logo

പിറന്നാൾ തുമ്പി pirannal Thumbi

09 April 2026 | Poetry

പിറന്നാൾ തുമ്പി  pirannal Thumbi

​മുത്തേ പൊൻമണി തത്തേ,

നിനക്കുണ്ണാനിലക്കുമ്പിൾ തേൻ.

ഓമനേ നീയെൻ പ്രിയത്തിൽ പൂത്തു, ഹൃദയവായ്പിൽ വളർന്നു.

കാൽത്തളത്താളത്തിൽ കിലുങ്ങിച്ചിരിച്ചോമനേ, നീ മറയുന്നു ദൂരെ....

​സ്വപ്നവർണ്ണങ്ങളിൽ നിൻ കിളികൊഞ്ചലെന്നിലുണർത്തുന്നു ജീവതാളം.

നീ ചേർന്നിരുന്ന പകലിന്റെ ജന്മപുണ്യം, പൂവേ,

നീ മറന്നോടിക്കളിച്ചൊരു പുഞ്ചിരിമുറ്റം എന്നുമെന്നിൽ തെളിഞ്ഞുനിൽക്കുന്നു.

​പുതുവഴി പിറക്കുന്നു, പിറന്നാൾ പ്രിയമെങ്കിലും നീ കരുതുക,

ദുർഘടവഴികളറിഞ്ഞേ പോവുക.

​പൂതനമാർ വിഷം നിറച്ച മുലയുമായി, അമൃതേകി ഇറങ്ങും കാലം...

കനിവേകിത്തരും ജാഗ്രതയ്ക്കപ്പുറം കടക്കാതിരിക്കുക,

അമ്മയാകുന്നൊരുണ്മയെ ചേർത്തുപിടിക്കുക.

​വഴികളിലെന്തെന്തു തിമിർപ്പുകൾ!

അറിയാതെയുടഞ്ഞുപോകുന്ന സ്വാർത്ഥതതൻ പടുകുഴിയിൽ വീഴാതിരിക്കുക.

​സ്നേഹകാരുണ്യക്കടലാണു ലോകമെന്ന് നീ ഓർത്തു പോകുക പൈതലേ...

ജാതിയില്ല, മതവുമില്ല, വ്യക്തിബന്ധങ്ങളും-

രക്തഭാവങ്ങളും മാത്രമല്ലീ ഉലകിൽ.

ഉറുമ്പിനുപോലുമുണ്ടവകാശവാദങ്ങൾ.

​ജീവന്റെ തുടിപ്പും പേറി നാം നടക്കുന്നൊടുവിൽ,

കിതപ്പകറ്റുന്നവന്റെ അജ്ഞാതനാമം - മനുഷ്യൻ.

​സ്നേഹിക്കുക, തെല്ലുമേ സന്ദേഹമറിയാതെ,

സകലലോകത്തിൻ ദുഷിച്ച കെട്ടുപാടുകൾ പൊട്ടിച്ചെറിയുക.

​ഒരു ചെമ്പനീർപ്പൂവുപോലെ മൃദുലമാം നിൻ കഥയിൽ,

കാവലിരിക്കുന്ന എൻ ഗർഭപാത്രം.

​ആശംസകൾ നിനക്ക്, ആശംസകൾ!

ആർദ്രമാം പകലിന്റെ, വളരുമായുസ്സിന്റെ...

പ്രണയം നീർക്കുമിളപോലെ എൻ തുളുമ്പുന്ന-

മാതൃവാത്സല്യത്തിന്റെ എണ്ണിയാൽത്തീരാത്തൊരാശംസകൾ

അയിഷ ഹസീന

അയിഷ ഹസീന

കവി, എഴുത്തുകാരി

Share this post

Reviews

No reviews yet