logo

നൂരി-അഞ്ചാമധ്യായം

01 November 2026 | Literature

നൂരി-അഞ്ചാമധ്യായം

നിങ്ങളെക്കാളെന്നെ പ്രതി നിങ്ങളെന്തിനിങ്ങനെ

വേവലാതി കൊള്ളണം, വിചാരപ്പെടണം?

◼️ അഞ്ചാമധ്യായം

  “സത്താർക്കാന്റെ മകനായിട്ടെന്താ തല തിരിഞ്ഞോനല്ലേ? പടച്ചോനെ തല്ലാം നടന്നീന്നോനാ…,ഓം പെണ്ണ്കേസിലല്ല കൊലക്കേസിലും പെടും.”

 “  ഓനെ റബ്ബ് വെർതെ വിടും തോന്ന്ണ് ണ്ടോ?”

  “ഇന്റെ മുത്തുമണ്യെ ഇതോടെ ഓന്റെ കത കയ്ഞ്ഞിലെ. അർബ്യേളെ ജയിലീന്ന് പർഞ്ഞാ ജയിലാ, പെട്ടാ പെട്ടതന്നെ.”

  “ അതെ ഇഞ്ഞ്യോം പൊറംലോകം കാണൂല”

  “ ഒർപ്പല്ലേ…” 

നൂരിയുടെ കഥ നാട്ടിലും പാട്ടായിട്ടുണ്ട്. കാതുകളിൽ നിന്നും കാതുകളിലേക്കത് പടർന്നിട്ടുണ്ട്.

  ബസ്റ്റോപ്പിലെ സിമൻറ്  തിണ്ണയിലിരുന്നുകൊണ്ട് ബീഡി കൈമാറി ഊതുന്നതിനിടയിൽ മുത്തുമണിയും സൈദൂട്ടിയും തമ്മിൽ നടന്ന സംഭാഷണമാണിത്.

   മയിലിപ്പറമ്പിലെ മരമില്ലുടമയാണ് സത്താർക്ക . നാട്ടില് വേണ്ടപ്പെട്ട ആളാണ്.  കളറാക്കി പറഞ്ഞാൽ,നാട്ടിലെ സർവ്വസമ്മതനും പൗരപ്രമുഖനുമാണ്. ഒറ്റവാക്കിലൊന്നുകൂടി വിശേഷിപ്പിച്ചാൽ; .നാട്ടുകാരുടെ വിശ്വസ്തനായ മധ്യസ്ഥൻ.

  അറക്കപ്പുരക്കലെ  പൂമുഖത്തു നിന്നും ആളൊഴിഞ്ഞ നേരമുണ്ടോന്ന് ചോദിച്ചാൽ ഇല്ല എന്നായിരിക്കും അറിയാവുന്നവരുടെ മറുപടി.നാട്ടിലൊരു സ്വത്ത്തർക്കം വന്നാൽ,  കുടുംബ കലഹം നടന്നാൽ, അതിർത്തി തർക്കം, അടിപിടി, ആളില്ലാ ഗർഭം…., ഇങ്ങനെ ഏതൊരു പ്രശ്നങ്ങളിലും ഇടപെട്ട് രമ്യമായി തീർപ്പു കൽപ്പിക്കുന്ന നാടിൻറെ ഏകാശ്രയം.തീരാ തർക്കങ്ങളുടെ അവസാന ഉത്തരം. അങ്ങനെയുള്ള സത്താർക്കയുടെ മകനുമായി ബന്ധപ്പെട്ട കിസ്സയാണിപ്പോൾ സൈദുട്ടീയും മുത്തു മണിയും പറഞ്ഞു കൊണ്ടിരുന്നത് .

  വർത്തമാനത്തിനിടക്ക് ബസ് വന്നതും സൈദുട്ടിയോടുപോലും പറയാതെ  മുത്തുമണി ചടേന്നെണീറ്റ് റോഡ് മുറിച്ചപ്പുറം കടന്നു.

  ഇനി മുത്തുമണി വരുംവരെ സെയ്ദൂട്ടി ഒരു മപ്പിലങ്ങനെ ഇരിക്കും. വരുന്നവരോടും പോകുന്നവരോടുമൊന്നും ഒരക്ഷരം മിണ്ടില്ല . ഇരുത്തത്തിനിടയിൽ കിടക്കാൻ തോന്നിയാൽ  ബസ്റ്റോപ്പാണല്ലോ എന്നൊന്നൊന്നും നോട്ടമില്ല. കാലും നീട്ടി ഒരു കിടത്തമാണ്.

  മുത്തുമണി പോയിട്ടുള്ളത് അങ്ങാടിക്കാണ്. പൊതി തീർന്നാൽ പിന്നത് കിട്ടുവോളം നിക്കപ്പൊറുതിയില്ല രണ്ടാൾക്കും. 

  വടക്കുമണ്ണം റോഡിൽ ഒരു പെട്ടിക്കടയിൽ മാത്രമേ സാധനം കിട്ടൂ. അട്ടപ്പാടിയിൽ നിന്നും ഇറങ്ങുന്നതാണ്. ചടയൻ, മുന്തിയ ഇനമാണെത്ര, ഒരു പൊതിക്ക് ഒരു രൂപയാണ്. ഒരാൾക്കെത്ര പൊതിയും കിട്ടും. എന്നാൽ, ഓടിക്കിതച്ചോണ്ട്  ചെന്നാലൊന്നും സാധനം കിട്ടില്ല. ആളെ നല്ലോണം നോക്കും. ഇടപാടുകാരാണെങ്കിൽ തന്നെ, പരിസരംമൊക്കെ ശരിക്കും വീക്ഷിച്ചതിനുശേഷമേ മണിയേട്ടൻ  മഞ്ചപ്പെട്ടിയിൽ നിന്നും എഴുന്നേൽക്കൂ. മനുഷ്യരെ ഭ്രാമലോകത്തിലേക്കാനയിക്കുന്ന ചടയനെ സഞ്ചിയിലാക്കി നിക്ഷേപിച്ചിട്ടുള്ളത് ആ മഞ്ചപ്പെട്ടിയിലാണല്ലോ .

     രാവിലെ വെറും വയറ്റിൽ വെല്ലക്കാപ്പിയും കുടിച്ച് ഇറങ്ങുന്നതാണ് സൈദൂട്ടിയും മുത്തുമണിയും. ഉച്ചക്കഞ്ഞിക്ക്  കുടികളിൽ പോകുന്ന ഏർപ്പാടൊന്നും രണ്ടാൾക്കുമില്ല. എന്തെങ്കിലും തിന്നു കുടിക്കണംന്ന് തോന്നിയാൽ കുഞ്ഞിക്കാന്റെ ചായപ്പീടികയിൽ കേറും. കിട്ടിയത് കഴിക്കും, പറ്റിലെഴുതും. ലോഡുവന്നാൽ തിരിച്ചുള്ള വരവ് നേരെ കുഞ്ഞിക്കാന്റെ പീട്യേൽക്കാണ്. കയ്യോടെ കണക്ക് തീർക്കും. 

  മുത്തുമണിയുടെ വരവും നോക്കി, കൈകൾ പിണച്ചുവെച്ച്  നിരത്തിനഭിമുഖമായി കിടക്കുന്ന സെയ്ദൂട്ടിയുടെ മുൻപിലേക്കാണ്   വേണുവിന്റെ ബസ്സിറങ്ങിയുള്ള വരവ്. 

  പൊതുവേ എവിടെപ്പോയി വന്നാലും, ബസ്സിറങ്ങി വന്ന് ബസ്റ്റോപ്പിൽ കുറച്ചുനേരം ഇരിക്കുന്നൊരു പതിവുണ്ട് വേണുവിന്. നാട്ടുകാരായിട്ട് ആരെങ്കിലുമൊക്കെ അവിടെ കാണും. കുറച്ചുനേരം അവരുമായിട്ടൊക്കെ സൊള്ളും.

  ഇന്നിപ്പോൾ ഒത്ത കുറ്റിയെയാണ് കൂട്ടിന് കിട്ടിയിട്ടുള്ളത്!

  “സെയ്തൂട്ട്യേ കൊർച്ചെടങ്കാട്ടിക്കാ, ബസ്സില് നിന്ന്നിന്ന് ചടച്ചെട്ക്കുണു”. 

  വേണുവിന് തൻറെ ചന്തിവെക്കാൻ പാകത്തിനായി സെയ്തൂട്ടി അല്പമൊന്ന് നീങ്ങിക്കിടന്നു. അങ്ങനെയിരുന്ന് ഓരോന്ന് പറയുന്നതിനിടക്ക് വേണുവിന് വലിക്കാൻ മുട്ടി. വിസ്തരിച്ചു പറഞ്ഞാൽ, ഒന്നൂതണം.

 “അല്ലാ, പൊകക്കാൻ വല്ല വഴീണ്ടോ”?

  “കുഞ്ഞിക്കാന്റെ പീട്യ പിന്നെന്തിന്ള്ളതാ”

  “സൈദുട്ട്യേ അതിപ്പോ നീയ്യ് പർഞ്ഞിട്ട് വേണോ? ഞാഞ്ചോയ്ച്ചത് മറ്റേ സാധനാ”

   “അയ്ന് മുത്തുമണി വെരണം”

  നിറച്ചുവെച്ച ബീഡി കയ്യിലുണ്ടെങ്കിൽ ചോദിക്കുന്ന ആർക്കും മുത്തുമണി കൊടുക്കും. എന്നാൽ, അറ്റംപ്പറ്റി നിക്കുമ്പൊ  ഒരുറുപ്പ്യ  ചോയിച്ചാൽ ഉ ഉം…,  ചോദിച്ച ആളെത്തന്നെ അവനറിയില്ല. 

    “അതൊക്കബടെ നിക്കട്ടെ,എന്തൊക്ക്യോ ഒര് പോകങ്ങനെ കേട്ടു…..ശര്യാ…?”

 “ഇജ്ജെന്താ കേട്ടത്?”

 “ഞാങ്കേട്ട സംഗതി ശര്യാണോന്നറ്യാനാ നെന്നോട് ചോയിച്ചത്”   

 “ ഇൻറെ വേണ്വോ അനക്ക് സമാധാനത്തിലണ്ട് പോണം, അതല്ലേ ബേണ്ടൂ? ന്നാലേയ്  ഇജ്ജ് കേട്ടതൊക്കെ സെര്യാന്നണ്ട് വിചാരിച്ചൊ, പെണ്ണുംകേസന്നെ.”

  “ഇതൊക്കെ ഇന്ക്കും അറിയാലോ….”

 ഇന്റെ വീണ്വോ, ജ്ജ്പ്പൊ സമാധാനായിട്ട് പൊയ്ക്കോ, കതേള്ങ്ങനെ വയ്ക്കനെ വരും. അപ്പൊ ഞാനുജ്ജ്വൊക്കെ അറിം… 

   “അത് നിയ്യ് പറഞ്ഞത് കാര്യാ,  അറിയുമ്പറിഞ്ഞാ മതീലോ,ന്നാ ഞാനങ്ക്ട് നടക്കട്ടെ”

  “ആ സെരി”

  ◼️

    സത്താർക്ക പുറത്തിറങ്ങിയിട്ട് ദിവസം പലതായി. സൂറത്താക്കാണെങ്കിൽ ഊണുമില്ല, ഉറക്കവുമില്ല. അടുക്കളക്കും പൂമുഖത്തിനുമപ്പുറം സൂറത്താക്ക് ലോകമില്ല. റഹീലക്കും ഷെഹീനും ഇക്കാക്ക എന്തോ ഒരു പ്രശ്നത്തിൽപ്പെട്ടിരിക്കുന്നു എന്നറിയാം.  എന്നാൽ, ഉമ്മാൻറെ മുഖത്തുനിന്നും ചിലതൊക്കെ വായിച്ചെടുക്കാൻ ഷഹീന് കഴിഞ്ഞിട്ടുമുണ്ട്. അപ്പോഴും എന്താണ് സംഭവമെന്ന് കൃത്യമായി അവനും അറിയില്ല. ചുരുക്കത്തിൽ വീട്ടിനുള്ളിലെ മിണ്ടാട്ടമില്ലായ്മ രണ്ടാളെയും ബാധിച്ചിട്ടുണ്ട്. സ്കൂളിലും കോളേജിലുമൊക്കെ  പോകുന്നു എന്നേയുള്ളൂ. മൂടിക്കെട്ടിയ മനസ്സുമായിട്ടാണ് രണ്ടാളുടെയും പോക്കുവരവ് .

   “ഇതേയ് അത്തര നിസ്സാരപ്പെട്ടതാ? പെണ്ണുകേസാ. അവടെ പെണ്ണിന്റെ വാക്കിനാ വെല.   കൂട്ട്ന്നെറങ്ങാം കൂടൂല.”

  സത്താർക്കാക്ക് ഓരോരുത്തര് പറഞ്ഞുകേട്ടതേ അറിയൂ. എമിറേറ്റ്സിന്റെ ഫെഡറൽ നിയമത്തെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞിട്ടൊന്നുമല്ല ഈ പറയുന്നത് .

  “അയ്നോനങ്ങനെ ചിയ്യുംന്ന് ങ്ങക്ക് തോന്ന്ൺണ്ടോ?”

  കേക്ക്ണതങ്ങനെല്ലെ സൂറാ, ഞമ്മള് വിചാരിക്കും പോലല്ലല്ലോ കാര്യങ്ങള്…!”

     മന:സ്സമാധാനം പോയ സത്താർക്ക പൂമുഖത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും ചാലിട്ടു കൊണ്ടിരുന്നു.

 “ ക്രിമിനൽ മൈൻറുള്ളോരാ അതൊക്കെ ചിയ്യ്യാ……അവനത്തരക്കാരനാ? “

     സത്യേട്ടൻറെ കടയിലെ വൈകുന്നേര സ്വറവട്ടത്തിലിരിക്കെ നൂരിയെക്കുറിച്ച്  കച്ചറമിശിഹ എന്തോ പറ്റാത്തത് പറഞ്ഞപ്പോൾ കൈലാസിന് അതത്ര ഇഷ്ടപ്പെട്ടില്ല.

   മിശിഹായാണ്, കച്ചറയാണ്. അവനോട് കളിക്കുന്നത് മയത്തിലല്ലെങ്കിൽ പ്രശ്നാവും . അവൻറെ വായിൽ നിന്നും എന്താണ് വരിക എന്നൊന്നും പറയാൻ പറ്റില്ല. കലികയറിയാൽ കത്തി വീശാനും മടിക്കാത്തവനാണ്.

   ഭാഗ്യത്തിന് കൈലാസിന്റെ വായിൽ നിന്നും വേണ്ടാത്തതൊന്നും വന്നില്ല

  എന്നാൽ, കൈലാസ് പറയുന്നതിലും കാര്യമില്ലാതില്ല.അവനറിയുംപോലെ  മറ്റാർക്കാണ് നൂരിയെ അറിയുക?

   കളിക്കൂട്ടുകാരാണ്. നൂരിയുടെ കുടിയിൽ നിന്നും കൈലാസിന്റെ വീട്ടിലേക്കൊന്ന് കൂക്കിയാൽ മതി. അത്ര അടുത്താണ്.

   സ്കൂളിലാണെങ്കിൽ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവരാണ്..സ്കൂളിലേക്കുള്ള പോക്കും തിരിച്ചുള്ള വരവും, വന്നു കഴിഞ്ഞാലുള്ള കളിയുമല്ലാം ഒരുമിച്ച്. തനിച്ചു നടന്നുള്ള ബാല്യം രണ്ടാളുടെയും ഓർമ്മയിൽ തന്നെ കാണില്ല.

  എന്നാൽ,പ്രീഡിഗ്രിയോടെ രണ്ടാളും രണ്ട് വഴിക്കായി. ഇഷ്ട വിഷയങ്ങളെന്ന നിലയിൽ  ഒരുമിച്ചെടുത്ത  തീരുമാനമായിട്ടുപോലും കാര്യത്തോട്ടുത്തപ്പോൾ രണ്ടാൾക്കും വേണ്ടിയിരുന്നില്ലെന്നായി.  

   നൂരിക്കായിരുന്നു വലിയ വിഷമം. എറണാകുളം ആണ്, പോകുന്നതുപോലെ എപ്പോഴുമൊന്നും വരാൻ പറ്റില്ല. ഒടുവിൽ സത്താർക്ക ഇടപെട്ടതോട നൂരിയുടെ പോക്കുറപ്പിച്ചു.

    കൈലാസിന് പിന്നെ അങ്ങനൊരു വിഷയമില്ല. പാലക്കാട് അത്ര ദൂരത്തൊന്നുമല്ല. ദിവസവും പോയി വരാനുള്ള ദൂരമെയുള്ളു. അങ്ങനെ കൈലാസിന്റെതും തീരുമാനമായി.

   ഭാവിയിലെ പത്രക്കാരനും, പാട്ടുകാരനും തമ്മിൽ കത്തുകളിലൂടെ സംവദിച്ചു.  നൂരി നീണ്ടകത്തുകൾ എഴുതി. അച്ഛൻ വീട്ടിലില്ലാത്ത ദിവസങ്ങളിൽ കൈലാസ് ട്രങ്ക് കോൾ ബുക്ക് ചെയ്ത് തൻറെ പാട്ടുകൾ സ്നേഹിതനെ പാടിക്കേൾപ്പിച്ചു. അപ്പോഴൊക്കെ നാളത്തെ ബാലമുരളി കൃഷ്ണയാണല്ലോ ഇവനെന്ന് ഉള്ളാലെ നൂരി പ്രവചിച്ചു.

   ഇടവിട്ടുള്ള ശനി  ഞായറുകളിൽ നൂരി വന്നു പോയി.വന്നു കഴിഞ്ഞാൽ മാളികപ്പുറത്ത് കാണും,സ്വന്തം മുറിയിൽ. ഏത് സമയവും എന്തെങ്കിലുമൊക്കെ വായിക്കാനും എഴുതാനും അവനുണ്ടാവും.

  അതേസമയം, ഒരോ വരവിലും നൂരിയുടെ സ്വഭാവത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് കൈലാസിനെ അമ്പരപ്പിച്ചത്.

   സംസാരത്തിന് പതിവില്ലാത്ത ഗൗരവം. നാളിതുവരെ കേട്ടു പരിചയമില്ലാത്ത ജെയിംസ് അഗസ്റ്റസ് ഹിക്കിയുടേയും ഡൊറോത്തിടേയുമൊക്കെ പേരുകൾ കേട്ട് കൈലാസ് അതിശയം കൂറി.മാതൃഭൂമി സ്ഥാപിച്ചത് കേസരിയാണെന്ന് പണ്ടു പറഞ്ഞ മഹാനാണിപ്പോൾ വിഖ്യാത പത്രക്കാരെ കുറിച്ചും പത്ര ഫോട്ടോഗ്രാഫർമാരെ കുറിച്ചുമൊക്കെ പറഞ്ഞ് ഞെട്ടിക്കുന്നതെന്നോർത്ത്  കൈലാസിന് ഉള്ളിൽ ചിരി പൊട്ടും

    അതൊന്നും പക്ഷേ അവൻ പുറത്തു കാണിക്കില്ല. ഗൗരവം നടിച്ച് നൂരിയതന്നെ നോക്കിയിരിക്കും. അതിനിടയിൽ പുറത്ത് പോകേണ്ട കാര്യം മയ്ന്നനെ സൂചിപ്പിക്കും. അപ്പോഴും എങ്ങോട്ടെന്ന് കൈലാസ്  പറയില്ല.

  വാ പുവ്വാം എന്നേ പറയൂ.എന്തിന് ,എവിടേക്ക് എന്നതൊക്കെ അറിയണമെങ്കിൽ പൂമുഖം വിട്ട് പുറത്തിറങ്ങണം. 

    അധികവും സിനിമക്കായിരിക്കും. ശങ്കരാഭരണം പത്തിലധികം തവണ കണ്ടവനാണ്. എന്നാൽ, കൈലാസിനെ പോലെ സംഗീത പ്രധാനമായ എല്ലാത്തരം സിനിമയും ഇഷ്ടപ്പെടുന്നയാളല്ല നൂരി.

    ഉള്ളിലണ്ട് തോന്നണം. ആ തോന്നൽ കൃത്യമായിരിക്കും.

   എന്നാൽ,  കൈലാസിന് സിനിമാ ഭ്രാന്ത് മാത്രമല്ല, വേറെയും ചില വീക്നെസ്സുകളൊക്കെ ഉണ്ട്.അത് നൂരിക്കും മൻസൂറിനും മാത്രമേ അറിയൂ.

  “ഓട്ടകണ്ടാ ഓടപോലും ഒഴിവാക്കാത്തോനാ, ഓനെ സൂക്ഷിക്കണംന്ന്”  പറഞ്ഞതും കൂട്ടത്തിലെ നർമ്മത്തിന്റെ ഉസ്താദ്   മൻസൂറാണ്.

   ഓണം ക്രിസ്മസ് അവധിനാളുകളിലാണ്  ശരിക്കുള്ള ഒത്തുകൂടൽ. അപ്പോഴാണല്ലോ നീണ്ട അവധിയിൽ നൂരി എത്തുക. കൈലാസ് അതിനായി കത്തെഴുതി കാത്തിരിക്കാറുമുണ്ട്. ഇന്ന ദിവസം ഇന്ന സമയത്തെത്തുമെന്ന് നൂരി അറിയിക്കുകയും ചെയ്യും.

   വന്നുകഴിഞ്ഞുള്ള ആദ്യ രണ്ടു ദിവസം പ്ലാനുകളൊന്നും പറയില്ല. എന്നാൽ മൂന്നാം നാൾ പെട്ടെന്നായിരിക്കും കൈലാസ് കിതച്ച് ചെല്ലുക . പതിവ് പല്ലവി ആവർത്തിക്കും.“പുവ്വാ പെട്ടെന്ന് വസ്ത്രം മാറ്, മൻസൂറും വരുന്നുണ്ട്”.

   മൻസൂറ് രണ്ടാളുടെയും കോളേജ് കാലത്തെ കൂട്ടാണ്. പെട്ടെന്നുള്ള ബാപ്പയുടെ മരണത്തെ തുടർന്ന് റേഷൻകട ഏറ്റെടുത്തു നടത്തേണ്ടുന്നൊരു സാഹചര്യം വന്നു. അതോടെയാണവൻറെ കോളേജ് നിലച്ചത്.

  മൻസൂർ എത്തിയാലും എക്സാം  സമയമാണെങ്കിൽ നൂരി ഒന്ന് പിന്നോട്ടടിക്കും. പ്രിപ്പറേഷന് തന്നെ വേണ്ടത്ര സമയം കാണില്ല. ചില പ്രോജക്ട് മാതൃകകൾ സ്വയം ചെയ്തു പഠിച്ചാണ് പരീക്ഷയ്ക്കുള്ള നൂരിയുടെ തയ്യാറെടുപ്പ്. അഭിമുഖത്തിനായി മന്ത്രിമാരുടെ വരെ ഡേറ്റ് വാങ്ങിയാവും ചിലപ്പോൾ വന്നിട്ടുണ്ടാവുക. ഫീൽഡ് സ്റ്റഡിക്കായി അട്ടപ്പാടി, വയനാട് ആദിവാസി ഊരുകൾ തേടിപ്പോയിട്ടുള്ള ചരിത്രവും നൂരിക്കുണ്ട്.

   നൂരിയെ സംബന്ധിച്ച് പത്രപ്രവർത്തനം അവൻറെ പാഷനാണ്, ജീവിത സ്വപ്നമാണ്.  അതലമ്പാക്കുന്ന ഒരു കളിക്കും അവനെ കിട്ടില്ല.

എങ്ങ്ട്ടാണെങ്കിലും  പോണോന്നുള്ളോര്ക്ക് പോകാം, ഞാനില്ല”

“ചെലവ് ഞാനാ, നിയ്യ് വന്നാ മതി.”

  അതോടെ നൂരിക്ക് സംഗതി പടികിട്ടും. വിഷയം മറ്റേതാ….!

  “ഇതൊക്കെ ആ പെണ്ണറിഞ്ഞാ വന്നപോലവള് പോകും”

.  ഏതോ ഒരു പെണ്ണുമായി കൈലാസിന് ചെറിയൊര് കൊളുത്തുണ്ട്. അവൻ നേരിൽ കണ്ടിട്ടൊന്നുമില്ല. എന്നാൽ,കത്ത് പരിപാടികളൊക്കെ മുറക്ക് നടക്കുന്നുമുണ്ട്.ഒരു പ്രദീപനാണത്രേ കത്ത് കൈകാര്യക്കാരൻ.

   ഇതിന് പ്രത്യുപകാരമെന്നോണം പ്രദീപന്റോൾക്ക് പ്രദീപന്റെ കത്തും തിരിച്ചവള് കൊടുക്കുന്ന മറുപടിക്കത്ത് മറ്റവനും കൈലാസ് എത്തിച്ചു കൊടുക്കേണ്ടതുണ്ട്. അങ്ങനൊരു  കരാറിന്മേലാണ് കാര്യങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്.

   എന്നാൽ ഈ രണ്ടാംകിട പ്രേമത്തിന്പിന്നാലെ പായുമ്പോൾഴും പാട്ടിനൊട്ടേറെ സമ്മാനങ്ങൾ വാരിക്കൂട്ടാൻ കൈലാസന് കഴിഞ്ഞു എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.അതും ശാസ്ത്രീയ സംഗീതത്തിന്. സെമ്മാംകുടിയുടെയൊക്കെ കടുത്ത ആരാധകനാണെന്നോർക്കണം!

   എടാ തലതിരിഞ്ഞോനെ ഇജ്ജാരാന്ന് അനക്കറിയൂല്ല, ഇജ്ജൊക്കെ നാളത്തെ വല്യ സംഗീതകാരനാ…. പെണ്ണ്ന്ന് കേക്കുമ്പളക്കും പെടഞ്ഞോടരുത്. നാലാളറിഞ്ഞാ നാറ്ണ കേസാ….

    ഇതാണ് നൂരി, നാട്ടിൽ നിന്നും പോവും മുമ്പത്തെ നൂരിയാണിത്!

      അതേസമയം , ഇതൊന്നും പാടില്ലാത്തതാണെന്ന   ചിന്താഗതിയൊന്നും നൂരിക്കില്ല. മനുഷ്യരാകുമ്പോൾ എല്ലാം വേണം, എല്ലാം അനുഭവിച്ചറിയണം. ഒന്നുമറിയാതെ ജീവിച്ച് മണ്ണിലേക്ക് പോകുന്നതിലും ഭേദമല്ലേ എന്തെങ്കിലുമൊക്കെ അറിഞ്ഞു പോകുന്നതെന്ന് കത്തിൽ കുറിച്ചിട്ടവനാണ്.അപ്പോഴും പക്ഷേ, ഒന്നിനുമൊന്നിനും  കീഴ്പ്പെട്ട് പോകരുത്. അക്കാര്യത്തിൽ കണിശക്കാരനാണ്.  .അതിപ്പോൾ പെണ്ണായാലും ശരി ,കള്ളായാലും ശരി. അതൊക്കെ വല്ലപ്പോഴും ആകുമ്പോഴേ രസമുള്ളു എന്നൊരിതാണ് നൂരിയുടേത്.

     എന്നുകരുതി, പത്തരമാറ്റ് പളുങ്കാണെന്ന വിശ്വാസമൊന്നും ഇപ്പോഴും കൈലാസിനില്ല. പക്ഷേ, ഈ പറഞ്ഞ് കേൾക്കണ മാതിരീള്ളെ മണ്ടത്തരത്തിനൊന്നും  അവൻ നിൽക്കൂല.

   എമിറേറ്റ്സിന്റെ ഒട്ടുമിക്ക പ്രവിശ്യകളിലും ജോലിചെയ്ത് പരിചയമുള്ള നൂരിയുടെ ബന്ധു ഷിനാസ് സംഭവം കേട്ടപ്പോഴേ തെസ്നിയോട് പറഞ്ഞത്; “എന്തെങ്കിലുമൊക്കെ നടന്നു കാണും, എന്നാൽ കേട്ടതപ്പടി  വിശ്വസിക്കണ്ട. അറബികളുടെ വീടുകളിൽ ഇങ്ങനെയുള്ള കേസുകൾ അപൂർവ്വമൊന്നുമല്ല. അതിനാരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല, സാഹചര്യങ്ങളാണ് ഓരോന്നുണ്ടാക്കുന്നത്. ഇനി കേസുകളുടെ നിജസ്ഥിതി അന്വേഷിച്ച് ചെന്നാലോ കുറ്റം ചാർത്തപ്പെട്ടവരിലധികവും നിരപരാധികളായിരിക്കും.”

    സംഭവം കേട്ട തസ്നി അമ്പരപ്പിനിടയിൽ മൂക്കത്ത് വിരൽ വച്ചുപോയി. നിയമ പഠനം പാതിവഴിയിലുപേക്ഷിച്ച് ഷിനാസിനൊപ്പം കൂടിയിട്ടുള്ള തസ്നി ഇങ്ങനെയൊക്കെ  സംഭവിക്കുമോ എന്നാണ് ചിന്തിച്ചത്!

   “ശരിക്കും എന്താ നടന്നിട്ട്ള്ളത്? വല്ല അവിവേകോം ഓൻ കാണിച്ചോ? അതോ ആരെങ്കിലും ഓനെ കുടുക്ക്യേതാണോ?”

  ചതി പതിയിരിക്കുന്ന നാടാണ് ഗൾഫ്. ആരും ആരെയും ചതിക്കും. എവിടെയും ചതിക്കുഴിയാണ്. കണ്ണ് തുറന്നു നടന്നില്ലെങ്കിൽ ആരും ഏത് കുഴിയിലും ചാടിയെന്ന് വരാം.

  എത്രയെത്ര നിരപരാധികളാണ് സങ്കീർണങ്ങളായിട്ടുള്ള നിയമത്തിന്റെ അജ്ഞതയിൽ ഒന്നുമറിയാതെ കുടുങ്ങിപ്പോകുന്നത്. ചെറിയൊരശ്രദ്ധയുടെ പേരിൽ പോലും പെട്ടുപോകുന്നവരില്ലേ?. എന്തിനധികം,കൂട്ടത്തിലുള്ള ഒരാൾക്ക് ആത്മഹത്യ ചെയ്യാൻ തോന്നിയാലും  പെട്ടു. പോലീസിന് ബോധ്യം വരുംവരെ സഹ മുറിയന്മാർ അഴിയണ്ണണം. ഇത്തരം കഥകളൊക്കെ കേട്ട് ശീലമുള്ള സത്താർക്ക അങ്ങനെയും ആശ്വസിക്കാൻ ശ്രമിച്ചു.

      “എന്തൊക്ക്യേണ് കേക്ക്ണത്? ഓനയ്നൊക്കെ പൂവ്വുംന്ന്  തോന്ന്ൺണ്ടോ?

    രാവിലെ തന്നെ കലങ്ങിയ കണ്ണുമായി കേറിവന്ന സജിയുടെ ചോദ്യം കേട്ട് സൂറാത്താക്ക് സത്യത്തിൽ കലിയാണ് വന്നത്.

      അല്ലെങ്കിലേ മനസ്സില് തീയാണ്, അതിനിടയിലാണ് പെണ്ണിൻറെ ഒരൊലിപ്പിക്കല്!

    വിഷമത്തിലങ്ങനെ പറഞ്ഞെങ്കിലും. പെണ്ണിൻറെ എടങ്ങേറ് കണ്ടപ്പോൾ സൂറാത്താൻറെ മനസ്സലിഞ്ഞു.

  “ഓരോരുത്തര് ഓരോന്ന് പറീണതല്ലേ സജ്യേ, സത്യംന്താണ്ന്ന് പടച്ചോനല്ലേ അറ്യൊള്ളു”

   വ്യസനം വന്നുമുട്ടിയ സജിയുടെ ഉള്ളിൽ നിന്നുമപ്പോൾ ഒരു തേങ്ങലയുർന്നു. അറിയാതവൾ സൂറത്താന്റെ നെഞ്ചിലേക്ക് വീണു.സൂറാത്താൻറെ തോളത്ത് സങ്കടപ്പുഴ ഒഴുകി.

◾

    നേരം വെളുത്ത് വൈന്നേരംവരെ ഒര് പെരേല് ചുറ്റീംപറ്റിം നിക്കണോളാ….അങ്ക്ട് കടന്നിട്ട് എത്രീസായി?

      അമ്മയുടെ ശകാരത്തിന് മുൻപിൽ നിക്കക്കള്ളിയില്ലാതെ മടിച്ചു മടിച്ചാണ് സജി വന്നിട്ടുള്ളത്.

   സംഭവം അറിഞ്ഞതിൽ  പിന്നെ സജിയെ പോലെ തന്നെ ബാലേട്ടനും ആ വഴിക്കെത്തിനോക്കുന്നത് ഇന്നാണ്.

      അയിന്റെ  വെഷമം കാണാൻ ഇന്നെക്കൊണ്ട് വയ്യെന്ന് ബാലേട്ടൻ പലവട്ടം പറഞ്ഞു നോക്കിയെങ്കിലും,ദെവ്സോം കേറ്യെറങ്ങണ പൊര്യെല്ലേ  അബടെ കേറാണ്ട്ങ്ക്ട് വരരുതെന്ന ലക്ഷ്മ്യേടത്തീടെ താക്കീതിന്മേലാണിന്ന് മനസ്സില്ലാ മനസ്സോടെയുള്ള ബാലേട്ടന്റെ വരവും.

     പാടം,പറമ്പ്, പലചരക്ക്,റേഷൻ കട തുടങ്ങി കാര്യങ്ങളെല്ലാം  ബാലേട്ടന്റെ കൈകാര്യത്തിലാണ്. പാടത്തും പറമ്പിലും പണിക്കാരെ വിട്ടു പണിയെടുപ്പിക്കണം. ആള് കുറവുള്ളപ്പോൾ കൂട്ടത്തിൽ ഇറങ്ങണം .അതിനൊക്കെ സത്താർക്ക കണ്ടറിഞ്ഞു കൊടുക്കുകയും ചെയ്യും.

     വൈകുന്നേരങ്ങളിൽ പണിക്കാരെ പറഞ്ഞുവിട്ട ശേഷമാണ് രാജന്റെ കടയിലേക്കിറങ്ങുന്നത്. വർഷങ്ങളായി അവിടെ പറ്റാണ്. രണ്ടോ മൂന്നോ ദിവസങ്ങൾ കൂടുമ്പോൾ വാങ്ങുന്ന സാധനങ്ങളുടെ മാസപ്പറ്റ് കൃത്യമായി ഓർമ്മിച്ച് ബാലേട്ടൻ തന്നെയാണ് കടയിൽ കൊടുക്കുന്നത്.

   സത്താർക്ക പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കില്ല. അതിനുള്ള സമയവും അദ്ദേഹത്തിനില്ല. എല്ലാം സൂറത്താക്കും ബാലേട്ടനും വിട്ടുകൊടുത്തിട്ട് കാലമേറെയായി.

    ബാലേട്ടൻ തൻറെ തിരക്കുകളൊക്കെ കഴിഞ്ഞ് നേരെ പൂമുഖത്തെക്ക് വരും.  ചാരുപടിയിലിരുന്ന് സൂറാത്ത മനസ്സിലുള്ളത് പറയും. ചാരുപടിയുടെ മറ്റേ കൊക്കത്തിരുന്ന് ബാലേട്ടനത് മനസ്സിലെഴുതി വെക്കും.

    മുൻപൊക്കെ അടുക്കളയിൽ സഹായത്തിന് ലക്ഷ്മ്യേടത്ത്യായിരുന്നു. മക്കളും പേരമക്കളും ആയതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ നേരോം കാലോം അനുവദിക്കാതായി. പിന്നെ, പഴേപോലൊന്നും  കുമ്പിടാൻ വയ്യെന്നായി.കുമ്പിട്ടുള്ള പണിയെടുത്താ നാലീസം കിടക്കണം. അങ്ങനെയാണ് പത്താം ക്ലാസ്ക ഴിഞ്ഞ് വീട്ടിൽ വെറുതെ ഇരുന്നിരുന്ന സജി അറക്കപ്പുരക്കലെ അംഗമാകുന്നത്.

     സ്കൂളിൽ പോയിരുന്നപ്പോഴും സ്കൂൾ വിട്ട്  നേരെയവൾ വരുന്നത് അറക്കപ്പുരയിലേക്കാണ്. ഉച്ചപ്പട്ടിണി കഴിഞ്ഞുള്ള വരവാകും.

     ഉച്ചച്ചോറ്  വിളമ്പുന്ന കൂട്ടത്തിൽ അവൾക്കുള്ളത് പ്രത്യേകം വിളമ്പി വച്ചിരിക്കണം എന്നാണ് സൂറത്താന്റെ നിർദ്ദേശം. അത്രണ്ട് ഇഷ്ടത്തോടെയല്ലെങ്കിലും ലക്ഷ്മ്യേടത്തി അത് പാലിച്ചുപോന്നു.

   തീറ്റയും കുടിയും കഴിഞ്ഞാൽ പിന്നെ നൂരിയുമൊത്ത് അടുക്കളപ്പുറത്തെ തിണ്ണയിലിരുന്ന് സ്കൂൾ കഥകളൊക്കെ പറഞ്ഞിരിക്കും. കൂട്ടത്തിലേക്ക് കൈലാസും എത്തും. കാര്യമായിട്ട് നമ്പറ് വെട്ടിക്കളിയാണ്. അല്ലെങ്കിൽ പാമ്പും കോണിയും. കളിയിൽ പലപ്പോഴും തോറ്റു തൊപ്പിയിടുന്നത് നൂരിയിരിക്കും. പിന്നെ തോൽക്കുന്നത് കൈലാസ് ആണ്.

   രണ്ടാളും തോൽക്കണംന്ന്  അവളാഗ്രഹിക്കുന്നില്ലെങ്കിലും വെറുതെ വിജയഭാവം പുറമെ കാണിക്കും. തോറ്റത് നൂരിയാണെങ്കിൽ, തോറ്റുതുന്നം പാടിയവനേ എന്ന മട്ടിലവനെ നോക്കും.തല ചരിച്ച് കോക്രി കാണിച്ച് മ്മളെപ്പടി എന്ന് ചോദിക്കും.

     എന്നാൽ ഈ കളിയും കൂട്ടവുമൊക്കെ ഒമ്പത്,പത്തിലെത്തിയതോടെ നിലച്ചുപോയിരുന്നു. 

    പെണ്ണ് പെണ്ണായതോടെ, എല്ലാ അമ്മമാരെയും പോലെ ലക്ഷ്മേട്ത്തിയും ഓർമ്മിപ്പിച്ചു; സജ്യേ ഞ്ഞ്യാങ്കുട്ട്യോളൊപ്പള്ള കളീം ചിര്യൊക്കെ പാകത്തിന് മതീട്ടോ…

     അതിൽ പിന്നീട് സ്കൂൾ വിട്ടുള്ള സജിയുടെ നിത്യവരവ് ഇല്ലാതായി.

     എന്നാലും ഓരോരോ കാരണങ്ങൾ പറഞ്ഞ് അവൾ അറക്കപ്പുരക്കലെത്തും. ഉമ്മാനോട് കെഞ്ചിക്കിട്ടുന്ന  പൈസകൊണ്ട് നൂരി വാങ്ങികൊണ്ടുവരുന്ന വാരികയുടെ രണ്ടാം വായനക്കാരിയാണവൾ. പലപ്പോഴും വാരിക തിരിച്ചെത്തുമ്പോൾ വായിച്ച നോവലുകൾക്ക് താഴെ സൈഡിലായി അവൾ തൻറെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാവും. എഴുതിയത് നൂരി കാണണം, ആ ഒരു ലക്ഷ്യം വെച്ചാണ് അവളോരോന്ന് എഴുതി വിടുന്നത്. നൂരിക്ക് അതൊക്കെ ഇഷ്ടവുമാണ്, പക്ഷേ അങ്ങനൊന്ന് കണ്ടതായി അവൻ നടിക്കില്ല.

     പത്ത് കഴിഞ്ഞതും പെണ്ണ് വെറുതെ വീട്ടിലിരിരിക്കാൻ തുടങ്ങിയതോടെ ലക്ഷ്മ്യേട്ത്തിയുടെ മനസ്സും ചെറുങ്ങനെ മാറിത്തുടങ്ങിയിരുന്നു. ഇതിനിടയിൽ വീടിൻറെ ഉമ്മറപ്പടിയിൽ ഇടുപ്പു കുത്തി വീണതും ഈയൊരു തോന്നലിന് കാരണമായിട്ടുണ്ട്. അന്നേ ബാലേട്ടൻ പറഞ്ഞതാ ;ഈ ഊരേംവെച്ചുള്ള പണിക്കിനി നിക്കണ്ടാന്ന്, ഇള്ള ആവതും ഇല്ലാതാകുമെന്ന്... 

   “വയ്യ, കുമ്പ്ട്മ്പോ ഇട്പ്പാകെ നുറ്ങ്ങണ പോലെ…,ഇങ്ങനെ പോയാ മുക്കില് കെടക്കേണ്ട്യേരും.

      ഒരു ദിവസം അടുക്കളപ്പുറം അടിച്ചുവാരിക്കൊണ്ടിരിക്കെ സൂറമ്മേടെ മുൻപിൽ ലക്ഷ്മ്യേടത്തി കാര്യം അവതരിപ്പിച്ചു.

     “ഇന്റെ ലക്ഷ്മ്യേ ഇതന്നോടെങ്ങനെ പറീംന്ന് കരുതീട്ടിരിക്കാ ഞാന്. ഇൻക്ക്ന്നെ അറ്യാലോ, ഇജ്ജോളെ വിട്ടോ, ഇൻക്കോള് മതി.

      അതിൻറെ പിറ്റേന്ന് തൊട്ട് സജി അറക്കപ്പുരക്കലുണ്ട്. 

സൂറാത്താന്റെ ഭാഷയിൽ പറഞ്ഞാൽ, ഇപ്പോ പെര്ന്നാളാറ് കയ്ഞ്ഞു.

   ഏഴര എട്ടു മണിയുണ്ടെങ്കിൽ സജി അറക്കപ്പുരക്കലെത്തും. അടുക്കളയിൽ വെച്ചുണ്ടാക്കാൻ സൂറത്താനെ സഹായിക്കണം. പാത്രങ്ങൾ കഴുകണം.കഠിനമായ പണികളൊന്നും അവളോട് പറയില്ല. അങ്ങനെ വല്ല പണികളുമുണ്ടെങ്കിൽ ബാലേട്ടനോട് പറഞ്ഞ് മില്ലിൽ നിന്നും ആരെയെങ്കിലും വിളിപ്പിക്കും.

       അടുക്കളപ്പണികളെല്ലാം കഴിഞ്ഞ് താഴത്തെ മുറികളെല്ലാം അടിച്ചുവാരി തുടച്ച് ബാക്കിവരുന്ന സമയം മുകളിൽ നൂരിയുടെ മുറിയിൽ ചെന്ന് വെറുതെയങ്ങനെ ഇരിക്കും. നൂരിയുടെ സ്പർശമേറ്റ പുസ്തകങ്ങളെടുത്ത് വെറുതെ മറിച്ചു നോക്കും.തഴുകും, ഉമ്മ വയ്ക്കും. അതൊരു സുഖമാണ്. ചിലപ്പോൾ നൂരിയുടെ കസേരക്കഭിമുഖമായി മറ്റൊരു കസേരയിട്ട് നൂരിക്കാ എന്താ മിണ്ടാത്തെ , ഇൻറെ മൊഖത്തേക്കൊന്ന് നോക്കിക്കൂടെ എന്നൊക്കെ ചോദിക്കും. 

    ഒരു ദിവസം സൂറാത്ത അത് നേരിൽ കാണാനും ഇടയായി. “സജിക്കുട്ട്യേ അനക്ക് നൊസ്സ് തൊടങ്ങ്യോന്ന് സൂറാത്ത തമാശ മട്ടിൽ ചോദിക്കുകയും ചെയ്തു.

◼️

ഷറഫ് വി എം

ഷറഫ് വി എം

Share this post

Reviews

No reviews yet