യുദ്ധം, പ്രണയം, മരണം.
23 June 2026 | Review

എക്കാലത്തും ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന ശാപമാണ് ചില മനുഷ്യരുടെ യുദ്ധക്കൊതി. ഒരിടത്തും യുദ്ധവെറിയന്മാർക്കു ഭൂരിപക്ഷം ഉണ്ടാവില്ല. എന്നാൽ അവർ ഭൂരിപക്ഷത്തെ അതിജയിക്കുന്നു. പീഡനത്തിന് വിധേയരാവുന്നവർ സ്ത്രീകളും കുട്ടികളും വൃദ്ധരുമാണ്. യുദ്ധം ഒന്നും നൽകുന്നില്ല. ജയിക്കുന്നവർ പോലും ഒന്നും നേടുന്നില്ല.
റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നസീറ എഴുതിയ നോവലാണ് മൃത്യുഗർത്തം. മതവെറിയന്മാരുടെ മറ്റൊരുതരം യുദ്ധമായിരുന്നു ഉച്ചാടനം എന്ന നോവലിന്റെയും പ്രമേയം. കലാപത്തെ തുടർന്ന് ഉക്രൈനിൽ അകപ്പെട്ടുപോയ സാധാരണക്കാരായ ചില മെഡിക്കൽ വിദ്യാർഥികളുടെ കഥയിലൂടെ യുദ്ധക്കെടുതികളും മൃത്യുവിന്റെ ഭയാനകമായ ഗർത്തവും നോവലിസ്റ്റ് വരഞ്ഞിട്ടിരിക്കുന്നു. സാധാരണ കുട്ടികളെ പോലെ അവരിലുമുണ്ടായിരുന്നു പ്രണയവും കിനാവുകളും. സാധാരണയായി വിധിയുടെ വിളയാട്ടം എന്നാണ് പറയുക. പക്ഷെ ഈ വിധി ആരുണ്ടാക്കുന്നതാണ്.
ഈ നോവലിന്റെ എഴുത്തു വലിയ ത്യാഗ പരിശ്രമങ്ങളുടെ ഫലപ്രാപ്തിയാണ്. .ഉക്രൈൻ എന്നൊരു ദേശത്തേക്കു പോവാതെ, അവിടത്തെ പ്രകൃതിയും മണ്ണും മനുഷ്യരുമൊക്കെ മനസ്സിലാക്കി മാത്രമേ ഇങ്ങനെയൊരു കൃതി എഴുതാനാവൂ. യുദ്ധത്തിന്റെ കെടുതികൾക്കിടയിൽ അവിടത്തെ ജനങ്ങൾ ഒളിച്ചു താമസിക്കേണ്ടിവന്ന ബങ്കറുകൾ, എല്ലാ യുദ്ധങ്ങളിലും ഉടഞ്ഞു പോകുന്ന പെണ്ണുടലുകൾ, മറക്കാൻ ശ്രമിക്കലും മായാത്ത പ്രണയ സ്വപ്‌നങ്ങൾ, രക്ഷിതാക്കളുടെ മോഹക്കടൽ.. ഇതെല്ലാം ഉള്ളകം തപിപ്പിക്കുന്ന ഭാഷയിലാണ് നസീറ എഴുതി പിടിപ്പിച്ചിരിക്കുന്നത്.

ഉക്രൈനിൽ മെഡിക്കൽ പഠനത്തിനായി കേരളത്തിൽ നിന്നുള്ള ഭവേന്ദു, ഇസബെല്ല, ഫരീദ, പിന്നെ ഉത്തരപ്രദേശുകാരായ ഹാറൂൻ, കർണാടകക്കാരനായ സിദ്ധാർത്ഥ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ. വിദ്യ അർഥിച്ച ഇവർ അഭയാർഥികളായി മാറുന്നു. ഇതിലെ ഇസബെല്ല എന്ന കഥാപാത്രം ഏറെ സംഘർഷം അനുഭവിക്കുന്നു. ഭവേന്ദുവിന്റെ കഥ ഇതിലേറെ വ്യത്യസ്തമാണ്. കിടപ്പാടം പണയപ്പെടുത്തിയാണ് പാലുകച്ചവടക്കാരായ മാതാപിതാക്കൾ അവളെ പഠിപ്പിക്കുന്നത്. ഭവേന്ദുവാണ് ഏറെ തളർന്നു പോവുന്നത്.
ഒരു പ്രണയവും ഇതിൽ മനോഹരമായി നസീറ വരച്ചിടുന്നു. കോളറ കാലത്തെ പ്രണയം പോലെ യുദ്ധകാലത്തു ഹാറൂണും ഇസബെല്ലയും പ്രണയത്തിലാകുന്നു. ബൈബിളിലെ വിഖ്യാതമായ ഉത്തമ ഗീതം പോലെ ഈ പ്രണയം നസീറ വരച്ചിടുന്നു. എല്ലാ പ്രണയങ്ങളിലും ഉള്ള വർണ കാഴ്ചകൾ ഇവിടെ കാർ മേഘങ്ങളായി മാറുന്നു. സിദ്ധാർഥ് ഇതിലെ വേറിട്ട ഒരു കഥാപാത്രമാണ്. വിപ്ലവ വായാടിത്തമല്ല, പ്രവർത്തനമാണ് തന്റെ കാതൽ എന്നവൻ കാട്ടി തരുന്നു. വായനക്ക് ശേഷവും നാം വായിച്ചു പഠിച്ചു ആവേശരാകുന്ന ചെഗുവേരയെപോലെയുള്ള വീരന്മാർക്കിടയിൽ സിദ്ധാർഥ് ജ്വലിച്ചു നിൽക്കും.
നമുക്കപരിചിതമായ ഒരു നാടും അവിടത്തെ കൃഷിയിടങ്ങളും പാതകളും സംസ്കാരവും ഒക്കെ നമ്മുടെ ഭാഷയിൽ പറിച്ചു നടുന്നത് എളുപ്പമല്ല. പക്ഷെ ഏതു നാട്ടിലും മനുഷ്യൻ ജീവിക്കുന്നെന്നും അവന്റെ വികാര വിചാരങ്ങൾ ഒന്നാണെന്നും ഇത്തരം നോവലുകളിലൂടെ നമ്മിൽ വെളിച്ചമാവുന്നു.
വംശീയ മേൽക്കോയ്മയേയും കുല മഹിമയുടെ വാഴ്ത്തുപാട്ടുകളും എക്കാലവും മാനവികതയ്ക്കു വിഘാതമാണല്ലോ. ഇതും നോവലിസ്റ്റിന്റെ ശ്രദ്ധയിൽ വരുന്നു. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്നാവർത്തിച്ചു പാടി മാത്രമേ വായനക്കാരൻ പുസ്തകം അടച്ചു വെക്കൂ. വികാര നിർഭരമായ രംഗങ്ങളിലൂടെ വായനക്കാരന്റെ കണ്ണുകൾ നിറച്ചാണ് കഥ നസീറ അവസാനിപ്പിച്ചിരിക്കുന്നത്. അത് വായിച്ചു തന്നെ അറിയണം. ഈ നോവൽ വായിക്കാനല്ല, അനുഭവിക്കാനാണ് ക്ഷണിക്കാനുള്ളത്.

അൻവർ ഹുസൈൻ
നിരൂപകൻ