വാക്കുകൾ വന്ന് തൊടുമ്പോൾ.
21 January 2026 | Poetry
.jpg)
എവിടെ നിന്നോ ചില വാക്കുകൾ
വന്നു തൊടുന്നു.
ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ
മഴ നനഞ്ഞോടുമ്പോൾ
വളവുകളിലൂടെ അതിവേഗം
ബൈക്ക് തിരിച്ച് പായുമ്പോൾ
ട്രെയിൻ യാത്രകളിൽ വാതിൽക്കൽ
കാഴ്ചക്കാരനായി നിൽക്കുമ്പോൾ
അമ്പലപറമ്പിലൂടെ സൈക്കിളോടിക്കുമ്പോൾ
നെറുകയിലൂടെ രക്തമൊലിച്ച് നിന്ന
വെളിച്ചപ്പാടൻ ഭാസ്കരേട്ടനെ
കളിയാക്കി ചിരിച്ചപ്പോൾ.
പ്രണയിച്ച് ,പ്രണയിച്ച് പരവശനായി
പരാജിതനായി കരഞ്ഞ രാത്രികളിൽ
ബാല്യം മുഴുവൻ തണൽ പടർത്തിയ
ഇലഞ്ഞിമരം മറിച്ചു വിറ്റ പകലൊന്നിൽ
നെഞ്ചെരിച്ചിറങ്ങിപ്പോയ
വാറ്റുചാരായത്തിൽ മുങ്ങി
പുലഭ്യം പറഞ്ഞ് മയങ്ങി വീണ്
കാട്ടു പൊന്തയിൽ കിടന്നപ്പോൾ.
തീ നിറച്ച വാക്കുകളുമായി
തെരുവുകൾ തെണ്ടിയപ്പോൾ
കലഹിച്ച് ,കലഹിച്ച് ഒറ്റപ്പെട്ട രാത്രികളിൽ
പ്രണയിച്ച് മതിയാകാത്ത പെണ്ണ്
വേഷങ്ങളെല്ലാമഴിച്ച് വച്ച്
പുതിയ വഴികളിലുടെ നടന്നു തുടങ്ങിയപ്പോൾ
നേരിന് വേണ്ടി വിരൽ ചൂണ്ടി നിന്നതിന്
പോലീസ് സ്റ്റേഷന്റെ നനഞ്ഞ തറയിൽ
കുഴഞ്ഞ് കിടന്നപ്പോൾ.
ഓല പൊടിഞ്ഞ പഴുതിലൂടെ ഒഴുകിയ
മഴവെള്ളം നനച്ച തറയിൽ
ഉറങ്ങാതെ കിടന്ന രാത്രികളിൽ.
മരണം വന്ന് തൊടുമ്പോഴും വലം കയ്യ് കൊണ്ട്
ഈ ഇടം കയ്യിൽ അമർത്തിപിടിച്ചിരുന്ന
അമ്മയെ കണ്ട് കരഞ്ഞപ്പോൾ.
തൊട്ട് തൊട്ട് പോയ വാക്ക് അമ്മയെന്നായിരുന്നു.
തൊട്ട് തൊട്ട് പോയ വാക്ക് അരുതേയെന്നായിരുന്നു.

സഞ്ജയ്നാഥ്
കവി.