ജീവിതത്തിൻറെ അർത്ഥാന്വോഷണം
31 October 2026 | Literature

"രോഗനിർണയം പോളിന്റെ ഭാവിയെക്കുറിച്ചുള്ള ധാരണകളെ തകർത്തു. ശസ്ത്രക്രിയാരംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും ഗവേഷണം തുടരാനും ഭാര്യ ലൂസിയോടൊപ്പം ദീർഘമായൊരു ജീവിതം നയിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു"

മരണം അടുത്തെത്തിയെന്ന തിരിച്ചറിവ് ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കും? ഇതുവരെ പിന്തുടർന്ന സ്വപ്നങ്ങൾക്കും നേടിയ അറിവുകൾക്കും സ്നേഹബന്ധങ്ങൾക്കും അപ്പോൾ എന്ത് അർത്ഥമാണ് ശേഷിക്കുന്നത്? അമേരിക്കൻ ന്യൂറോ സർജൻ പോൾ കലാനിധിയുടെ When Breath Becomes Air എന്ന ആത്മകഥ മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളാണിവ. മാരകമായ രോഗത്തെ നേരിട്ട ഒരു ഡോക്ടറുടെ അനുഭവവിവരണം എന്നതിലുപരി, ജീവിതത്തിന്റെ അർത്ഥം അന്വേഷിച്ച ഒരാൾ മരണത്തെ അഭിമുഖീകരിക്കുമ്പോൾ നടത്തുന്ന ആത്മപരിശോധനയാണ് ഈ പുസ്തകം. അതോടൊപ്പം, തനിക്കുശേഷവും വളർന്നുകൊണ്ടിരിക്കുന്ന മകൾക്കായി സ്വന്തം ജീവിതവും ചിന്തകളും വാക്കുകളിൽ അവശേഷിപ്പിക്കാനുള്ള ശ്രമം കൂടിയാണിത്.
സാഹിത്യത്തിലും ശാസ്ത്രത്തിലും ഒരുപോലെ താൽപര്യമുണ്ടായിരുന്ന പോൾ കലാനിധി സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യവും മനുഷ്യജീവശാസ്ത്രവും പഠിച്ചു. പിന്നീട് കേംബ്രിഡ്ജ് സർവകലാശാലയിൽ ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ചരിത്രവും ദർശനവും അഭ്യസിച്ച അദ്ദേഹം യേൽ സർവകലാശാലയിൽനിന്ന് വൈദ്യശാസ്ത്രബിരുദം നേടി. മനുഷ്യജീവിതത്തെ സാഹിത്യത്തിന്റെ വൈകാരികതയിലൂടെയും ശാസ്ത്രത്തിന്റെ യുക്തിയിലൂടെയും മനസ്സിലാക്കാൻ ശ്രമിച്ച അദ്ദേഹത്തിന്, മനുഷ്യന്റെ ശരീരത്തെ ചികിത്സിക്കുന്നതിനൊപ്പം ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള ചോദ്യങ്ങളും പ്രധാനമായിരുന്നു. എന്നാൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചിരുന്ന ഈ ഡോക്ടർക്ക് മുപ്പത്തിയഞ്ചാം വയസ്സിൽ ശ്വാസകോശത്തിൽ പടർന്ന കാൻസർ ബാധിച്ചതായി കണ്ടെത്തിയപ്പോൾ, മരണത്തെക്കുറിച്ചുള്ള ചിന്ത ഒരു ബൗദ്ധിക അന്വേഷണത്തിൽ മാത്രം ഒതുങ്ങിയില്ല. അത് സ്വന്തം ജീവിതത്തിന്റെ ഭാഗമായ യാഥാർഥ്യമായി മാറി.
രോഗനിർണയം പോളിന്റെ ഭാവിയെക്കുറിച്ചുള്ള ധാരണകളെ തകർത്തു. ശസ്ത്രക്രിയാരംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും ഗവേഷണം തുടരാനും ഭാര്യ ലൂസിയോടൊപ്പം ദീർഘമായൊരു ജീവിതം നയിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ രോഗത്തിന്റെ പുരോഗതിയും ചികിത്സയുടെ അനിശ്ചിതത്വവും ആ പദ്ധതികളെല്ലാം ചോദ്യംചെയ്തു. രോഗികൾക്ക് രോഗവിവരങ്ങൾ വിശദീകരിക്കുകയും അവരുടെ ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുകയും ചെയ്തിരുന്ന ഡോക്ടർ ഇപ്പോൾ സ്വന്തം ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ നേരിടേണ്ടിവന്നു. വൈദ്യശാസ്ത്രപരമായ അറിവ് രോഗത്തെ മനസ്സിലാക്കാൻ സഹായിച്ചെങ്കിലും അതുണ്ടാക്കിയ ഭയത്തെയും മരണസാധ്യതയെയും പൂർണമായി ഇല്ലാതാക്കാൻ അതിന് കഴിഞ്ഞില്ല.
ഈ അനുഭവം പോളിന്റെ ജീവിതവീക്ഷണത്തിൽ നിർണായകമായ മാറ്റമുണ്ടാക്കി. ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ പല ധാരണകളും ഭാവി ഉറപ്പുള്ളതാണെന്ന വിശ്വാസത്തിലാണ് നിലനിൽക്കുന്നത്. തൊഴിൽ, നേട്ടങ്ങൾ, സാമ്പത്തിക സുരക്ഷ, സാമൂഹിക അംഗീകാരം എന്നിവയ്ക്കായി നാം പദ്ധതികൾ തയ്യാറാക്കുന്നു. എന്നാൽ ജീവിതം എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്ന തിരിച്ചറിവ് ഈ മുൻഗണനകളെ പുനഃപരിശോധിക്കാൻ നിർബന്ധിതരാക്കുന്നു. പോളിന്റെ അനുഭവത്തിൽ ഈ മാറ്റം വ്യക്തമാണ്. ഇനി എത്രകാലം ജീവിക്കാനാകും എന്ന ചോദ്യം മാത്രമല്ല അദ്ദേഹത്തെ അലട്ടിയത്; ശേഷിക്കുന്ന സമയം എങ്ങനെ ജീവിക്കണം എന്നതും അത്രതന്നെ പ്രധാനമായി.
ഗുരുതരമായ രോഗം ഒരാളുടെ സ്വകാര്യാനുഭവത്തിൽ ഒതുങ്ങുന്നില്ല. അതിനൊപ്പം ജീവിക്കുന്നവരുടെ പ്രതീക്ഷകളെയും ഭയങ്ങളെയും അത് മാറ്റുന്നു. പോളിന്റെ ഭാര്യ ലൂസിക്കും ഭർത്താവിന്റെ രോഗാവസ്ഥ വലിയ

വൈകാരികഭാരമായിരുന്നു. ഒരുമിച്ച് ആസൂത്രണം ചെയ്ത ഭാവി എത്രത്തോളം സാധ്യമാകുമെന്ന് അറിയാത്ത സാഹചര്യത്തിൽ ജീവിതത്തിലെ ഓരോ തീരുമാനവും കൂടുതൽ സങ്കീർണമാവുകയായിരുന്നു. എന്നിരുന്നാലും, രോഗം അവരുടെ ജീവിതത്തെ പൂർണമായി നിയന്ത്രിക്കാൻ അവർ അനുവദിച്ചില്ല. അനിശ്ചിതത്വം നിലനിൽക്കുമ്പോഴും ജീവിതവുമായി ബന്ധം തുടരാനുള്ള തീരുമാനമാണ് അവർ സ്വീകരിച്ചത്.
അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് മകൾ കേഡിയുടെ ജനനം. പോളിന്റെ രോഗാവസ്ഥ കണക്കിലെടുക്കുമ്പോൾ ഒരു കുഞ്ഞിനെക്കുറിച്ച് തീരുമാനിക്കുന്നത് എളുപ്പമായിരുന്നില്ല. മകളുടെ വളർച്ച കാണാൻ കഴിയുമോ, അവൾക്കൊപ്പം എത്രകാലം ജീവിക്കാനാകും, അച്ഛന്റെ സാന്നിധ്യമില്ലാതെ അവൾ വളരേണ്ടിവരുമോ തുടങ്ങിയ ചോദ്യങ്ങൾ അവരുടെ മുന്നിലുണ്ടായിരുന്നു. എങ്കിലും ഭാവിയെക്കുറിച്ചുള്ള ഉറപ്പില്ലായ്മ ജീവിതത്തെ നിരസിക്കാനുള്ള കാരണമാകരുതെന്ന് അവർ തീരുമാനിച്ചു.
കേഡിയുടെ ജനനം പോളിന്റെ ജീവിതത്തിന് പുതിയൊരു അർത്ഥം നൽകി. സ്വന്തം ജീവിതത്തിന്റെ ദൈർഘ്യത്തെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന അദ്ദേഹം, ഇനി തനിക്കുശേഷവും തുടരുന്ന ഒരു ജീവിതത്തെക്കുറിച്ചും ചിന്തിക്കേണ്ടിവന്നു. മകളോടൊപ്പം ചെലവഴിക്കാനാകുന്ന സമയം പരിമിതമായിരിക്കാമെന്ന അറിവ് വേദനാജനകമായിരുന്നു. എന്നാൽ ആ പരിമിതി മകളോടുള്ള സ്നേഹത്തിന്റെ മൂല്യം കുറച്ചില്ല. മറിച്ച്, തനിക്ക് നേരിട്ട് പങ്കിടാൻ കഴിയാതെപോകുന്ന അനുഭവങ്ങൾ അവൾക്കായി എങ്ങനെ അവശേഷിപ്പിക്കാമെന്ന ചിന്തയ്ക്ക് പ്രാധാന്യം നൽകി.
ഈ പശ്ചാത്തലത്തിലാണ് When Breath Becomes Air എന്ന പുസ്തകത്തിന്റെ വൈകാരികമായ പ്രത്യേകത തെളിയുന്നത്. പോൾ തന്റെ രോഗത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ചിന്തകൾ രേഖപ്പെടുത്തുമ്പോൾ, അവയെ ലോകവുമായി പങ്കുവെക്കുക മാത്രമല്ല ചെയ്തത്. തന്റെ ജീവിതത്തെ നേരിട്ട് അറിയാൻ കഴിയാത്ത ഒരു ഭാവി മകൾക്കായി സ്വന്തം അനുഭവങ്ങളും ചിന്തകളും അവശേഷിപ്പിക്കാനുള്ള വഴിയും അദ്ദേഹം ഒരുക്കുകയായിരുന്നു. അച്ഛന്റെ സാന്നിധ്യം അവൾക്ക് ദീർഘകാലം ലഭിക്കാതെപോയാലും, അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ആ ജീവിതത്തെ അടുത്തറിയാൻ കഴിയുമെന്ന സാധ്യത ഈ രചനയ്ക്കുണ്ട്. അതുകൊണ്ട് പുസ്തകത്തെ മകൾക്കുള്ള ഒരു സ്വകാര്യസന്ദേശമായി മാത്രം കാണാനാവില്ലെങ്കിലും, അവൾക്കായി അവശേഷിപ്പിച്ച ഒരു ജീവിതരേഖ എന്ന നിലയിൽ അതിന് പ്രത്യേകമായ അർത്ഥമുണ്ട്.
പോളിന്റെ സാഹിത്യപഠനം ഈ രചനയുടെ ആഴം മനസ്സിലാക്കാൻ സഹായിക്കുന്നു. അദ്ദേഹം രോഗത്തെ വൈദ്യശാസ്ത്രപരമായ സംഭവങ്ങളുടെ ക്രമമായി മാത്രം അവതരിപ്പിക്കുന്നില്ല. ശരീരത്തിന്റെ തകർച്ചയ്ക്കിടയിൽ മനസ്സിലുണ്ടാകുന്ന സംഘർഷങ്ങൾ, മരണത്തെക്കുറിച്ചുള്ള ഭയം, സ്നേഹത്തിന്റെ പ്രാധാന്യം, ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള സംശയങ്ങൾ എന്നിവയും അതിന്റെ ഭാഗമാകുന്നു. ശാസ്ത്രത്തിന് രോഗത്തിന്റെ സ്വഭാവവും ചികിത്സയുടെ സാധ്യതകളും വിശദീകരിക്കാൻ കഴിയും. എന്നാൽ ഒരാൾക്ക് തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ എന്താണ് പ്രധാനമെന്ന് തിരിച്ചറിയാൻ ആ അറിവ് മാത്രം മതിയാകില്ല. അതിന് വ്യക്തിപരമായ അനുഭവവും ആത്മപരിശോധനയും ആവശ്യമാണ്. ഈ രണ്ടിനുമിടയിലെ ബന്ധമാണ് പോളിന്റെ രചനയെ ശ്രദ്ധേയമാക്കുന്നത്.
2015 മാർച്ച് 9-ന്, മുപ്പത്തിയേഴാം വയസ്സിൽ പോൾ കലാനിധി അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ലൂസി പുസ്തകത്തിന്റെ രചന പൂർത്തിയാക്കുകയും പ്രസിദ്ധീകരണത്തിനായി തയ്യാറാക്കുകയും ചെയ്തു. പോളിന് തന്റെ ജീവിതകാലത്ത് പൂർത്തിയാക്കാൻ കഴിഞ്ഞ ഈ കൃതി പിന്നീട് ലോകമെമ്പാടുമുള്ള വായനക്കാരിലേക്കെത്തി. രോഗവും മരണവും അതിന്റെ കേന്ദ്രവിഷയങ്ങളാണെങ്കിലും, പുസ്തകത്തിന്റെ പ്രാധാന്യം അവയുടെ വിവരണത്തിൽ മാത്രം ഒതുങ്ങുന്നില്ല. മരണത്തെക്കുറിച്ചുള്ള അറിവ് ജീവിതത്തെ എങ്ങനെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്ന അന്വേഷണത്തിലാണ് അതിന്റെ യഥാർഥ ശക്തി.
പോളിന്റെ അനുഭവം മരണത്തെ മനോഹരമാക്കുകയോ വേദനയെ ലളിതമായ ജീവിതപാഠമാക്കി മാറ്റുകയോ ചെയ്യുന്നില്ല. രോഗം അദ്ദേഹത്തിന്റെ ഭാവിയെ പരിമിതപ്പെടുത്തി; മകളോടൊപ്പം ചെലവഴിക്കാനാഗ്രഹിച്ച അനേകം നിമിഷങ്ങൾ നഷ്ടപ്പെടാനുള്ള യാഥാർഥ്യവും അദ്ദേഹം നേരിട്ടു. ഈ നഷ്ടത്തെ മറച്ചുവെക്കാതെ, അതിനിടയിലും സ്നേഹിക്കാനും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും എഴുതാനും മനുഷ്യന് കഴിയുമെന്ന് അദ്ദേഹം കാണിച്ചുതരുന്നു. ജീവിതത്തിന്റെ മൂല്യം അതിന്റെ ദൈർഘ്യത്തിൽ മാത്രം അളക്കാനാവില്ലെന്ന തിരിച്ചറിവ് ഇവിടെ പ്രസക്തമാകുന്നു. ഒരു ജീവിതം എത്രകാലം നീണ്ടുനിന്നു എന്നതുപോലെതന്നെ, ആ ജീവിതം മറ്റുള്ളവരുമായി എന്തെല്ലാം പങ്കുവെച്ചു എന്നതും പ്രധാനമാണ്.
പോൾ തന്റെ മകൾക്കായി എഴുതിയ വാക്കുകൾക്ക് ഈ അർത്ഥത്തിൽ പ്രത്യേകമായ പ്രാധാന്യമുണ്ട്. തനിക്കുശേഷം മകൾ വളരുമ്പോൾ, ഈ പുസ്തകത്തിലൂടെ അവൾക്ക് അച്ഛന്റെ ചിന്തകളും അനുഭവങ്ങളും ജീവിതത്തോടുള്ള സമീപനവും പരിചയപ്പെടാൻ കഴിയും. നേരിട്ട് പങ്കിടാൻ കഴിയാതെപോയ ചില നിമിഷങ്ങൾക്ക് പകരമാകാൻ ഒരു പുസ്തകത്തിന് കഴിയില്ല. എങ്കിലും, ഒരു മനുഷ്യന്റെ അനുഭവങ്ങളും ചിന്തകളും മറ്റൊരാളിലേക്ക് എത്തിക്കാനുള്ള വഴിയായി എഴുത്തിന് പ്രവർത്തിക്കാനാകും. പോളിന്റെ രചനയിൽ ഈ സാധ്യത വേദനയോടെയും സ്നേഹത്തോടെയും ഒരുമിച്ചുനിൽക്കുന്നു.
When Breath Becomes Air മരണത്തെക്കുറിച്ചുള്ള ഒരു പുസ്തകമാണ്; എന്നാൽ അതിനേക്കാൾ ഉപരിയായി, പരിമിതമായ സമയത്തിനുള്ളിൽ ജീവിതത്തെ എങ്ങനെ അർത്ഥവത്താക്കാം എന്ന അന്വേഷണമാണ്. രോഗം ഭാവിയെക്കുറിച്ചുള്ള ഉറപ്പുകൾ ഇല്ലാതാക്കിയപ്പോഴും പോൾ തന്റെ ജീവിതത്തിൽനിന്ന് പിന്മാറിയില്ല. ഭാര്യയോടും മകളോടുമുള്ള ബന്ധം നിലനിർത്തുകയും തന്റെ ചിന്തകൾ വാക്കുകളാക്കി മാറ്റുകയും ചെയ്തു. മരണത്തെ ഒഴിവാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാൽ മരണത്തെ അഭിമുഖീകരിച്ചുകൊണ്ട് ജീവിച്ച ജീവിതത്തിന്റെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ശ്വാസം നിലയ്ക്കുമ്പോൾ ശരീരത്തിന്റെ പ്രവർത്തനം അവസാനിക്കുന്നു. എന്നാൽ ഒരാൾ സ്നേഹിച്ചവരിലും പങ്കുവെച്ച ചിന്തകളിലും അവശേഷിപ്പിച്ച വാക്കുകളിലും ആ ജീവിതത്തിന്റെ അർത്ഥം തുടരാം. പോൾ കലാനിധി തന്റെ മകൾക്കായി അവശേഷിപ്പിച്ച ഈ പുസ്തകം അതിന്റെ ഹൃദയസ്പർശിയായ ഉദാഹരണമാണ്. മരണത്തെക്കുറിച്ച് എഴുതിയ ഒരു ഡോക്ടറുടെ ആത്മകഥ, അങ്ങനെ അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെയും മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വത്തിന്റെയും സ്നേഹത്തിന്റെ നിലനിൽപ്പിന്റെയും രേഖയായി മാറുന്നു.
◼️

ഖാലിദ് പി