറങ്ങി വന്ന മേഘത്തെ കാറ്റ് താഴേക്ക് ഉരുട്ടുന്ന നാറാണത്ത് കളി ഞാൻ കാണുന്നു. എത്ര ശ്രമിച്ചിട്ടും അത് ആകാശത്തിൽക്കിടന്ന് തിളങ്ങുകയല്ലാതെ താഴെ വീഴുന്നില്ല. ടാഗോർ പറഞ്ഞത് പോലെ
" ആനന്ദത്തിന്റെ കവിയാവുക"
അതിലുണ്ട് വിശ്വമാനവികതാ സ്പർശം.

സത്യൻ മാടാക്കര.

സത്യൻ മാടാക്കര.

കവി. എഴുത്തുകാരന്‍

Share this post

Reviews

No reviews yet