logo

വിഷാദപ്പൂക്കൾ

23 October 2026 | Poetry

വിഷാദപ്പൂക്കൾ

💞

ചുറ്റുമുള്ളതെല്ലാം പുതിയ കാഴ്ചകളായിരുന്നു

എങ്ങുമെങ്ങും  ആർത്തലയ്ക്കും തിരകളുള്ള ദ്വീപിലകപ്പെട്ടു പോയവൾ

ഓർമ്മകളുടെ തിരകൾക്കിടയിൽ വിരഹത്തിന്റെ നിശബ്ദതക്കുനേരെ ശാന്തമായി ഒരു കസേരയിട്ടു കൊടുക്കാൻ ഹൃദയം തീരുമാനിച്ചു.

💞

ചില ദിവസങ്ങളിൽ ഞാൻ പ്യൂപ്പയെപ്പോലെ

ധ്യാനത്തിലിരുന്നു, ചിലപ്പോൾ പുഴുവായ് ഇഴഞ്ഞു

എന്നിട്ടുമെൻ   വർണ്ണച്ചിറകുകൾ വിടർത്തിപ്പറക്കാൻ

ചില ദിവസങ്ങളെങ്കിലും കിട്ടാതിരുന്നില്ല.

💞

ഇന്നു കാണുന്ന ആകാശമേയല്ല നാളെ

ഇന്ന് മുഖം കറുപ്പിച്ച് കണ്ണീരൊഴുക്കി   മിന്നൽവാൾ ചുഴറ്റി ക്ഷോപിച്ചു നിൽക്കുന്നവൾ

പിറ്റേന്ന് കാണുമ്പോൾ,  ഏറെ  പ്രസന്നവതിയായി

മഴവിൽ കുപ്പായം ഉടുത്തൊരുങ്ങി നാളെയുടെ അനന്തസാധ്യതകൾ കാട്ടിത്തന്നു.

💞

ചായയിൽ മുക്കിക്കഴിക്കുന്ന

ബിസ്ക്കറ്റ്

എല്ലായിപ്പോഴും വായിലേക്കെത്തണമെന്നില്ല, ചിലപ്പോളത് ചായയിൽ നിന്നെടുക്കും സമയം തന്നെ കപ്പിലേക്ക് തളർന്നുവീണെന്നിരിക്കും

പ്രതീക്ഷകൾക്കും ആകസ്മികതക്കും ഇടയിയിലാണല്ലോ കാലത്തിന്റെ സീസോകളി.

💞

കടലിന്റെ നെഞ്ചിൽ മുങ്ങിപ്പോയ സൂര്യനെപ്പോലെ

എന്റെ സ്വപ്നങ്ങളിലൊക്കെയും ഇരുട്ടു മാത്രം ബാക്കിയാകുമോ എന്നോർത്ത്

ചിരിക്കാൻ മറന്ന് ഉള്ളം തകർന്നുപോയവൾ

എത്ര കരഞ്ഞിട്ടും തീരാദുഃഖം  തിരയടിച്ചുകൊണ്ടേയിരുന്നു.

💞

ഓർമ്മകളുടെ അലമാര തുറന്നപ്പോഴൊക്കെ

സ്നേഹത്തിൻറെ, വാത്സല്യത്തിന്റെ പഴന്തുണി മണം അവിടെങ്ങും പരന്നു

ഒരു പകുതി പ്രജ്ഞയിൽ

നിഴലും നിലാവും

മറുപകുതി പ്രജ്ഞയിൽ

കരിപൂശിയ വാവുമായി ഞാൻ

കാലുവെന്ത നായയെപ്പോലെ ഓർമ്മകൾക്കും അനിശ്ചിതത്വത്തിനുമിടയിൽ

പരക്കം പാഞ്ഞു

 

വാടിയ ചില്ല വസന്തത്തെ കാത്തിരിക്കും പോലെ സന്തോഷത്തിന്റെയും സമാധാനത്തിന്‍റേയും  ദിനങ്ങൾക്കായി കാത്തു കാത്തിരുന്നതും ഞാൻ തന്നെ.

💞

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും താക്കോൽ എത്രയന്വേഷിച്ചിട്ടും കണ്ടെത്താനായില്ല

ചക്കിൽ കെട്ടിയ കാളകറങ്ങുമ്പോലുള്ള ആവർത്തന ദിനങ്ങൾ

 

കാലം മുന്നിൽ തുറന്നിട്ടിട്ടുള്ളത് വഴികളല്ല, വഴിത്തിരിവുകളുടെ നിഗൂഢതകളാണ്

മൂടൽമഞ്ഞിൽ വഴിതെറ്റിയ യാനംപോലെ

നാളെയുടെ ദിശയേതെന്നറിയാതെ ഞാൻ ആകുലപ്പെട്ടു.

💞

മതം മനുഷ്യനെ മയക്കും കറുപ്പാണെന്ന്

മാർക്സ് പറഞ്ഞതെത്ര ശരി

ചിന്തകളുടെ ചിലന്തിവലയിൽ കുടുങ്ങിപ്പോയ ഒരുവൾ വേദനയുടെ വിഷം ഞരമ്പുകളിൽ പടർന്നപ്പോൾ, ചുണ്ടുകളിൽ

ചിരി മരിക്കുന്നതും അറിഞ്ഞു

 

എത്രമാത്രം കരഞ്ഞുണങ്ങിയാലും മാന്തിപ്പൊളിച്ച് ചോരയൊലിപ്പിക്കുന്ന

ഓർമ്മകൾ, മുറിവുകൾ….

കാറും കോളും നിറഞ്ഞ കടലിലൂടെയാണ് യാത്രയെന്ന്

ഞാനെന്നെ ബോധ്യപ്പെടുത്തി കൊണ്ടിരുന്നു.

💞

ആൻ ഫ്രാങ്ക് ഡയറിയോടുമിണ്ടും പോലെ

പുസ്തകക്കുമ്പാരത്തിനിടയിൽ ഒളിപ്പിച്ചുവെച്ച ഡയറിയോട് ഞാനും മിണ്ടുമായിരുന്നു

ഡയറിത്താളിലെ അക്ഷരങ്ങളിൽ ഉപ്പു കലർന്നിരുന്നു

കാലിഡോസ്കോപ്പിനകത്തിട്ട കുപ്പിവളച്ചില്ലുകൾ പോലെ ജീവിതമേ നിനക്കെന്ത് നിറങ്ങളാണ്!

 ◼️

ബദറുന്നീസ എ

ബദറുന്നീസ എ

Share this post

Reviews

No reviews yet