logo

ജല നൂലുകൾ തീർത്ത കടൽ വീട്

04 August 2026 | Literature

ജല നൂലുകൾ തീർത്ത കടൽ വീട്

ജല നൂലുകൾ തീർത്ത കടൽ വീട്

കുതിരത്തലയൻ നട്ടുച്ചക്കറിയില്ല യൗവ്വനം നീന്തുന്ന നഗരം. ഉണക്കിപ്പൊടിച്ച നുണകൾ കടങ്ങളുടെ ഗുസ്തിക്ക് ധാരാളം. പ്ലാഷ് മിന്നിക്കുമ്പോൾ തീപ്പാറുന്ന കേൾവിക്കറിയാം ആത്മകഥയിലെ മുട്ടി പ്രാർത്ഥന. മൃഗീയത കലരാത്ത താളത്തിലേക്ക് വാദ്യങ്ങളേ ഉണരുക, മഴമേഘങ്ങളേ സമയദാഹത്തിലേക്ക് പെയ്യുക. ഭയം വായിക്കുന്ന കവിതകളേ അഹിംസയുടെ പുസ്തകം തുറക്കുക. ദീന നേരുമായി അരങ്ങുകളേ വിമതനാക്കുക.

കടലും മത്സ്യങ്ങളും നിറഞ്ഞ ആവാസ കൂട്ടായ്മ എഴുത്ത് വീട്. തിരകളുടെ അഴികളുള്ള, മീൻ മറിയലിന്റെ നീല നിറമുള്ളത്. സുഖത്തിന്റെ രസ തത്വമിവിടെ കടൽച്ചുരുക്കിൽ പുളിപ്പ്. ചെതുമ്പൽ ചുരണ്ടി മീനിന്റെ കുടലും ചെകിളയും നീക്കി, വരഞ്ഞ് ഉപ്പിട്ട്, മസാല പിടിപ്പിച്ചു വറു ചട്ടിയിൽ പൊരിച്ച് വാഴയിലയിൽ വിളമ്പി മുള്ള് വലിച്ചെറിയുന്നവർക്കറിയില്ല കടലിന്റെ ജീവതാഖ്യാനം. ഈ കടൽ കാലവർഷമാകുമ്പോൾ അറബികൾ മൺസൂൺ എന്ന് വിളിച്ചു. പല നാട്ടിലേക്കും അടിമകളാക്കി അധിനിവേശ ശക്തികൾ കപ്പൽ വഴി നാട് കടത്തി. കടല് വെച്ചു സവർണ്ണത പരശുരാമ കഥ പ്രചരിപ്പിച്ചു നമ്മളെ അടക്കിവാണു. കടലിലൂടെ വന്ന മിഷണറികൾ നമ്പൂതിരിയെയും ചെറുമനെയും ഒരു ബെഞ്ചിലിരുത്തി ഇംഗ്ലീഷ് പഠിപ്പിച്ചു. കടൽപെണ്ണിന് കരുത്തും വീടിന് തിരണ്ടി വാലും നല്കി.

വെള്ളായിയപ്പൻ എന്ന ഒ.വി.വിജയൻ കഥാപാത്രം മകന്റെ ശവസംസ്കാരത്തിന് കണ്ണൂർ കടപ്പുറത്തേക്കാണ് വന്നത്. അറക്കൽ കടപ്പുറത്താണ് കുഞ്ഞബ്ദുള്ളയുടെ പൂക്കുഞ്ഞീബി സ്വർണ്ണമത്സ്യം പോലെ പിടഞ്ഞത്.( സ്മാരകശിലകൾ). എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വെള്ളിയാംകല്ലിൽ നിന്നെത്തുന്ന തുമ്പികളെ കാണാം. കടലിനെ സാക്ഷിയാക്കി തകഴി ചെമ്മീൻ പൂർത്തിയാക്കി. കോഴിക്കോട് കടപ്പുറത്തെ ബേപ്പൂരിൽ സുൽത്താനായി ബഷീറും,മുട്ടായിത്തെരുവിൽ പൊറ്റക്കാടും നിറഞ്ഞു. ദ്വാരക കടലെടുത്ത ചിത്രം എം.ടി. വരച്ചു കാണിച്ചു. പുഴയും കടലും നോക്കിയാണ് മയ്യഴി എം.ഗോവിന്ദൻ സ്മരണയിലുള്ള കാലാഗ്രാമത്തിന്റെ കിടപ്പ്. കടലിൽ ഉപ്പും ചോറും ഉണ്ട്. ഉപ്പു കുറക്കലിൽ അതടങ്ങിയിരിക്കുന്നു.

കടലിന്റെ ഇരമ്പലിൽ ഉണ്ട് പ്രകൃതിയുടെ സൂക്ഷ്മ വ്യവസ്ഥ. ലോകം കുരുക്കുന്ന ആകാശ വലയുടെ മസില് പിടുത്തം കടലിനോട് നടക്കില്ല. കരയോട് വെറുപ്പ് പിടിച്ചാൽ സുനാമി ഗറില്ലയെ ഇറക്കി നട്ടെല്ലൊടിക്കും. മീൻ കുതിപ്പ് വല കീറുന്നു, മീൻ ചൂര് കട്ടിൽ കരയിക്കുന്നു. മീൻ മണം കടപ്പുറം കീഴടക്കുന്നു. മീൻ പിടിക്കുന്നോരേ പുവ്വാം കടലിലാണ് ചോറ്.

കടലിൽ ഇറങ്ങി കാല് നനക്കുമ്പോൾ എന്റെ പൊട്ടത്തരം ഓർത്ത് തിരകൾ ചിരിക്കുന്നു. കുഞ്ഞിരാമൻ നായരെ കെട്ടിപ്പിടിച്ചു നനയാൻ ഞാൻ തിരപ്പൂഴിയിൽ നനഞ്ഞൊട്ടി ഇരിക്കുന്നു.

ഞാനെന്റെ പെണ്ണിനോട് പറയുന്നു:

"നീ വേവിച്ച മീനിലും ചക്കരയപ്പത്തിലും

വീട് നിറഞ്ഞ പാട്ടെനിക്കല്ലേ അറിയൂ

നിറക്കുകയുള്ളം നിറയെ അടുക്കള പായ്യാരം

കിഴക്കുദിക്കും സൂര്യന്റെ പുരാണം.

നിന്നിലുണ്ടൊരു മയിൽ ഞാൻ പെയ്യിക്കുന്ന മഴയിൽ നൃത്തമാടാൻ വരും പൊന്നോമന മയിൽ

എന്നിലുണ്ടൊരു സ്ഫടിക ജലമൂറും നീളൻ പുഴ

ഇലയൊഴുക്കാൻ നിനക്കായ് താളമിടും പുഴ. "

നായാട്ടുകാർക്ക് രാത്രി ദൂരം പ്രഭാപൂരം . ഉപ്പ് വെള്ളം തോണിക്ക് വഴിയടയാളം. കാറ്റ് തോണിയെ തള്ളുന്നു. തോണി അറിയുന്നില്ല കാറ്റ് . കാറ്റ് അറിയുന്നില്ല തന്റെ പ്രവർത്തി .സൂര്യൻ പ്രേമഭാജനത്തിനു നല്കിയ പൂക്കൾ കടലിന്റെ ഉദ്യാനം. നക്ഷത്രങ്ങൾ കോന്തലയിൽ വെളിച്ചവുമായി നടക്കുമ്പോൾ നമ്മൾ നിഴലുകൾ. ലോകം വേഗത്തിൽ മനുഷ്യർ ആമ നടത്തം. ആയുസ്സ് എത്രയെന്നറിയുന്ന ഭൂമിക്ക് ഒരു പരിഭ്രമവും ഇല്ല. ഈ ലോകം നോക്കി ഖലീൽ ജിബ്രാൻ പാടി

" പർവ്വതങ്ങളിലും താഴ് വരകളിലും നമ്മളിലെല്ലാം പരക്കുന്ന മേഘം ഞാനാണ്.

മരത്തലപ്പുകളിലൂടെ പരക്കുന്നു

വൻ മലകളെ മൂടുന്നു

മനുഷ്യവംശത്തിന്റെ ഹൃദയ ഭിത്തികൾ

തുളച്ച് കയറുന്നു.

അറിയാത്തിടങ്ങൾ തമ്മിൽ

കോട്ട കെട്ടി ബന്ധിപ്പിക്കുന്നു. "

(ജിബ്രാൻ

വിവർത്തനം: വി.ആർ. സന്തോഷ് ).

പ്രകൃതിയെ ഉൾക്കൊള്ളലിൽ വികാരമല്ല, വിവേകമാണ് പ്രധാനം. കോവിലന്റെ വാക്കുകൾ ഓർത്തു പോകുന്നു.

"ജീവിതം വിശപ്പിന്റെ തീരാക്കളിയാകുന്നു. വിശപ്പിന്റെ ഒടുങ്ങാത്ത തീക്കളി കള്ളക്കളിയായിത്തീരുമ്പോൾ കള്ളനോട്ടും, കരിഞ്ചന്തയും, കള്ളക്കടത്തും, കള്ളപ്പണവും, പെൺ വാണിഭവും മാന്യമായ തൊഴിലുകളായി ആദരിക്കപ്പെടേണ്ടി വരുന്നു. "

കടലിന്റെ നിത്യതയിലേക്ക് മുടി മുറിച്ച പോലുള്ള കുന്ന് വന്നു തൊടുമ്പോൾ അതിലൊരു ഇണചേരൽ മുഹൂർത്തമുണ്ട്. വിവസ്ത്രയായ കടലിനെ കവികൾ പ്രണയ സമുദ്രമായി കാണുന്നു. പാതിരാചന്ദ്രൻ കടൽ തൊട്ടു നില്ക്കുമ്പോൾ എന്നിൽ സ്ത്രൈണ ഭാവന ഉണരുന്നു. പെൺ മേഘം മഴയായി പൂഴിയിൽ പെയ്തിറങ്ങി എന്തൊരാഘോഷം. ആഹ്ലാദത്തിന് ചിറക് ലഭിച്ചെങ്കിൽ പറന്ന് മേഘത്തിനടുത്ത് എത്താമായിരുന്നു. സംശയാലു എന്നതിനർത്ഥം ആഴം കാണുക എന്നതല്ലെങ്കിൽ മറ്റെന്ത്! കത്തിത്തീർന്നാൽ വിറകില്ല, വെണ്ണീറ് മാത്രം. മരത്തിന്റെ ആത്മാവ് വിദൂരത്തല്ല വളരെ അടുത്ത്.

ഒമാൻ കവി അൽ റിയാമി ഓർമ്മപ്പെടുത്തുന്നു:

" കാത്തിരിപ്പ് പുറം ചാരിയില്ലാത്ത

ഒരു ഇരിപ്പിടമാണ്

കരാരക്കത്തികൾ അനുസരണം ശീലിച്ചവയാണ്

അരപ്പട്ടയുടെ കൊളുത്ത് പോലെ. "

(വിവർത്തനം: വി.എ. കബീർ ).

ക്രയവിക്രയങ്ങളിൽ ചവുട്ടിത്തേഞ്ഞ പൊതുവഴി മീനിൽ നിന്ന് കൊള്ളിമീൻ ദൂരം അളക്കുന്നു. മീൻ വണ്ടി കാത്തിരിക്കുന്ന പൂച്ച മീനേ, കടലേ കരഞ്ഞു കൊണ്ടിരിക്കുന്നു. ചിരി വറ്റിയ കാലത്ത് മുഖത്ത് തെളിയാത്തത് എതിര്. തോറ്റുകൊടുക്കാൻ തയ്യാറില്ലാത്ത കാറ്റേ എവിടെയാണ് അറ്റം കെട്ടിയിരിക്കുന്നത്!

സത്യൻ മാടാക്കര

സത്യൻ മാടാക്കര

കവി, എഴുത്തുകാരൻ

Share this post

Reviews

No reviews yet