വയലാർ: കാലത്തെ അതിജീവിച്ച മനുഷ്യപക്ഷ കവി
24 October 2026 | Literature

മലയാളികളുടെ മനസ്സിൽ കവിതകളും ഗാനങ്ങളും കൊണ്ട് അമരത്വം നേടിയ ഗന്ധർവ്വ കവിയാണ് വയലാർ രാമവർമ്മ.
2026 ഒക്ടോബർ 27-ന് നാം അദ്ദേഹത്തിന്റെ അമ്പത്തിയൊന്നാം ചരമവാർഷികം ആചരിക്കുമ്പോഴും വയലാറിന്റെ രചനകൾ ഇന്നും പുതിയതുപോലെ ചർച്ചചെയ്യപ്പെടുന്നു. കവി എന്നതിലുപരി
മലയാളിയുടെ വൈകാരിക ജീവിതത്തെ തൊട്ടറിഞ്ഞ
ജനകീയനായ ഗാനരചയിതാവ് എന്ന നിലയിലാണ്
വയലാർ ഏറെ ഓർമ്മിക്കപ്പെടുന്നത്.
വിപ്ലവ കവിത്രയങ്ങളിലെ സഹയാത്രികരായ പി. ഭാസ്കരനും
ഒ. എൻ. വി.
കുറുപ്പും കവിതയിലും ഗാനരചനയിലും ഒരുപോലെ
തിളങ്ങിനിന്ന കാലഘട്ടമായിരുന്നെങ്കിലും വയലാറിന് ജനമനസ്സുകളിൽഒരു പ്രത്യേക സ്ഥാനം ലഭിച്ചു. കാലത്തിന്റെ
കുത്തൊഴുക്കിൽ അനേകം പ്രതിഭകൾ
വിസ്മൃതിയിലാണ്ടുപോയിട്ടും, വയലാർ എന്ന
നാമം ഇന്നും ഓരോ
മലയാളിയുടെയും ഹൃദയതാളമായി തുടരുന്നുവെന്നത് ഒരു വിസ്മയകരമായ യാഥാർത്ഥ്യമാണ്.
ചങ്ങമ്പുഴയുടെ സ്വാധീനത്താൽ കവിതാരംഗത്ത് കടന്നുവന്ന വയലാർ പക്ഷേ, പെട്ടെന്നു തന്നെ കാവ്യരംഗത്ത് തന്റേതായ ഒരിടം സൃഷ്ടിച്ചു. നാല്പതുകളിലായിരുന്നു അദ്ദേഹത്തിന്റെ കാവ്യവൃത്തിയ്ക്ക് തുടക്കം കുറിച്ചത്. ആ കാലയളവിനുള്ളിൽ അദ്ദേഹത്തിന്റെ എട്ടോളം കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.പാദമുദ്രകൾ, കൊന്തയും പൂണൂലും, ആയിഷ, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂഡാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകൾ, സർഗ്ഗസംഗീതം എന്നിവയാണവ.
സ്വാതന്ത്ര്യത്തിനായി പൊരുതിയപ്പോൾ ഭാവി ഭാരതത്തെക്കുറിച്ചു കണ്ട സ്വപ്നങ്ങൾ വിഫലമായതും ഗാന്ധിവധവും സ്വാതന്ത്ര്യലബ്ധിക്കുശേഷം പല എഴുത്തുകാരിലും വലിയ നിരാശയുളവാക്കിയിരുന്നു. ഗാന്ധി വധം വയലാറിലുണ്ടാക്കിയ ആഘാതത്തിന്റെ സാക്ഷ്യമാണ്

'പാദമുദ്രകൾ'.അതിൽ 'പിണ്ഡോദകങ്ങൾ' എന്ന കവിതയിൽ "തോക്കുനീട്ടി നീ,യച്ഛൻ്റെ മാറിൻ-
നേർക്കുതന്നെ നിറയൊഴിച്ചിട്ടും പിന്നെയും ഞങ്ങൾ വിശ്വസിക്കേണം നിന്നെയും 'ഭാരതീയ'നായ്ത്തന്നെ!"
എന്ന വരികൾ ഇന്നും പ്രസക്തമായി തുടരുന്നു.
പാരമ്പര്യത്തിന്റെ തടവറയിൽ നിന്ന് ആധുനികലോകത്തിലേക്കുള്ള മാറ്റത്തിന്റെ ആഹ്വാനങ്ങളാണ് 'കൊന്തയും പൂണൂലിലും' ഉള്ളത്. മതങ്ങളുടെ കാപട്യവും അന്ധവിശ്വാസങ്ങളും ഇതിലെ കവിതകളിൽ ചോദ്യം ചെയ്യപ്പെടുന്നു.പാർശ്വവത്കരിക്കപ്പെടുന്നവരുടെ വ്യഥകൾ മനുഷ്യസ്നേഹിയായ വയലാറിന്റെ കവിതകളിലെ മുഖ്യ പ്രമേയമാണ്. 'വേദന വിങ്ങും സമൂഹത്തിൽനിന്നു ഞാൻ വേരോടെ ചീന്തിപ്പറച്ചതാണിക്കഥ' എന്നു പറഞ്ഞുകൊണ്ട് ഒരു പാവം നാട്ടിൻപുറത്തുകാരിയായ പെൺകുട്ടി തെരുവിന്റെ മകളായി മാറ്റപ്പെടുന്ന ദൈന്യത വരച്ചു കാണിക്കുന്ന കവിതയാണ് 'ആയിഷ'. സംസ്കാരത്തിന്റെ നൈരന്തര്യം, ശാസ്ത്രബോധവും യുക്തിബോധവും നയിക്കുന്ന മനുഷ്യന്റെ അനശ്വരത എന്നിവയാണ് 'എനിക്കു മരണമില്ല' എന്ന സമാഹാരത്തിലെ കവിതകളുടെ പൊതു സ്വഭാവം. "കാലമാ,ണവിശ്രമം പായുമെന്നശ്വം,-സ്നേഹജ്വാലയാണെന്നിൽ കാണും ചൈതന്യം സനാതനം"('എനിക്കു മരണമില്ല') എന്ന വരികൾ അദ്ദേഹത്തിന്റെ നിലപാടുകൾ വ്യക്തമാക്കുന്നു.
'മുളങ്കാടുകൾ' എന്ന സമാഹാരം വയലാറിന്റെ മനുഷ്യപക്ഷത്തേയും അതിലേക്ക് അദ്ദേഹത്തെ നയിച്ച പ്രത്യയശാസ്ത്രമായ മാർക്സിസത്തേയും അനാവരണം ചെയ്യുന്നു.'മാനിഷാദ',
'അശ്വമേധം'തുടങ്ങിയ കവിതകൾ ഇതിലാണുള്ളത്.
പാരമ്പര്യത്തിന്റെ പ്രതിലോമവശങ്ങളെ എതിർക്കുമ്പോഴും അതിലെ നല്ല ഘടകങ്ങളെ വയലാർ അംഗീകരിക്കുന്നതായി കാണാം. 'സർഗ്ഗസംഗീതം പോലുള്ള കവിതകൾ അതിനുദാഹരണങ്ങളാണ്. കാല്പനികതയുടെ അടിത്തറയിൽ വികസിച്ചതുകൊണ്ടാകാം വാക്കുകളുടെ ആധിക്യം ചിലപ്പോഴെങ്കിലും വയലാർ കവിതകൾ സന്ദർഭത്തിന്റെ തീക്ഷണത ലളിത വത്കരിക്കുന്നതായി നമുക്കനുഭവപ്പെടാറുണ്ടെങ്കിലും അവയിലെ ആത്മാർത്ഥതയെ നമുക്ക് ചോദ്യം ചെയ്യാൻ കഴിയില്ല. അറുപതുകളുടെ തുടക്കത്തോടെ അദ്ദേഹം കവിതയുടെ വഴിയിൽ നിന്ന് ഗാനരചനയിലേക്കു മാറി. "കവിതയ്ക്കു നഷ്ടപ്പെട്ടതെന്തോ അത് ഗാനത്തിനു നേട്ടമായി തീർന്നു. ഗാനങ്ങളെ അദ്ദേഹം കവിതകളാക്കി മാറ്റി" എന്ന എൻ വി. കൃഷ്ണവാര്യരുടെ നിരീക്ഷണം എത്ര അന്വർത്ഥമാണെന്ന് അദ്ദേഹത്തിന്റെ ഗാനങ്ങൾ പരിശോധിച്ചാൽ നമുക്കറിയാം.
അറുപതുകൾ മുതൽ അദ്ദേഹം ഈ ലോകത്തോടു വിടപറയുന്നതുവരെയുള്ള കാലഘട്ടം മലയാളഗാനചരിത്രത്തിലെ സുവർണ്ണ ഏടുകളാണ്. വയലാറിനും പി. ഭാസ്കരനും ഒ. എൻ. വി യ്ക്കുമൊപ്പം ദേവരാജനും കെ. രാഘവനും എം. എസ്. ബാബുരാജും ദക്ഷിണാമൂർത്തിയും എം. കെ. അർജുനനുമെല്ലാം ഒത്തുചേർന്നപ്പോൾ മലയാള ഗാനഭാവുകത്വം ആകാശത്തോളം വികസിച്ചു. അതിൽ വയലാർ- ദേവരാജൻ കൂട്ടുകെട്ട് പ്രത്യേകം എടുത്തുപറയണം.
വയലാറിന്റെ ഗാനങ്ങൾ സിനിമകളിലെ കഥാസന്ദർഭത്തിന് അനുരൂപം എന്നതിലുപരി മനുഷ്യ ജീവിതത്തിന്റെ ഓരോ അവസ്ഥയുടേയും നമുക്കു ചുറ്റുമുള്ള പ്രകൃതിയുടേയും പ്രതിഫലനങ്ങളായിരുന്നു.അതുകൊണ്ടാണ് വയലാറിന്റെ ഗാനങ്ങൾ സംഗീതത്തെക്കുറിച്ച് ഒന്നുമറിയാത്ത സാധാരണക്കാരനുപോലും ഹൃദിസ്ഥമായത്.അവ സ്പർശിക്കാത്ത ജീവിതപരിസരങ്ങളോ ഭാവങ്ങളോ ഉണ്ടായിരുന്നില്ല.

പ്രണയം, വിരഹം, വാത്സല്യം, ഭക്തി, ഹാസ്യം, പ്രകൃതിഭംഗി, തത്ത്വചിന്ത തുടങ്ങി എല്ലാ മാനുഷിക വ്യാപാരങ്ങളും അദ്ദേഹത്തിന്റെ പേനത്തുമ്പിലൂടെ അക്ഷരങ്ങളായി വിടർന്നു പരിമളം പടർത്തി, തികഞ്ഞ സൗന്ദര്യാത്മകതയോടെ. തലമുറകൾ എത്ര കഴിഞ്ഞാലും മലയാള ഗാനരചയിതാക്കൾക്ക് അവരുടെ സർഗ്ഗസൃഷ്ടിക്കുള്ള എക്കാലത്തേയും പാഠമാണ് വയലാർ ഗാനങ്ങൾ.ഇന്ദ്രവല്ലരി പൂചൂടിവരും, സൂര്യകാന്തി, ചന്ദ്രകളഭം ചാർത്തിയുറങ്ങും, കള്ളിപ്പാലകൾ പൂത്തു തുടങ്ങിയ ഭാവഗാനങ്ങൾ ഏതുമനസ്സുകളെയും തരളിതമാക്കും.
ഒരു നാസ്തികൻ ആയിരുന്നെങ്കിലും ഏതു മതത്തിലെ ഭക്തിഭാവത്തേയും വയലാറിനോളം ഭംഗിയായി ആവിഷ്കരിച്ച കവികൾ ഉണ്ടോ എന്നു സംശയമാണ്. ഇടയകന്യകെ പോവുക നീ, ഗുരുവായൂരമ്പല നടയിൽ, ശബരിമലയിൽ തങ്ക സൂര്യോദയം തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.
വയലാർ രചിച്ച വിരഹ- ശോക ഗാനങ്ങൾ നമ്മെ ദുഃഖത്തിന്റെ ആഴങ്ങളിൽ കൊണ്ടെത്തിക്കും. സുമംഗലീ നീ ഓർമ്മിക്കുമോ, സന്യാസിനി, പ്രേമ ഭിക്ഷുകി, കാറ്ററിയില്ല കടലറിയില്ല, മാനസ മൈനേ വരൂ തുടങ്ങിയ ഗാനങ്ങൾ പകരുന്ന വികാരം വാക്കുകൾക്കതീതമാണ്.
വയലാറിന്റെ ദാർശനിക ഗാനങ്ങൾ സങ്കീർണ്ണമായ തത്ത്വചിന്തകളെ മനുഷ്യജീവിതവുമായി ലളിതമായി കണ്ണിചേർക്കുന്നവയാണ്.പ്രളയപയോധിയിൽ, ഞാൻ ഞാൻ എന്ന ഭാവങ്ങളെ, മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, പ്രവാചകന്മാരെ, ചലനം ചലനം, ഒരിടത്തു ജനനം ഒരിടത്തു മരണം, ആകാശത്തിലെ കുരുവികൾ, മാനത്തു ദൈവമില്ല എന്നിവ അവയിൽ ചിലതുമാത്രം പാപ്പി അപ്പച്ചാ, മരുന്നോ നല്ല മരുന്ന്, കടുവ കള്ള ബഡുവ,വില്ലു കെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ തുടങ്ങിയ ഹാസ്യഗാനങ്ങളും വയലാറിന്റേതായിട്ടുണ്ട്.
ചരിത്ര - കഥാ സന്ദർഭങ്ങൾ കേവലം പന്ത്രണ്ട് വരികളിലൂടെ അനാവരണം ചെയ്യാനുള്ള അപൂർവ്വ മാന്ത്രികത വയലാറിന്റെ ചില ഗാനങ്ങളിൽ നമുക്കു കാണാം. കൈതപ്പൂ വിശറിയുമായി, മാലിനി നദിയിൽ കണ്ണാടി നോക്കും, നളചരിതത്തിലെ നായകനോ, തുടങ്ങിയ ഗാനങ്ങൾ അത്തരത്തിൽ ഉള്ളവയാണ്.
മുന്നൂറോളം സിനിമകൾക്കായി ഏതാണ്ട് മൂവായിരം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നാടക -ലളിത ഗാനങ്ങൾ വേറേയും.
"സ്നേഹിക്കയില്ല
ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തേയും “
എന്നു
പറഞ്ഞ വയലാറിന്റെ അടിയുറച്ച പ്രമാണം മനുഷ്യസ്നേഹം തന്നെയായിരുന്നു. നിരുപാധികമായ മനുഷ്യസ്നേഹം
കൈവരിക്കാൻ അദ്ദേഹം ആശ്രയിച്ച ദർശനമാകട്ടെ
മാർക്സിസവും. ഈ സമൂഹത്തിലെ നിസ്വന്റെ പക്ഷമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കവിതകളിലെപ്പോലെ അദ്ദേഹത്തിന്റെ ഗാനങ്ങളിലും ഈ ദർശനം നമുക്കു കാണാം.
കാലവും സാഹിത്യ അഭിരുചികളും ഏറെ മാറിയിട്ടും വയലാർ എന്ന പ്രതിഭ ഇന്നും മലയാളിയുടെ വൈകാരിക ജീവിതത്തോട് ചേർന്നുതന്നെ നിൽക്കുന്നു. പ്രണയത്തിലും വിരഹത്തിലും പോരാട്ടത്തിലും തത്ത്വചിന്തയിലുമെല്ലാം അദ്ദേഹം പകർന്ന അക്ഷരങ്ങൾ നമ്മോടൊപ്പമുണ്ട്. സ്നേഹത്തിന്റെ അനശ്വര ചൈതന്യമായി ആ വരികൾ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കും, കാരണം അവ എന്നും മനുഷ്യ ഹൃദയങ്ങളുമായാണ് സംവദിക്കുന്നത്.
◼️
.png)
മധു കിഴക്കയിൽ