മദന മോഹിനി
24 October 2026 | Poetry

അവളൊരു മദന മോഹിനി
കാലങ്ങളായി കിനാവിലുള്ളവൾ
അവളിലനുരക്തനായ്
കഠിനമെങ്കിലും
നെടിയ വനപാതയിലൂടെ അവളെയനുഗമിക്കുന്ന
നിശ്ശബ്ദസഞ്ചാരികളിലൊരാൾ.
ഇന്ദ്രിയങ്ങളാലറിഞ്ഞമട്ടിൽ
നൊടിയിടയ്ക്കുള്ളിൽ
വിഷനീരിറങ്ങി നിൽക്കുന്നു
നുള്ളിയിടുന്നെന്നിൽ
അജ്ഞാതദുർമന്ത്രമൂതിയവൾ
മുളപ്പിച്ച ഉമ്മത്തിൻ
മൃദുലപുഷ്പദളങ്ങൾ.
പടരുന്നഭൗമനീലം
വിഷനീരലിറങ്ങി
വിരൽതുമ്പുകൾ വിറയ്ക്കേ
അരപ്പട്ടയിൽ കോർത്ത
മന്ത്രനാരുകളാലെൻ്റെ
ശിഥിലനാഡികളോടുന്ന
കൈമെയ് ബന്ധിയ്ക്കുന്നു.
ആഭിചാരത്തിൻ്റെ റാണീ,
നിനക്കടിപ്പെടുന്നു ഞാൻ
ഭ്രമകൽപ്പനകളുടെ നഗരത്തിൽ
നീ പണിതുയർത്തിയ
ഇന്ദ്രജാലസമാനമന്ദിരത്തിൽ
ദിനരാത്രങ്ങളെത്രയെങ്കിലും
വിനീതദാസനായിരിക്കും ഞാൻ.
തിരികെയിറങ്ങുമ്പോൾ
വിടുതലുടമ്പടിയ്ക്കൊപ്പം
ഒന്നുമാത്രം നൽകുക
നിൻ്റെ പനയോലത്താളുകളിൽ
ഏതെങ്കിലും
ദുർമന്ത്രമൊന്നുണ്ടെങ്കിലതുമാത്രം ...
പച്ചവെള്ളത്തിനെന്നപോലെ
എൻ്റെ കവിതയ്ക്കും തീപിടിക്കണം...
◼️

വിനോദ് കുമാർ കടമക്കുടി