മെഹറുന്നിസ
15 July 2026 | Story

വി വി ബഷീർ
🕳️
മഞ്ചേരി ഇരുമ്പുഴി സ്വദേശി. കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന വി വി അബ്ദുൽഖാദറിന്റെയും കുഞ്ഞുപാത്തുമ്മയുടെയും മക്കളിൽ തലതിരിഞ്ഞവൻ, അരാജക ജീവിതത്തിന്റെ നിശബ്ദനായ അപ്പോസ്തലൻ.
മനുഷ്യ ജീവിതത്തിൻറെ വൈവിധ്യമുഖങ്ങൾ അതിൻറെ സങ്കീർണതകളോടെ എഴുത്തിലേക്ക് കൊണ്ടുവന്നിട്ടുള്ള കഥാകാരനെന്ന് കലാകൗമുദി പരിചയപ്പെടുത്തിയ വി വി 90 തൊട്ട് 2010 വരെ എഴുത്തിൽ സജീവമായിരുന്നു. "കഥ"യിലും "കലാകൗമുദി"യിലുമായി ഒട്ടേറെ മികച്ച കഥകളും ലഘു നോവലുകളും പ്രകാശിതമായി.
ഗൾഫ് പ്രവാസിയായിരുന്നു. ആസ്ഥാനം ജിദ്ദ. സാഹിത്യപ്രവർത്തനങ്ങൾക്കിടയിൽ കൈരളി ടിവിയുടെ ജിദ്ദ പ്രതിനിധിയായും പ്രവർത്തിച്ചു.ഔദ്യോഗികാവശ്യാർത്ഥം അമേരിക്ക, യൂറോപ്പ്, ഏഷ്യയിൽ തായ്‌ലൻഡും ജിസിസി രാജ്യങ്ങളും സഞ്ചരിച്ചു.
വി വിയുടെ അമേരിക്കൻ യാത്രയുടെ ശിഷ്ട ചിത്രമാണ് "ലാസ് വേഗാസ് "ഈ ലഘു നോവലും "മെഹറുന്നിസ"യും ചേർത്താണ് പിന്നീട് പെൻബുക്സ് ലാസ് വേഗാസ് എന്ന കൃതി ഇറക്കിയത്. വി വിയെ സംബന്ധിച്ച് എഴുത്തുവഴിയിൽ കിട്ടിയ ഒരേയൊരു സർഗ്ഗസമ്മാനം. പുസ്തക രൂപം കാത്ത് ഫയലിലുറങ്ങുന്ന മികച്ച കഥകൾ ഇനിയുമൊട്ടേറെയുണ്ട്. എല്ലാം പുസ്തകമാക്കണം, എഴുത്ത് തുടങ്ങണം. എന്തിനും ജീവിതത്തിന് കുറുകെ ചാടിയ പക്ഷാഘാതമെന്ന വില്ലനെ ആദ്യം ആട്ടിപ്പായിക്കേണ്ടതുണ്ട്.
കത്തെഴുത്ത് കാലം കഥകളുടെ വർഷകാലമായിരുന്നു. കത്തുകാലത്തെ ഗൾഫ് പശ്ചാത്തല/ഗൾഫ് ടച്ചുള്ള രചനകളാണ് മാലിറ്റ് ആവശ്യപ്പെട്ടിരുന്നത്. മെഹറുന്നിസ അയച്ചുതന്നു സഹകരിച്ച വി വിയോടുള്ള സ്നേഹവും കടപ്പാടും അറിയിക്കുന്നു.
മാലിറ്റിന്റെ വായനക്കാർ സ്വീകരിക്കുമല്ലോ.

മെഹറുന്നിസ
വി വി ബഷീർ/ലഘു നോവൽ
ഹൈക്കോർട്ട് ജംഗ്ഷൻ മുറിച്ചു കടക്കാൻ ഒരുപാടുസമയം വേണ്ടി വന്നു.
ഉച്ചഭക്ഷണത്തിനിറങ്ങിയ ജോലിക്കാരുടെ തിരക്കിനിടയിലൂടെ ഞാനും നടന്നു.
ഇടതുവശത്ത് ക്രിസ്ത്യൻ പള്ളി പറക്കാൻ തയ്യാറായ ഒരു റോക്കറ്റ് പോലെ നിലകൊള്ളുന്നു.
എതിർവശത്ത് മറ്റൊരു പള്ളിയും.
ഭയങ്കര ചൂട്.
സൂര്യൻ താണിറങ്ങി വരുന്നെന്ന് തോന്നി.
ഇന്നിനി ഒന്നും ചെയ്യാനില്ല. നാളെ രാവിലെ വന്ന് അനന്തരാമയ്യരെ ഒന്നുകൂടി കാണണം. അല്ലെങ്കിൽ അയാളുടെ കലൂരിലുള്ള വീട്ടിൽ ചെന്ന് കാണണം... അതായിരിക്കും നല്ലത്.
കോടതിയിലും പോലീസിലുമെല്ലാം അയാൾക്ക് നല്ല പിടിപാടുണ്ട്. ഏതെങ്കിലും നിലയിൽ വല്ല സഹായവും കിട്ടിയാലോ.
എങ്ങനെയെങ്കിലും ഒരു സ്റ്റേ ഒപ്പിച്ചെടുക്കണം. അല്ലാതെ ഒരു രക്ഷയുമില്ല.
സ്റ്റേയില്ലാതെ നാട്ടിലേക്ക് ചെന്നാലുള്ള സ്ഥിതി ഓർക്കാനേ വയ്യ.
പരിചയക്കാരനായ മലപ്പുറത്തുകാരന്റെ ഹോട്ടലിൽപോയി ഊണ് കഴിക്കണം.
ഉന്തുവണ്ടിക്കാരുടെ ബഹളവും പാതയോരത്തെ ഓടയിലെ ചീഞ്ഞ നാറ്റവും മനംപിരറ്റലുണ്ടാക്കി.
ഹോട്ടലിലേക്ക് കയറിയപ്പോഴാണ് ഒരല്പം ആശ്വാസം തോന്നിയത്.
വേഗതയോടെ കറങ്ങുന്ന പങ്ക പരത്തുന്ന കാറ്റിൽ മസാലപ്പൊടികളുടെ സമ്മിശ്ര ഗന്ധം.
പരിചയക്കാരനെ കൗണ്ടറിൽ കണ്ടില്ല.
അന്വേഷിച്ചപ്പോൾ നാട്ടിൽ പോയതാണെന്നറിഞ്ഞു.
നല്ല വിശപ്പ് തോന്നുന്നു. സീറ്റാണെങ്കിൽ ഒറ്റൊന്നും ഒഴിവില്ല.
ഏതെങ്കിലും ഒരു കസേര ഒഴിയുന്നതും നോക്കി വാഷ്ബേസിനടുത്ത് നിന്നു.
കണ്ണാടിയിൽ മുഖം പ്രതിഫലിച്ചു.
കരിപിടിച്ച മുഖം.
ദീർഘദൂരം യാത്ര ചെയ്ത ക്ഷീണവും സ്റ്റേ ശരിയാകാത്തതിലുള്ള വിഷമവും മുഖത്തുണ്ടെന്ന് സ്പഷ്ടം.
കയ്യും മുഖവും നല്ലതുപോലെ കഴുകിയപ്പോൾ ആശ്വാസം തോന്നി കൈ കഴുകാനായി വന്ന ദമ്പതികൾക്ക് വഴിമാറിക്കൊടുത്ത് അവർ ഇരുന്നിരുന്ന കസേരകൾ പരതി.
ഒഴിഞ്ഞ ഒരൊറ്റ കസേരയും കണ്ടില്ല. അല്പനേരത്തെ അശ്രദ്ധ കാരണം സീറ്റ് നഷ്ടപ്പെട്ടു.
വിശപ്പിന്റെ ശക്തി കൂടിക്കൂടി വരികയാണ്.
കൈകഴുകിക്കൊണ്ടിരിക്കുന്ന ദമ്പതികളുടെ സംഭാഷണത്തിന് മലബാറിന്റെ ചുവയുണ്ടെന്ന് തോന്നിയപ്പോൾ വെറുതെ ശ്രദ്ധിച്ചു.
വെളുത്ത തൂവാല കൊണ്ട് മുഖം തുടച്ച് തിരിഞ്ഞുനിന്ന സ്ത്രീയെ കണ്ടപ്പോൾ വാസ്തവത്തിൽ ഞാനമ്പരന്നു.
ചായം തേച്ച ചുണ്ടുകളും റൂഷ് പുരട്ടിയ കവിളുകളുകളുമുള്ള മെഹറുന്നിസയെ പട്ടണത്തിലെ തിരക്കിൽ കണ്ടുമുട്ടാറുള്ള അനേകം പെൺകുട്ടികളിൽ ഒരുവളെപ്പോലെ തോന്നിച്ചില്ല. മനോഹരമായ മുഖം മുഖമക്കനയിലൊളിപ്പിച്ച് ഓത്തുപള്ളിയിലേക്ക് പോയിരുന്ന മെഹറുന്നീസയെ വൃഥാ ഞാനോർത്തു.
പൊട്ടിപ്പോയ ഒരു കിനാവിലെ നായികയെപോലെ പ്രത്യക്ഷപ്പെട്ടിരുന്ന മെഹറു ഓർമ്മയിലെവിടെയോ പിടഞ്ഞുവീണു.
ഒരു പ്രത്യേക ഈണത്തിൽ അനർഗളമായി പ്രവഹിക്കുന്ന മെഹ്റുവിൻറെ വർത്തമാനം കേൾക്കാൻ ബഹുരസമാണ്.
ചിന്തകളിൽ നിന്നുണർന്ന് എത്തി നോക്കിയപ്പോഴേക്കും മെഹറുവും ഭർത്താവും ക്യാഷ് കൗണ്ടറിനപ്പുറത്ത് പടികളിറങ്ങി പോകുന്നു.
ഇരുവരുമിപ്പോൾ നല്ല പൊരുത്തത്തിലാണെന്ന് തോന്നുന്നു.
പാവം മഹറു,
ഒത്തിരിക്കാലം മനോവ്യഥകളുമായി കഴിഞ്ഞു കൂടിയവളാണ്.
മുന്നിൽ കാണുന്ന ഒഴിഞ്ഞ കസേരകൾ എവിടെയോ ഒളിച്ചിരുന്ന വിശപ്പിനെ ഓർമിപ്പിക്കുകയും തൽസമയം അത്യാഗ്രഹിയെ തട്ട്പോലെ ഓടിച്ചെന്ന് ഞാൻ ഒരു കസേരയിൽ ഇരിക്കുകയും ചെയ്തു.
🕳️
അന്ന്....,
വ്യക്തമായും ഞാനോർക്കുന്നു.
പ്രാക്ടീസ് തുടങ്ങാൻ ഒരു വീടന്വേഷിച്ച് ജമാലിന്റെ കൂടെ വന്നത് മെഹറുന്നിസയുടെ നാട്ടിലേക്കായിരുന്നു.അവളുടെ തറവാട്ടു വക വാടകവീടുകൾ എത്രയോ ഒഴിഞ്ഞു കിടക്കുന്നതായി ഓർമിപ്പിച്ചതും അവൻ തന്നെയാണ്.
തറവാട്ടിലെ കാരണവർ കഴിഞ്ഞ ഹജ്ജിനാണത്രെ മക്കയിൽ വച്ച് മരിച്ചത്. ഹാജിയുടെ ഏക മകൻ മുനീർ ദുബായിലാണ്.
ജമാലിന്റെ ഗൾഫ് പുരാണത്തിനിടയ്ക്ക് ആലിക്കാപറമ്പിലേക്കുള്ള ചെത്തുവഴിയിലൂടെ എത്ര ദൂരം പിന്നിട്ടെന്ന് ഓർക്കാനായില്ല.
അകലെ നിന്നേ കാണുന്ന ആ വലിയ വീട് ജമാൽ കാണിച്ചുതന്നു. കരിങ്കല്ലിൽ പണിത ഒരു സ്മാരകശില. തെങ്ങുകൾക്കിടയിലൂടെ കണ്ട പടിപ്പുര കടന്ന് ഞങ്ങൾ മുറ്റത്തെത്തി.
ജമൽ അകത്തു കയറി വിവരം പറഞ്ഞ് ആമിനുമ്മയെയും എന്നെയും പരസ്പരം പരിചയപ്പെടുത്തി.
തൊട്ടടുത്തുള്ള ഒരു കൊച്ചു വീടിൻറെ താക്കോലുമായി അവനെത്തിയപ്പോഴും എൻറെ ചിന്ത ഗ്രാമത്തിലെ സമ്പന്നതയെ കുറിച്ചായിരുന്നു. ഒപ്പം പ്രാക്ടീസ് തുടങ്ങിയാൽ കിട്ടാവുന്ന സൗഭാഗ്യങ്ങളുടെ കണക്ക് കൂട്ടലിലായിരുന്നു.
ആ ഗ്രാമവും വീടും എൻറെ സ്വപ്നങ്ങളിലുള്ളവയാണെന്ന ബോധം എന്നെ മഥിക്കാൻ തുടങ്ങി.
ജമാലിന്റെ വാക്കുകളുടെ പൊലിമയുമായി ആ സന്ധ്യയും കടന്നുപോയി.
🕳️
തുറന്നിട്ട് ജാലകപ്പാളിയുടെ വിടവിലൂടെ ഒരു വെളുത്ത പൂമ്പാറ്റ പാറിവന്നു.
പ്രാക്ടീസ് ചെയ്യുന്ന റൂമിന്റെ ജനലിലൂടെ മെഹറുന്നീസയുടെ 'അറ'കാണാം. പലപ്പോഴും ജനലഴികളിൽ മുഖമമർത്തി അനന്തതയിലേക്ക് ദൃഷ്ടിയുറപ്പിച്ച് നിൽക്കുന്ന മെഹറുവിനെയും.
തുടിക്കുകയും കളിക്കുകയും ചെയ്തിരുന്ന ഒരു പാവക്കുട്ടിയുടെ നിശ്ചലതപോലെ....
ചെത്തുവഴി തുടങ്ങുന്നത് നാഷണൽ ഹൈവേയിൽ നിന്നാണ്. ചെത്തുവഴിക്കെതിർവശത്തായി തപാൽ-കമ്പി ആപ്പീസ്.
ഏതോ ഒരു സ്വർണ്ണക്കടയുടെ പരസ്യവുമായി, പഴയൊരു മാപ്പിളപ്പാട്ടിന്റെ ഇശലുമൂളി റോഡിലൂടെ പൊടിപറത്തി പരസ്യ വാഹനം കടന്നുപോയി.
ജാലകത്തിലൂടെ ഒഴുകിയെത്തുന്ന കത്ത് പാട്ട്. വാസ്തവത്തിൽ ഒരസ്സൽ തെറിപ്പാട്ട്. നീല ചിത്രങ്ങൾ പ്രചാരത്തിലാവുന്നതിനു മുമ്പ് ഓഡിയോ കാസറ്റുകളിലൂടെ കേൾക്കാറുണ്ടായിരുന്ന
നീലപ്പാട്ടുകളുടെ വരികൾ ഓർമ്മയിലെത്തി.
ദുബായ്ക്കാരൻറെ അത്തറ് മണക്കുന്ന മെഹറുന്നിസ്സയെ വീണ്ടും വീണ്ടും ഓർക്കാതിരിക്കാൻ ശ്രമിച്ചു.
രോഗികൾ വന്നു തുടങ്ങിയിരിക്കുന്നു.
ഈ ചികിത്സ കേന്ദ്രത്തെക്കുറിച്ച് ഗ്രാമത്തിൽ തന്നെ പലരും അജ്ഞരാണ്. എങ്കിലും ദിനംപ്രതി കേസുകൾ കൂടിക്കൂടി വരുന്നുണ്ട്.
പലയിനം ലേബലുകൾ ഒട്ടിച്ചു നിരത്തിയ കാലി ബോട്ടലുകളും ഡ്രാം ബോട്ടിലുകളും ഒരു വലിയ അലമാര നിറയെ. സകല രോഗങ്ങൾക്കും ഇവിടെ മരുന്നുണ്ടെന്ന് ഈ അലമാര ജനങ്ങളെ തര്യപ്പെടുത്തുന്നു.
🕳️
മടുപ്പ് തോന്നുന്നു.
മെഹ്റുവിനെ കുറിച്ചോർക്കുമ്പോൾ ഒരു വല്ലായ്മ.
ഇന്നിപ്പോൾ മെഹറുന്നിസ ഗ്രാമത്തിലെ ഒറ്റപ്പെട്ട പ്രതിഭാസല്ല. ക്രമേണ വളർന്നു വലുതായിക്കൊണ്ടിരിക്കുന്ന ഒരു പുതിയ സമൂഹത്തിലെ കണ്ണി മാത്രം. അതൊന്നു കൊണ്ടുതന്നെയാണ് സ്വാഭാവികമായ ഒരു ദിനചര്യയെന്നപോലെ അവളെ വീക്ഷിക്കാൻ തുടങ്ങിയത്.
അവളെക്കുറിച്ചുള്ള കൊച്ചു കൊച്ചു വിവരങ്ങൾ എൻറെ കേസ് ഷീറ്റിലേക്കുവേണ്ടി ശേഖരിച്ചു തുടങ്ങിയതോടെ മറ്റുള്ള കേസുകളോടു പോലും വൈമുഖ്യം തോന്നിത്തുടങ്ങി.
അല്പസ്വല്പം രാഷ്ട്രീയ- കലാസാംസ്കാരിക പ്രവർത്തനങ്ങളുമായി സമയം കളയുന്ന ജമാലിന്റെ ഇടക്കിടെയുള്ള സാന്നിധ്യം ഗ്രാമത്തെ കുറിച്ചുള്ള പൊതു വിവരങ്ങളറിയാൻ ഏറെ സഹായിച്ചു.
ഷുഗർ മിൽക്കിൽ മരുന്നിറ്റിച്ച് പൊതിഞ്ഞു കൊടുക്കുമ്പോൾ പോലും മെഹ്റുവിനെ കുറിച്ചുള്ള വിചാരങ്ങൾ പൊതിയുടെ ഭദ്രത നഷ്ടപ്പെടുത്തുന്നതായി തോന്നി.
അസാധാരണ സിംപ്റ്റംസ് പ്രപടി പ്രകടിപ്പിക്കുന്ന മെഹറുവിനെ അപഗ്രഥനത്തിന് വിധേയകമാക്കിയപ്പോൾ ട്രോണിക് കേസല്ലെന്ന് തീർച്ചയായി.
എന്നാൽ അക്യൂട്ടും അല്ല.
ഇവയ്ക്ക് രണ്ടിനുമിടയിൽ അപൂർവമായി കണ്ടുവരാറുള്ള ഒരവസ്ഥ വിശേഷമാണ് മെഹ്റുവിനുള്ളതെന്നു ബോധ്യമായി.
ക്രമേണ ഞാനറിയുകയായിരുന്നു. അല്ല, എൻറെ പഠനത്തിൻറെ ഫലം വെളിവാവുകയായിരുന്നു. സങ്കീർണമായ ഒരു മാനസികാവസ്ഥ.
രോഗം അതിൻറെ അവസാന ഘട്ടത്തിലേക്ക് പ്രയാണമാരംഭിച്ചിരിക്കുന്നു എന്നുറപ്പായി.
ഈ ഗ്രാമം തന്നെ മനോരോഗത്തിനടിമയാണ്. പരിചയപ്പെട്ട ഓരോ വ്യക്തിയും ഓരോ തരം മനോരോഗംകൊണ്ട് തളക്കപ്പെട്ടവരാണ്. ഉത്തരമില്ലാത്ത കടങ്കഥകൾ പോലെ അവരൊക്കെ മെറ്റീരിയ മെഡിക്ക ആയിരുന്നു എന്നത് എന്നിൽ വല്ലാത്ത അമ്പരപ്പുളവാക്കി.
ഈയൊരു സാഹചര്യത്തിലാണ് മെഹറുവിനെ സുഖപ്പെടുത്താമെന്ന ആശ്വാസവാക്കുമായി ജമാലിനൊപ്പം അവളുടെ തറവാട്ടിലേക്ക് ഞാൻ പുറപ്പെട്ടത്.
കേട്ടുകൊണ്ടിരിക്കുന്ന വിശേഷങ്ങൾക്കിടയിൽ ആമിനുമ്മക്ക് അക്കാര്യം വിശ്വാസം വന്നില്ല.
ചികിത്സ കാലയളവിനെ കുറിച്ചും ചില പഥ്യത്തെക്കുറിച്ചുമൊക്കെ പണ്ടെന്നോ പഠിച്ച വാചകങ്ങൾ അതിന്റേതായ ശൈലിയിലൂടെ ഒരു പ്രസംഗം പോലെ അവതരിപ്പിച്ചപ്പോൾ ഒരു കൈ നോക്കാമെന്ന് ആമിനുമ്മക്കും തോന്നിക്കാണും.
" എല്ലാ വിവരങ്ങളും ഡോക്ടർക്ക് അറിയാലോ , എല്ലാം ഡോക്ടറുടെ ഇഷ്ടം പോലെ..."
ആമിനുമ്മയുടെ മിഴികളിൽ നനവ് പടർന്നു.
ആദ്യവാരത്തിൽ പ്രയോഗിക്കേണ്ട മരുന്നുകളും വൈറ്റമിൻ ടാബ്ലറ്റുകളും എൻറെ മസ്തിഷ്കത്തിൽ കിടന്ന് മറിഞ്ഞു കൊണ്ടേയിരുന്നു.
പിറ്റേ ദിവസം തന്നെ ചികിത്സ തുടങ്ങി.
അന്നത്തെ ആദ്യ കേസും മെഹറുന്നിസയാണ്.
വിഷാദത്തിന്റെ പ്രതീകമായി അഭിമുഖമിരിക്കുന്ന മെഹറു, അവളെന്നെങ്കിലും പഴയപടി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ സ്വയം ആശ്വസിച്ചു.
ഡിസ്പിരിനും എൻകേസിനും പൊടിച്ച് പൊതിയാക്കിക്കൊടുത്ത് ഹോമിയോ ചികിത്സയെ വഞ്ചിക്കുന്ന പല കൂട്ടുകാരെയും തനിക്കറിയാം.... അത്തരം കള്ളത്തരങ്ങളൊന്നുമിതല്ലാതെ തന്നെ മെഹ്റുവിൻറെ അസുഖം ഭേദമാക്കാൻ തനിക്ക് കഴിയുമെന്ന് തീർച്ചയുണ്ട്.
ബ്രയോണിയ സിക്സെക്സ്, ആർണിക്ക 200, നെക്സ് വോമിക തുടങ്ങിയ മരുന്നുകളും ഒരാഴ്ചത്തേക്കുള്ള ബ്ലാങ്ക് ടാബ്ലെറ്റുകളും പൊതിഞ്ഞുകൊണ്ടു വരുമ്പോൾ അവൾ പഴയ അതേ ഭാവത്തിൽ ഇരിക്കുകയാണ്. മേശപ്പുറത്ത് കൈകളൂന്നി ഒരു മെഡിക്കൽ ജേണലിന്റെ താളുകൾ അലസമായി മറിച്ചുനോക്കുന്നു.
കഴുത്ത് പറ്റേ വെട്ടിയിറക്കിയ ബ്ലൗസിന് മുകളിൽ നേർത്ത ഒരാവരണം പോലെയുള്ള സാരി ഊർന്നുവീഴാൻ തുടങ്ങുന്നു.മരുന്നു കഴിക്കേണ്ട ക്രമം പറഞ്ഞു കൊടുത്തു അടുത്തയാഴ്ച വരാൻ പറഞ്ഞു.
വലതു കൈയിൽ പിടിച്ച പൊതികളുമായി തിരിഞ്ഞുനടക്കുന്ന മെഹറുന്നിസക്കായി ഞാനേറെ സമയം നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു.
പുറത്ത് വരിവരിയായി നിൽക്കുന്ന
രോഗികൾ...
"ഓന് കൈപ്പുണ്യംണ്ട്ന്നാ തോന്ന്ണത്.
ഇക്കുട്ടീന്റെ മാറാത്ത ചൊമ മാറ്റീല്യേ,
ഇപ്പോ പള്ളേല് വേദനേത്രെ". അത് മാറുംന്ന് ഇക്ക് നല്ല നിശ്ചംണ്ട്"
അന്തരീക്ഷത്തിൽ അലയടിക്കുന്ന പ്രത്യാശയുടെ ചെറുകാറ്റ്.
🕳️
നിറഞ്ഞ ഉച്ചവയലിൽ കാലൻ കുട ചൂടി സൈക്കിളിൽ വരുന്ന തപാൽ ശിപായി വേലായുധൻ.
ഉമ്മക്കുട്ടിക്കുള്ള കത്ത് റജിസ്റ്റേഡ് അല്ലെന്ന് വേലായുധന്റെ മുഖം പറയുന്നു. വരാന്തയുടെ ഗ്രില്ലുകൾക്കിടയിലൂടെ നീണ്ടു വന്ന കൊഴുത്ത കൈകളിലേക്ക് അയാൾ കത്ത് ഏൽപ്പിച്ചു.
നരച്ച ചിരിയും കാലൻ കുടയുമായി വേലായുധൻ തിരിഞ്ഞു നടന്നു.
കത്തിലെ കൊച്ചു കയ്യക്ഷരങ്ങളിലൂടെ അയാളുടെ വിരൽത്തുമ്പിന്റെ നേർത്ത ഗന്ധം അവളറിഞ്ഞു. മനോഹരമായി കത്തെഴുതുന്ന മുനീർ വാസ്തവത്തിൽ അവളെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്. കണ്ടതും കാണാത്തതുമായ സ്വപ്ന ചിത്രങ്ങൾ കത്തിലുടനീളം പകർത്തിവെച്ച് ഭർതൃസമീപ്യം കിട്ടാത്തൊരു പെണ്ണിൻറെ മനസ്സിളക്കുന്നത് എന്തുമാത്രം ക്രൂരതയാണ്!
മെഹ്റുവിൻറെ പ്രഭാതങ്ങൾ നിശ്ചലതയോടെ പ്രകാശം പൊഴിച്ചു കൊണ്ടിരുന്നു. ഇടക്ക് അവയെ മറച്ചുകൊണ്ട് ചാര നിറം മാറുന്ന മേഘ കൂട്ടങ്ങളും അവളെ പൊതിഞ്ഞുകൊണ്ടിരുന്നു.
മുനീറിന്റെ കൂട്ടുകാരൻ നിസാർ അഹമ്മദ് അവധിയിൽ വരുന്നുണ്ടെന്ന് പണവും തുണിത്തരങ്ങളും ഒക്കെ കൊടുത്തയച്ചിട്ടുണ്ട് എന്നായിരുന്നു ആ കത്തിലെ ഉള്ളടക്കം.
പിന്നെ രാത്രിയുടെ ഏതോ യാമത്തിൽ മുനീറിന്റെ കൊച്ചു കയ്യക്ഷരങ്ങൾ ക്രമേണ വലുതായി അവളോടൊപ്പം ശയിച്ചു.
🕳️
ക്ലിനിക്കിലേക്കുള്ള ആളുകളുടെ പ്രവാഹം ക്രമേണ ഇല്ലാതായി. സ്വന്തം ചെലവിനുപോലും വരുമാനമില്ലാത്ത ദിവസങ്ങളുണ്ടായി. മരുന്നുകൾ പലതും തീർന്നു.
കടം പറഞ്ഞുപോയ രോഗികളെ പിന്നീട് കണ്ടതേയില്ല.
മരുന്നു വാങ്ങിക്കാൻ കുറച്ചു കാശിന്റെ കമ്മിയുണ്ടെന്ന് പറഞ്ഞ് ജമാലിനോട് പണം ചോദിച്ചു.
രസീത് പുസ്തകവും പേനയും പൈസയും അടങ്ങിയ ആ ബാഗിൽ നിന്ന് ജമാൽ നൂറിന്റെ പത്തു നോട്ടുകളെടുത്ത് നീട്ടി. ഒന്നിനും തികയില്ലെങ്കിൽ കൂടി ജാള്യതയോടെ അത് വാങ്ങിച്ചു.
പിന്നീട് പലപ്പോഴും അതാവർത്തിച്ചുകൊണ്ടിരുന്നു.
തൻറെ അവസ്ഥ അവനെ അറിയിക്കാതെ നിവൃത്തിയില്ലെന്ന് വന്നപ്പോൾ സത്യം തുറന്നു പറഞ്ഞു.
അതിന് വഴിയുണ്ടെന്നും പറഞ്ഞ് ജമാൽ തൻറെ സ്വതസിദ്ധമായ ചിരിയോടെ മൊഴിഞ്ഞു;
"എൻറെ കൂടെ കൂടിക്കോ, ജനസേവനം അത്ര മോശമായൊരു കാര്യമല്ലല്ലോ"
പ്രായോഗിക ജീവിതത്തെ എങ്ങനെ നേരിടണമെന്ന് സാഹചര്യമെന്നെ പഠിപ്പിച്ചു കൊണ്ടിരുന്നു. ശരിക്കു പറഞ്ഞാൽ ജമാലിലൂടെ ഞാൻ പഠിച്ചുകൊണ്ടിരുന്നു.
നിരന്തരമായ യോഗങ്ങളും പ്രസംഗങ്ങളും എൻറെ പ്രാക്ടീസിനെ പൂർണമായും നശിപ്പിച്ചു.
ഒരു ലോക്കൽ നേതാവിന് കിട്ടേണ്ടതായ എല്ലാ സ്വീകാര്യതയും ജനങ്ങളിൽ നിന്നെനിക്ക് ലഭിച്ചുകൊണ്ടിരുന്നു. ഹോമിയോ ചികിത്സയെക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നത് രാഷ്ട്രീയത്തിലൂടെയാണെന്ന പുതിയ തിരിച്ചറിവ് മുന്നോട്ടുള്ള പ്രയാണത്തിന് ധൈര്യം പകർന്നു.
🕳️
വരാന്തയിലെ ചാരുകസേനയിലിരുന്ന് വാരികയിലെ ചോദ്യോത്തര പംക്തി നോക്കുകയാണ് മഹറുന്നിസ.
പൊടിപറത്തി വന്ന കറുത്തകാറ് പടിപ്പുരക്കടുത്തു നിന്നു.
ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നെഴുതിയ വെളുത്ത പ്ലാസ്റ്റിക് ബാഗ് പിടിച്ച് ഒരു ചെറുപ്പക്കാരൻ പടിപ്പുര തുറന്നുവരുന്നു.
സാരിയുടെ അറ്റം തലയിലൂടെയിട്ട് മെഹറുന്നീസ കസേരയിൽ നിന്ന് എഴുന്നേറ്റപ്പോഴേക്കും ആമിനുമ്മ വരാന്തയിലേക്ക് വന്നു.
"അസ്സലാമു അലൈക്കും"
ആഗതൻ പറഞ്ഞു.
" വ അലൈക്കുമുസ്സലാം"
മെഹറുവും ആമിനുമ്മയും ഒന്നിച്ച് മറുപടി ചൊല്ലി.
ആമിനുമ്മ എന്തോ ചോദിക്കാൻ തുനിഞ്ഞപ്പോഴേക്കും വന്നയാൾ പറഞ്ഞു:
"ഞാൻ ദുബായീല്ള്ള നിങ്ങളെ മോൻ മുനീറിന്റെ സ്നേഹിതനാണ്, നിസാറ്. വീട് ,കാക്കനാട്. എറണാകുളത്തിനടുത്ത്"
അയാൾ ഒറ്റ വീർപ്പിന് ഇത്രയും പറഞ്ഞു നിർത്തി. ചാരകസേരയിൽ ഇരുന്ന് ചുറ്റുപാടും വീക്ഷിച്ചു.
മകൻ കൊടുത്തയച്ച കത്തുകളും സാധനങ്ങളും ആമിനുമ്മ കൈപ്പറ്റി. അനന്തരം,
സാധനങ്ങൾ കൊണ്ടുവെക്കാനായി അവരകത്തേക്ക് പോയി.
"പേടിക്കേണ്ട മുനീർ അടുത്ത് വരുംട്ടോ..."
ശബ്ദം കുറച്ച് മെഹ്റു കേൾക്കാൻ പാകത്തിന് നിസാർ മൊഴിഞ്ഞു.
ഒരു ഒരു നിമിഷം നെഹ്റുവിൻറെ കവിളിൽ അരുണിമ നിറയുന്നതും പൊടുന്നനെ അതപ്രത്യക്ഷമാകുന്നതും നിസാർ കണ്ടു.
ചെറുതായെന്ന് പുഞ്ചിരിച്ച മെഹറുവിൽ സ്ഥായിയായ വിഷാദ ഭാവം പരന്നപ്പോൾ ചോദിക്കണമെന്ന് കരുതിയിരുന്ന വാചകങ്ങളെല്ലാം നിസാറിന്റെ ഉള്ളിൽ തന്നെ എവിടെയോ ഒളിച്ചു.
മുകളിൽ കടമ തീർക്കാനെന്നവണ്ണം കറങ്ങിക്കൊണ്ടിരിക്കുന്ന പങ്കയുതിർക്കുന്ന കാറ്റിന് നൊമ്പരത്തിന്റെ സംഗീതം.
കനപ്പെട്ട മനസ്സുമായി ഭാവഭേദങ്ങളില്ലാതെ നിശ്വാസമുതിർത്തു നിൽക്കുന്ന മെഹറുവിനോട് സഹതാപം തോന്നി.
തൻറെ ഭാര്യയുടെ പതംപറച്ചിൽ നിസാർ ഒരു നിമിഷമോർത്തു.
ഈ വലിയ വീടിൻറെ വൃത്തപരിധിയിൽ മനസ്സുതുറന്ന് ഒന്നുറക്കെ ചിരിക്കാൻ പോലും കഴിയാതെ ജീവിക്കുന്ന മഹറുവിനെ ഓർത്ത് അയാളിൽ സങ്കടം നിറഞ്ഞു
തപ്പിത്തടഞ്ഞ് കത്ത് വായിക്കുന്ന ആമനുമ്മയുടെ ശബ്ദം വടക്കിനിയിൽ നിന്ന് കേൾക്കുന്നു.
കമ്പ്യൂട്ടർ സാരിയുതിർക്കുന്ന കൊച്ചുതിരകൾ അവളുടെ കാൽപാദങ്ങളെ മുത്തം വെച്ചുകൊണ്ടിരിക്കുന്നു.
പൊടുന്നനെ ഒരു പുഞ്ചിരി യുതിർത്തുകൊണ്ട് മെഹറുന്നീസ തിരിഞ്ഞു നടന്നു.
തൻറെ ഭാര്യയുടെയും ഇവളുടെയുമൊക്കെ ദുർവ്വിധിയെക്കുറിച്ച് ഓർത്തപ്പോൾ നിസാറിന്റെ മനസ്സിൽ വിഷാദത്തിന്റെ വീണ നാദം.
🕳️
വെളിച്ചം കാണാത്ത അറകളും ആളനക്കമില്ലാത്ത പരിസരവും മാത്രം കൂട്ടിനുള്ള മെഹറുന്നീസ ആർക്കൊക്കെയോ വേണ്ടി ഉണ്ണുകയും ഉറങ്ങുകയും കുളിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
വീണുടയുന്ന ഒഴിവു നേരങ്ങളിൽ പൊട്ടിയ ഒരു കണ്ണാടിയിലൂടെയെന്നവണ്ണം മുനീറിന്റെ മുഖം മിന്നിമറയുന്നു.കിനാവിന്റെ അറയിൽ അടക്കിവെച്ച ഗദ്ഗതം അണപൊട്ടി ഒഴുകുന്നത് അപ്പോഴാണ്.
ആദ്യത്തെ അവധി കഴിഞ്ഞ് മുനീർ തിരിച്ചുപോയതിന്റെ പിറ്റേന്നാണ് മെഹറുവിന് ബോധക്ഷയമുണ്ടായത്.
സ്വാഭാവികമായുള്ള ചികിത്സയായ മന്ത്രച്ചരടിന് വേണ്ടിയാണ് പള്ളിമുക്രി കൂടിയായ മൊല്ലയെ ആമിനുമ്മ സമീപിച്ചത്.
രോഗത്തിൻറെ സ്വഭാവം കേട്ടതോടെ അയാൾ പുരക്കകത്തേക്കു പോയി. ആധിയുമായി ആമിനുമ്മ പുറത്ത് തിണ്ണയിലും.
മന്ത്രമുരുവിട്ട് കെട്ടുകളുണ്ടാക്കിയ ഒരു കറുത്ത ചരടൂം "പിഞ്ഞാണത്തിലെഴുത്തും" മൊല്ല ആമിനുമ്മക്ക് കൊടുത്തു.
ഭക്തിയോടെ അവ ആമിനുമ്മ വാങ്ങുന്നതിനിടക്ക് അയാൾ പറഞ്ഞു: "യാസീൻ ഓതി ദുആ ഇരക്കണം.ജിന്നുകളുടെയും ഇഫ്‌രിതുകളുടെയും കളിയാണിത്"
എന്നാൽ, മന്ത്രച്ചരടണിഞ്ഞിട്ടും, പിഞ്ഞാണത്തിലെഴുത്ത് കലക്കി കുടിച്ചിട്ടും മെഹറുവിന്റെ ബോധം ഇടക്കിടെ നഷ്ടപ്പെട്ടു കൊണ്ടിരുന്നു. ആശ്വാസം അകലെയാണെന്ന് കണ്ടതോടെയാണ് അയൽ ഗ്രാമത്തിലെ പേരുകേട്ട മറ്റൊരു മന്ത്രവാദിയെ തേടാൻ ആമിനുമ്മയെ പ്രേരിപ്പിച്ചത്.
ആഗ്രഹിച്ചതുപോലെ ആളെ കിട്ടി.
നടത്തേണ്ട കർമ്മങ്ങളെ കുറിച്ചയാൾ വിശദീകരിക്കുകയും ദിവസം നിശ്ചയിക്കുകയും ചെയ്തു.
പറങ്കിമാവിൻറെ ചില്ലകൾക്കിടയിലൂടെ കട്ടികുറഞ്ഞ ഇരുട്ട് ഊർന്നിറങ്ങി.
വരാന്തയിലെ ഫ്ലോറസൻറ് ലാമ്പിന് ചുറ്റും വട്ടമിട്ടു പറക്കുന്ന പ്രാണികളെ പിടിക്കാൻ നോക്കുന്ന പല്ലികൾ...
രാത്രി വളരുകയാണ്.
ദുബായിക്കാരൻ" പുതിയാപ്ല" കഴിഞ്ഞപ്രാവശ്യം കൊണ്ടുവന്നു ഘടിപ്പിച്ച മെർക്കുറി ലാമ്പ് പാൽവെളിച്ചം ചുരത്തുന്നു.
അതിൻറെ മൂർച്ചയേറിയ രശ്മികൾ മഹറുവിന്റെ ഡിസ്ക്കോ തട്ടത്തിന്റെ കസവുകളിൽ തട്ടിത്തിളങ്ങി.
കറുത്തവാവിന്റെ ദിനത്തിൽ രണ്ടാം യാമത്തിൽ മന്ത്രവാദി പ്രത്യക്ഷപ്പെട്ടു.
എതിരേൽക്കാൻ തയ്യാറായി നിൽക്കുന്ന ആമിനുമ്മയും അടുത്ത ബന്ധുക്കളും മന്ത്രവാദിയെ വരവേറ്റു.
ഇടം വലം ശ്രദ്ധിക്കാതെ മന്ത്രവാദി അകത്തുകയറി.
അകത്തളത്തെ ചിത്രപ്പണികളുള്ള തൂണിനടുത്തേക്ക് മെഹ്റു മാറി നിന്നു.
തയ്യാറാക്കിയ അറയിൽ കയറിയ മന്ത്രവാദി ചുറ്റുപാടുകളെ വീക്ഷിച്ചു കൊണ്ട് ഇടതു കൈയിൽ ഒരു കിണ്ടി വെള്ളവും വലതു കൈയിൽ ചൂരലുമായി മുറിവട്ടം ചുറ്റി.
പിന്നെ മെഹറുവിനെ വിളിപ്പിച്ചു. സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്ന മഹറു മണവാട്ടിയുടെ മൗനത്തോടെ മണിയറയിലേക്കെന്നപോലെ അറയിലേക്ക് പ്രവേശിച്ചു.
അടച്ചുപൂട്ടിയെ അറയിൽ മന്ത്രവാദി കുറുമനും മെഹറുവും! നേർത്ത അട്ടഹാസവും മണികിലുക്കവും അനുസ്യൂതം കേൾക്കുമ്പോൾ അതിലുപരി മുഴങ്ങുന്ന ശബ്ദത്തിൽ കോലായിൽ വിരിച്ച പുൽപ്പായയിൽ ഇരുന്ന് ബന്ധുക്കൾ ദിക്റ് ചൊല്ലി.
താമസിയാതെ ലഭിക്കാനിരിക്കുന്ന സദ്യയെ ഓർത്തവർ ദിക്റ് ചൊല്ലുന്നതിന്റെ ഈണവും താളവും വർദ്ധിപ്പിച്ചു കൊണ്ടിരുന്നു.
പണ്ട് എൻറെ ഗ്രാമത്തിലുണ്ടായിരുന്ന ഒരു മന്ത്രവാദിയെ ഞാനോർത്തു.
ശൈത്താൻ എന്നായിരുന്നു അയാളുടെ പേര്. അയാളുടെ ഏക മകൻ പീന ജന്മനാ പ്രാന്തനായിരുന്നു. കുട്ടിക്കാലത്ത് ഒരിക്കൽ ഇടവഴിയിലൂടെ പുഴയിലേക്ക് പോകുമ്പോൾ എതിരെ വരുന്നു പീന. പേടി തോന്നി അടുത്തു കണ്ട മരച്ചോട്ടിൽ മൂത്രമൊഴിക്കാനെന്ന വ്യാജേന കുന്തിച്ചിരുന്നു.
അപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത്.
ഓ .... വീട്ടിൽ
ഓടിട്ട.... വീട്ടിൽ
ഓള്ടെ ചാഞ്ഞു നടത്തവും
ചന്തി കുലിക്കലും
എന്തൊരു ചന്തമെടാ....
പതിവുപാട്ട് ഈണത്തിൽ പാടി പീന തന്നെ ശ്രദ്ധിക്കാതെ കടന്നുപോയി
അപ്പോൾ മാത്രമാണ് കൈകാലുകളുടെ വിറയൽ നിന്നത്.
ഞാനപ്പോൾ അവൻറെ ബാപ്പ ശൈത്താൻ കുഞ്ഞിതുവിനെ ഓർത്തു;
ഏതോ ദുഷ്കർമ്മം തിരിച്ചടിച്ചത് കാരണം അദ്ദേഹത്തിൻറെ കൈവിരലുകൾ നിവർത്താനാകുമായിരുന്നില്ല. വല്ലപ്പോഴും മാത്രം കാണാറുള്ള കുഞ്ഞീതുവിന്റെ
വെള്ളത്തുണിയിൽ മൂടപ്പെട്ട മൃതദേഹമാണ് അവസാനമായി കാണുന്നത്. കടലുണ്ടി പുഴയിലെ കലങ്ങിയ വെള്ളം ആമത്തോട്ടിലൂടെ കയറി വന്ന് ഗ്രാമത്തെ വിറപ്പിച്ച ഒരു വർഷകാല സന്ധ്യയിൽ...
ജിന്നുകളും ഇഫ്രീത്തുകളും അയാളുടെ മൃതദേഹത്തിന് കാവലിരിക്കുന്നുണ്ടാകും, അതുകൊണ്ട് ആ വഴിക്കൊന്നും പോകരുതെന്ന് ഉമ്മ വിലക്കിയിരുന്നു. എന്നാൽ ജിന്നുകളെയും കാണാനുള്ള അദമ്യമായ മോഹം ഉള്ളിലുദിച്ചതോടെ കുഞ്ഞുതുവിന്റെ മയ്യത്ത് കാണാൻ തീരുമാനിക്കുകയായിരുന്നു.
മന്ത്രവാദികളുടെ റൂഹ് വിട്ടുപിരിയാൻ ഏറെനേരം വേണ്ടിവരുമെന്നും പിന്നീട് ഉമ്മ പറഞ്ഞു തന്നിരുന്നു .അതിൻറെ കാരണമൊന്നും ഉമ്മക്കും അറിയില്ലായിരുന്നു.
രണ്ടാം യാമത്തിനുശേഷം പുറത്തിറങ്ങിയ മെഹറുവിന്റെ നനഞ്ഞ കൺമഷിക്കിടയിൽ പൂനിലാവിന്റെ തെളിച്ചം. പതിലാം രാവിൻറെ ശോഭയോടെ മെഹ്റുവിൻറെ മുഖം തുടുത്തിരുന്നു .
🕳️
കൊഴിഞ്ഞുവീണ യാഥാർത്ഥ്യങ്ങളുടെ മധുര സ്മരണകളുമായി മുറ്റത്തിന്റെ കോണിലുള്ള ബദാം മരച്ചുവട്ടിൽ എങ്ങോ കണ്ണുനട്ടിരിക്കുന്ന മെഹറുന്നീസ.
വെളുത്ത ഒരു പൂച്ചക്കുഞ്ഞ് അവളുടെ കാൽക്കീഴിൽ കിടന്ന് ഉരുണ്ട് കളിക്കുന്നു.
കൗമാരത്തിന്റെ പുതുമുഖവുമായി ഗ്രാമത്തിൻറെ തന്നെ മൊത്തം അഴകായി അഹങ്കരിച്ചിരുന്ന കാലം ഓർമ്മയിൽ വിടർന്നു നിന്നു.
🕳️
നിസാറിന്റെ രണ്ടാം സന്ദർശനം മെഹറുവിൽ സന്തോഷത്തിന്റെ ഇതളുകൾ വിരിയിച്ചു. ഇടയ്ക്കിടെ ഉണ്ടാവുന്ന നെഹ്റുവിൻറെ അസുഖത്തെക്കുറിച്ച് പരാജയപ്പെട്ട പലയിനം ചികിത്സകളെക്കുറിച്ചും ആമിനുമ്മ വേദനയോടെ നിസാറിനെ കേൾപ്പിച്ചു .പട്ടണത്തിലെ പ്രശസ്തനായ ഡോക്ടറെ കാണിക്കാനാണ് നിസാർ ഉപദേശിച്ചത്. അങ്ങനെ ഒരു ദിവസം ആമിനുമ്മയും മഹറുവും നിസാറിന്റെ കറുത്ത കാറിൽ കയറി പട്ടണത്തിലേക്ക് യാത്രയായി. അന്ന് രാത്രി നിസാറിന്റെ വീട്ടിൽ തങ്ങി.നിസാറിന്റെ ഭാര്യയുമായി മെഹറു വളരെ വേഗം അടുത്തു. പിന്നെ അഴ്ച്ചതോറും മുടക്കം കൂടാതെ എത്തുന്ന നിസാറിൻറെ കൂടെ മെഹറുവിനെ പട്ടണത്തിലേക്കയച്ചു.
നിസാറിന്റെ അവധി തീരും മുൻപേ മഹറുവിന്റെ അസുഖം ഭേദമാകാൻ ആമിനുമ്മ എല്ലാ വെള്ളിയാഴ്ചകളിലും യത്തീം കുട്ടികൾക്ക് വെച്ചുവിളമ്പി.
🕳️
ഊണുകഴിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഇനിയെന്ത് എന്ന ചിന്ത അലട്ടിയത്, സിനിമ കണ്ടാലോ?
തീരുമാനിച്ചു, സിനിമ കാണുക തന്നെ.
ഉയരങ്ങളിൽ സ്ഥാപിച്ച കട്ടൗട്ടുറുകളെ നോക്കി സൗത്ത് റെയിൽവേ സ്റ്റേഷൻ വഴി നടന്നു ജോസ് ജംഗ്ഷനിലെത്തി.
പുസ്തകച്ചന്തയും കൈത്തറി റിഡക്ഷൻ സ്റ്റാളും വഴിയോരക്കാഴ്ചകളായി.
ബോട്ട് ജെട്ടിയിലേക്ക് തിരിയുന്ന ജംഗ്ഷനിൽ സ്ഥാപിച്ച പ്രതിമ കായൽ കാറ്റേറ്റ് തണുത്തു മരവിച്ചു നിൽക്കുന്നു.
ഏതെങ്കിലും കൊച്ചി രാജാവായിരിക്കുമെന്ന് തോന്നി.
വിപ്ലവ പാർട്ടിയുടെ സൂക്തങ്ങൾ നിറഞ്ഞ പോസ്റ്ററുകൾ പ്രതിമയുടെ കാലുകൾക്ക് ചുറ്റും പതിച്ചിരിക്കുന്നു.
ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു, പാർക്കിൽ കയറി. ബഹളം കുറഞ്ഞ പാർട്ടി മഹാരാജാസിലെയും ലാ കോളേജിലെയും മുതിർന്ന കുട്ടികൾ.
പ്രവേശന കവാടത്തിന് തൊട്ടരികെ കമ്പി വലക്കൂട്ടിൽ ഇണക്കുരങ്ങുകൾ. കുരങ്ങുകളുടെ കൂടും കഴിഞ്ഞ് കായൽ വക്കിലെ കരിങ്കൽ പടവിൽ ഇരുന്നു.
കപ്പലണ്ടി വിൽക്കുന്ന കുട്ടികൾ ചുറ്റും കൂടി. ഒന്നും വാങ്ങാൻ തോന്നിയില്ല.
സന്ധ്യ ആയിട്ടില്ല, എന്നിട്ടും പാർക്കിൽ നിയോൺ വെളിച്ചം പരന്നു.
കൊച്ചു കൊച്ചു മരങ്ങളുടെ നിഴലിൽ ഇരിക്കുന്ന കൗമാരങ്ങൾ അല്പം നഗരം സൃഷ്ടിച്ചു.
പൊടുനെയാണ് ഞാൻ മഹറുവിനെ കണ്ടത്. തനിച്ചിരുന്ന് കടല കൊറിക്കുന്ന മഹറു, അവൾ തന്നെയാണോ എന്ന് സംശയം ബാക്കി നിന്നു . അത്ഭുതത്തിന്റെ നനുത്ത തിരമാലകൾക്കുള്ളിൽ ഞാനകപ്പെട്ടു.
കായലിലൂടെ കടന്നു പോകുന്ന ഫെറി ബോട്ടുകളെ ശ്രദ്ധിച്ചുകൊണ്ട് ഞാൻ മെഹ്റുവിൻറെ അടുത്തേക്ക് നടന്നു നീങ്ങി.
ആകാശച്ചെരുവിലേക്ക് ഒലിച്ചിറങ്ങുന്ന വർണ്ണക്കൂട്ടുകൾ മെഹറുവിന്റെ കവിൾ പരപ്പിൽ അടിഞ്ഞുകൂടിയിരിക്കുന്നു.
പാദപതനം കേട്ട് തിരിഞ്ഞു നോക്കിയ മെഹ്റുവിൻറെ കണ്ണുകളിൽ ഭയത്തിന്റെ നിഴലുകൾ നിറഞ്ഞു.
"ഡോക്ടറെന്താ ഇവിടെ?"
അവളുടെ ശബ്ദം എനിക്ക് പരിചിതമായതിലും നേർത്ത തായിരുന്നു.
"ഞാൻ കോടതിയിൽ വന്നതാണ്,
ഇനിയിപ്പോ നാളെയേ കാര്യം നടക്കൂ...
"നീയിവിടെ എന്താ ഒറ്റയ്ക്ക്?ഇന്നുച്ചക്ക് നിങ്ങളെ രണ്ടാളെയും ഞാൻ ഹോട്ടലിൽ വച്ച് കണ്ടല്ലോ ,എന്നിട്ട് മുനീറെവിടെ?"
എവിടെനിന്നോ പറന്നെത്തിയ ഒരു പറ്റും പക്ഷികൾ കലപില ശബ്ദത്തോടെ കായലിന്റെ ഇരുട്ടിലേക്ക് ഊളിയിട്ടു.
"ഞാൻ മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടറെ കാണാൻ വന്നതാണ്"
മെഹറു സാവധാനം പറഞ്ഞു തുടങ്ങി.
പാഞ്ഞുപോയ ഒരു സ്പീഡുബോട്ടുതീർത്ത അലകൾ കായൽ ഭിത്തിയിൽ തട്ടിത്തെറിപ്പിച്ച് ശബ്ദമുണ്ടാക്കി.
"ഞാൻ.... അല്ല, ഞങ്ങൾ ആസ്പത്രി റോഡിലെ ലോഡ്ജിലാണ് താമസം. നിസ്സാറിക്ക വീട്ടിൽ പോയതാണ്. ഇനി നാളെ രാവിലെ വരും."ലേശം മലർന്ന ചുണ്ടിൽ മൂർച്ചയുള്ള ചിരിയുടെ അവശിഷ്ടങ്ങൾ മാത്രം കണ്ടു.
കായൽ പരപ്പിലെ തളംകെട്ടിയ കട്ടികൂടിയ ഇരുട്ട് പാർക്കിലേക്ക് പടർന്നു കയറുന്നു.
ചമയങ്ങളില്ലാതെ വന്യമായ ഏതോ ദാഹത്തിനടിമപ്പെട്ട മെഹറു പൊടുന്നനെ എൻറെ കൈ പിടിച്ച് നടക്കാൻ തുടങ്ങി. പാർക്കിൽ നിന്ന് പുറത്തു കടന്ന് ഞങ്ങൾ ആശുപത്രി റോഡിലേക്ക് പ്രവേശിച്ചു. അപ്പോഴും അവൾ എന്തൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു .തെരുവ് വിളക്കുകളുടെ പ്രകാശത്തിന്റെ സാന്ദ്രത കുറഞ്ഞു കുറഞ്ഞു ക്രമേണ അവിടമികെ ഇരുൾമൂടി. ആ ഇരുട്ടിൽ മെഹറുന്നീസയുടെ വിരലുകളുടെ സ്പർശം എന്നെ കോരിത്തരിപ്പിച്ചു.

വി വി ബഷീർ
കഥാകാരൻ